Saturday
20 Jan 2018

നിതീഷ് കുമാറിനെ ക്ഷണിച്ചിട്ടില്ല; നാളെ സത്യപ്രതിജ്ഞ

By: Web Desk | Saturday 2 September 2017 6:57 PM IST

ന്യൂഡല്‍ഹി: മഹാസഖ്യം പൊളിച്ച് മോഡി പാളയത്തില്‍ തിരിച്ചെത്തിയ നിതീഷ് കുമാര്‍ കടുത്ത നീരസത്തിലാണ്. നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജെഡിയുവിലുള്‍പ്പെട്ട പാര്‍ലമെന്റ് അംഗങ്ങളെ ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് ഡല്‍ഹിയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഞായറാഴ്ച മന്ത്രിസഭ പുനഃസംഘടിപ്പിക്കുവാനാണ് മോഡിയുടെ തീരുമാനം.

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ തലസ്ഥാന നഗരിയില്‍ തകൃതിയായി നടക്കുന്നു. എന്നാല്‍ തനിക്കിതുവരെയും ഇത് സംബന്ധിച്ച ക്ഷണക്കത്ത് ഇതുവരെയും ലഭ്യമായിട്ടില്ല എന്നാണ് നിതീഷ് കുമാറുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. തന്നെ മുന്‍കൂട്ടി ക്ഷണിക്കാത്തതില്‍ നിതീഷ് കുമാര്‍ കടുത്ത അമര്‍ഷത്തിലാണെന്നും രാഷ്ട്രീയവൃത്തങ്ങള്‍ വെളിപ്പെടുത്തി.

നാളെ രാവിലെ 10നാണ്   സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോഡി ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ചൈനയിലേയ്ക്ക് പറക്കും.

 

Related News