Tuesday
20 Nov 2018

ഉടന്‍ കച്ചവടം തുടങ്ങണം, പഠിച്ച് ഡോക്ടറാവണം: ഹനാന്‍

By: Web Desk | Friday 14 September 2018 5:19 PM IST

കൊച്ചി: വാഹനാപകടത്തില്‍ ചികിത്സയില്‍ കഴിയുന്ന ഹനാനെ കാണാന്‍മന്ത്രി എ സി മൊയ്തീനോട് ”ഉടന്‍ കച്ചവടം തുടങ്ങണം, പഠിച്ച് ഡോക്ടറാകണം, പുതിയ ഹനാനായി തിരിച്ചുവരും” എന്ന ആത്മവിശ്വാസം കലര്‍ന്ന വാക്കുകളായിരുന്നു പറയാനുണ്ടായിരുന്നത്.

ആശുപത്രി വാസം കഴിഞ്ഞാല്‍ ഉടന്‍ മീന്‍ കച്ചവടം ആരംഭിക്കണം. പുതിയ കിയോസ്‌ക് അനുവദിക്കാമെന്ന് മേയര്‍ പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള എല്ലാ സഹകരണവും വേണം ഹനാന്റെ ആവശ്യങ്ങള്‍ മന്ത്രി കേട്ടു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജ്‌മെന്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന ധനസഹായം സ്വീകരിക്കാനും ഹനാനെ സന്ദര്‍ശിക്കാനുമായി എത്തിയതായിരുന്നു മന്ത്രി.

മുന്‍പത്തേക്കാള്‍ ക്ഷീണമാണെന്ന മന്ത്രിയുടെ വാക്കുകള്‍ക്ക് പുതിയ ഹനാനായി തിരിച്ചു വരും എന്ന മറുപടി. ഹനാന്റെ ബന്ധുക്കളെക്കുറിച്ചുള്ള വിവരങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു. പൂര്‍ണ്ണ ആരോഗ്യത്തോടെ ഉടന്‍ ആശുപത്രി വിടാന്‍ കഴിയട്ടെ എന്നും മന്ത്രി ആശംസിച്ചു. ആശുപത്രി വിട്ടാലുടന്‍ മീന്‍ കച്ചവടം തുടങ്ങണമെന്നാണ് ആഗ്രഹമെന്ന് ഹനാന്‍ പറഞ്ഞു. കൂടുതല്‍ പഠിക്കണമെന്നും ഡോക്ടറാകണമെന്നും ഹനാന്‍ മന്ത്രിയോട് പറഞ്ഞു. സമ്മാനമായി പേന മന്ത്രി  നല്‍കി. ഹനാന് കച്ചവടം നടത്താനും ആഗ്രഹിക്കുന്നിടത്തോളം പഠിക്കാനുമുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്ന് മന്ത്രി അറിയിച്ചു.