Thursday
24 Jan 2019

സമീപകാല ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും ദേശീയ രാഷ്ട്രീയത്തിന്റെ ഭാവി ഗതിവിഗതികളും

By: Web Desk | Sunday 4 February 2018 10:26 PM IST

രാജസ്ഥാന്‍, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്ന് ലോക്‌സഭയിലേക്കും സംസ്ഥാന അസംബ്ലികളിലേക്കും നടന്ന ഇടക്കാല തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ അപ്രതീക്ഷിതമെന്ന് പറയാനാവില്ല. എന്നാല്‍ അത് ഇക്കൊല്ലം രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവയടക്കം നാല് സംസ്ഥാന നിയമസഭകളിലേക്കും അടുത്തവര്‍ഷം ലോക്‌സഭയിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെയും നിരീക്ഷകരുടെയും കണക്കുക്കുട്ടലുകളെ ഗണ്യമായി സ്വാധീനിക്കാന്‍ പോന്നവയാണ്. അത് തീര്‍ച്ചയായും കേന്ദ്രഭരണം കയ്യാളുന്ന ബിജെപിയുടെ കണക്കുകൂട്ടലുകളുടെ മേല്‍ നിഴല്‍വീഴ്ത്തും. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ രാജസ്ഥാന്റെ രാഷ്ട്രീയ ഭൂപടത്തില്‍ നിന്നും ഏതാണ്ട് പൂര്‍ണമായും തുടച്ചുനീക്കപ്പെട്ട കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്‌സഭാ സീറ്റിലും ഒരു അസംബ്ലി സീറ്റിലും അഭിമാനകരമായ ഭൂരിപക്ഷത്തില്‍ വിജയിക്കാനായി. അവിടെ കോണ്‍ഗ്രസ് ബിജെപിക്കും മുഖ്യമന്ത്രി വസന്ധുരരാജെക്കും കനത്ത വെല്ലുവിളിതന്നെയാണ് ഉയര്‍ത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പ്രകടമാക്കിയ അസാധാരണ പ്രവര്‍ത്തന ഐക്യവും സംഘടനാപരമായ പുനരുജ്ജീവനവും സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമാവും. പശ്ചിമബംഗാളില്‍ വന്‍ പ്രതീക്ഷകളര്‍പ്പിക്കുന്ന ബിജെപിക്കും അവരുടെ രാഷ്ട്രീയ കൗടില്യത്തിനു നേരിട്ട് ചുക്കാന്‍പിടിച്ചിരുന്ന അമിത്ഷായ്ക്കും തെരഞ്ഞെടുപ്പു ഫലം കനത്ത തിരിച്ചടിതന്നെയാണ്. പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്ന ഒന്നുവീതം ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം സൂക്ഷ്മവിശകലനം അര്‍ഹിക്കുന്നു. ഇരു മണ്ഡലങ്ങളിലും കോണ്‍ഗ്രസും സിപിഐ(എം) ഉം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും പരസ്പര ധാരണയോടെയാണ് മത്സരിച്ചിരുന്നത്. ബിജെപിയുടെ ഫാസിസ്റ്റുന്മുഖ രാഷ്ട്രീയത്തിനെതിരെ ദേശീയ ബദലിനെപ്പറ്റി കൂലംകക്ഷചിന്തകളും ചര്‍ച്ചകളും നടക്കുന്ന ഈ ഘട്ടത്തില്‍ പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് അതിന്റേതായ പ്രാധാന്യമുണ്ട്.
ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വരാന്‍പോകുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ കൂട്ടുകെട്ടുകളുടെയും തുടര്‍ന്നുവരുന്ന ഉപതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ ധ്രുവീകരണത്തിലും നിര്‍ണായകമാവും. വിവിധ സംസ്ഥാനങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന പ്രാദേശിക പാര്‍ട്ടികളില്‍ ആഴമേറിയ രാഷ്ട്രീയ മന്ഥനത്തിന്റെ മധ്യത്തിലാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താനായെങ്കിലും ബിജെപിക്കു നേരിടേണ്ടിവന്ന ശക്തമായ ചെറുത്തുനില്‍പും എന്‍ഡിഎയ്ക്കുള്ളിലും പുറത്തുമുള്ള പ്രാദേശിക പാര്‍ട്ടികളിലും ദേശീയ പാര്‍ട്ടികളില്‍ തന്നെയും പുനര്‍വിചിന്തനത്തിന് വഴിതുറന്നിരുന്നു. തമിഴ്‌നാട്, ഒഡിഷ, ബിഹാര്‍, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് ആഴത്തില്‍ വേരോട്ടമുള്ളവയാണ്. ബിഹാറില്‍ നിധീഷ് കുമാറിന്റെ ജെഡിയു, ആന്ധ്രപ്രദേശില്‍ ടിഡിപി, തെലങ്കാനയില്‍ ടിആര്‍എസ്, മഹാരാഷ്ട്രയില്‍ ശിവസേന, തമിഴ്‌നാട്ടില്‍ ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളും ബിജെപിയുമായുള്ള ബലതന്ത്രത്തില്‍ ഉലച്ചില്‍ പ്രകടമാണ്. ഭരണപരാജയത്തിന്റെയും രാഷ്ട്രീയ തിരിച്ചടികളുടെയും പശ്ചാത്തലത്തില്‍ പൊതുതെരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള നീക്കവും ശക്തമാണ്. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഈ സാഹചര്യങ്ങളില്‍ എന്ത് നിലപാടാണ് അവലംബിക്കുക എന്നതും രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റുനോക്കുകയാണ്.
ബൂര്‍ഷ്വാ അധികാര രാഷ്ട്രീയത്തിന്റെ അവിഭാജ്യഘടകങ്ങളായ കുതിരക്കച്ചവടങ്ങള്‍ക്കും എല്ലാ വിലപേശലുകള്‍ക്കും ജാതിസമുദായ പ്രീണനങ്ങള്‍ക്കുമുള്ള വേദിയായി ഇന്ത്യന്‍ രാഷ്ട്രീയം കൂടുതല്‍ ആഴമേറിയ ചെളിക്കുണ്ടിലേക്ക് കൂപ്പുകുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയം ആ പാര്‍ട്ടിയെക്കാള്‍ അധികം ആഘോഷിച്ചത് അപകടകരമായ ജാതിയതകൊണ്ട് രാജ്യത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക അന്തരീക്ഷത്തെ ഏറെ പരുഷവും കലുഷിതവുമാക്കിയ കര്‍ണിസേന കേന്ദ്രങ്ങളാണെന്നത് യാദൃച്ഛികമല്ല. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും അതിന്റെ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും നടത്തിയ മൃദുഹിന്ദുത്വ പ്രകടനവും വിസ്മരിക്കാവുന്നതല്ല. മോഡി ഭരണത്തിനെതിരെ സമീപകാല തെരഞ്ഞെടുപ്പുകളില്‍ പ്രകടമായ ജനരോഷത്തിന്റെ അന്തര്‍ധാര ആ ഗവണ്‍മെന്റിന്റെ സാമ്പത്തിക, രാഷ്ട്രീയ നയങ്ങളോടുള്ള ജനങ്ങളുടെ ചെറുത്തുനില്‍പുതന്നെയാണ്. അതിന് തത്വാധിഷ്ഠിതമായ പ്രകടിത രൂപം നല്‍കുക എന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അതിനു പകരംവയ്ക്കാന്‍ സാമുദായിക, അവസരവാദ സമവാക്യങ്ങള്‍ ആരായുന്നത് രാജ്യത്തിന്റെ ജനാധിപത്യ ഭാവിയുടെ സുസ്ഥിരതയ്ക്ക് അനുഗുണമാവില്ല.

Related News