Thursday
22 Nov 2018

ജിം മേളയുടെ മറവില്‍ ലക്ഷങ്ങള്‍ തട്ടിച്ച വ്യവസായി അറസ്റ്റില്‍

By: Web Desk | Friday 14 September 2018 2:58 PM IST

കൊച്ചി: യു ഡി എഫ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടത്തിയ ജിം മേളയുടെ മറവില്‍ ലക്ഷങ്ങള്‍ തട്ടിച്ച വ്യവസായി അറസ്റ്റില്‍. എറണാകുളം മേനക ജംഗ്ഷനില്‍ ബിസിനസ് ട്രേഡ് സെന്റര്‍ പദ്ധതി നടപ്പിലാക്കാനാണ് യു ഡി എഫ് സര്‍ക്കാരിനെ മറയാക്കിയത്. കേരള ട്രേഡ് സെന്ററില്‍ അപ്പാര്‍ട്മന്റെ് നല്‍കാമെന്നുപറഞ്ഞ് 49 ലക്ഷം തട്ടിയെന്ന പരാതിയില്‍ കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി മുന്‍ ഡയറക്ടര്‍ കെ എന്‍ മര്‍സൂക്കിനെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു.

വൈദ്യപരിശോധനക്ക് വിധേയനാക്കാനെത്തിച്ചപ്പോള്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട മര്‍സൂക്കിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേരള ട്രേഡ് സെന്റര്‍ കെട്ടിടത്തിന്റെ 12ാം നിലയില്‍ മൂന്നാം നമ്പര്‍ അപ്പാര്‍ട്ട്‌മെന്റ് വാഗ്ദാനം ചെയ്ത് മര്‍സൂക്ക്, ആര്‍. ശ്രീനിവാസ് എന്നിവര്‍ പണം തട്ടിയെന്നാരോപിച്ച് തിരുവനന്തപുരം കല്ലറ സ്വദേശി സനകന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. അപ്പാര്‍ട്മന്റിന് 54,40,000 രൂപയാണ് വില പറഞ്ഞിരുന്നത്. 2009 മുതല്‍ ചെക്കായും രൂപയായും പല ഘട്ടങ്ങളിലായി 49 ലക്ഷം രൂപ കൊടുത്തു. എന്നാല്‍, അപ്പാര്‍ട്ട്മെന്‍റ്  വാങ്ങിയ തുകയോ തിരിച്ചുനല്‍കിയില്ല. ചോദിക്കുമ്പോള്‍ കെട്ടിടനിര്‍മാണം പുരോഗമിക്കുകയാണെന്നും ഉടന്‍ പൂര്‍ത്തിയാകുമെന്നുമാണ് പറഞ്ഞിരുന്നത്. പരാതിക്കാരനില്‍ നിന്ന് മര്‍സൂക്ക് പണം വാങ്ങിയതിന് തെളിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് സെന്‍ട്രല്‍ സി ഐ അനന്തലാല്‍ പറഞ്ഞു. തെളിവ് ലഭിക്കാത്തതിനാല്‍ ആര്‍ ശ്രീനിവാസിനെ അറസ്റ്റ് ചെയ്തിട്ടില്ല.