Wednesday
24 Oct 2018

അയോധ്യപോലൊന്ന് ഏതുസമയവും പ്രതീക്ഷിക്കാം

By: Web Desk | Tuesday 5 December 2017 10:49 PM IST

ഷിബു ടി ജോസഫ്

ബാബറി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തതിന് ഇരുപത്തഞ്ചാണ്ട് പൂര്‍ത്തിയാകുന്ന ഈ ദിവസത്തിന് തൊട്ടുമുമ്പാണ് പ്രശസ്ത പത്രപ്രവര്‍ത്തകനും ഫ്രണ്ട്‌ലൈന്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്ററുമായ വെങ്കിടേഷ് രാമകൃഷ്ണനെ അപ്രതീക്ഷിതമായി കാണാന്‍ ഇടവന്നത്. സ്വഭാവികമായും സംസാരം അയോധ്യ പ്രശ്‌നത്തിലേക്ക് തന്നെ പോയി. അയോധ്യയില്‍ സംഘര്‍ങ്ങള്‍ ഉരുണ്ടുകൂടാന്‍ തുടങ്ങിയ 1985 കാലം മുതല്‍ ഈ വിഷയത്തെക്കുറിച്ച് കൃത്യമായി പഠിക്കുകയും നിരന്തരം എഴുതുകയും ചെയ്യുക മാത്രമല്ല 1992 ഡിസംബറില്‍ നടന്ന ബാബറി മസ്ജിദ് തകര്‍ച്ച അടക്കമുള്ള നിര്‍ണായക സംഭവങ്ങള്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത ആളാണ് അദ്ദേഹം. തൊഴിലിന്റെ ഭാഗമായി നിരന്തരം അയോധ്യ സന്ദര്‍ശിക്കുന്ന അദ്ദേഹം ഏതാനും മാസങ്ങള്‍ക്ക് മുമ്പും അയോധ്യയിലെത്തി അവിടെ ക്ഷേത്രനിര്‍മ്മാണത്തിന് വേണ്ടി നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളെക്കുറിച്ച് എഴുതിയിരുന്നു.
സംസാരത്തിനിടെ അദ്ദേഹം പറഞ്ഞ പ്രധാന കാര്യം, അയോധ്യയില്‍ നടക്കുന്നതും നടക്കാനിരിക്കുന്നതുമെല്ലാം തന്നെ ഭയപ്പെടുത്തുന്നതും ആശങ്കയിലാഴ്ത്തുന്നതും ആണെന്നാണ്. ഒപ്പം അയോധ്യയെക്കാള്‍ മാരകമായ ചിലത് വൈകാതെ തന്നെ രാജ്യത്ത് സംഭവിക്കാന്‍ ഇടയുണ്ട് എന്ന ഭയമാണ്. അതിനുള്ള ടെസ്റ്റ്‌ഡോസുകളായി വേണം ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടന്ന അക്രമങ്ങളെയും ഗൗരി ലങ്കേഷ് വധംപോലെയുള്ള കൊലപാതകങ്ങളെയും കാണാനെന്നും അദ്ദേഹം വ്യക്തമാക്കി.
2019 ആര്‍ എസ് എസിനും മറ്റ് സംഘപരിവാര്‍ സംഘടനകള്‍ക്കും ബിജെപിക്കും നിര്‍ണായക വര്‍ഷമാണ്. എന്തുവിലകൊടുത്തും അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച് ഭരണത്തുടര്‍ച്ചയുണ്ടാക്കാന്‍ അവര്‍ ശ്രമിക്കുക തന്നെ ചെയ്യും. രാജ്യത്തെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് അടക്കമുള്ളവര്‍ ഇതുവരെയും ബിജെപിയെയും ആര്‍എസ്എസിനെയും പ്രതിരോധിക്കാന്‍ കാര്യമായ സന്നാഹങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും രാജ്യത്തെ പൊതുജനാഭിപ്രായം ബിജെപി ഭരണത്തിനെതിരായിക്കഴിഞ്ഞു എന്ന് മറ്റാരെക്കാളും നന്നായി മനസ്സിലാക്കിയിരിക്കുന്നത് ആര്‍എസ്എസ് നേതൃത്വവും ബിജെപിയും തന്നെയാണ്. പൊതുജനരോഷത്തെ മറികടക്കാന്‍ ഒരൊറ്റ ആയുധം മാത്രമേ അവരുടെ പക്കലുള്ളൂ. എല്ലാക്കാലത്തും ആര്‍എസ്എസ് എടുത്തുപ്രയോഗിച്ച, സംഘപരിവാര്‍ ശക്തികള്‍ മതമെന്നുതന്നെ കരുതുന്ന ഭൂരിപക്ഷ വര്‍ഗീയതയെന്ന വാള്‍ തന്നെയായിരിക്കും ഇനിയുമവര്‍ പ്രയോഗിക്കാന്‍ പോകുന്നത്.
2014ല്‍ വലിയ ഭൂരിപക്ഷം നേടി കേന്ദ്രം പിടിച്ച ബിജെപിക്ക് അവരുടെ തട്ടകമായ വടക്കേ ഇന്ത്യയില്‍ തന്നെ വേരുകള്‍ ഇളകിത്തുടങ്ങിയെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നത് അടുത്തകാലങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും അതിന്റെ ഒരുക്കങ്ങളും വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ഇരുപത് വര്‍ഷവുമില്ലാതിരുന്ന ചങ്കിടിപ്പാണ് ബിജെപിക്ക് ഇപ്പോള്‍ ഗുജറാത്തിലുള്ളത്. തെക്കേ ഇന്ത്യയില്‍ ഇതുവരെയും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായിട്ടുമില്ല. വലിയ അവകാശ വാദങ്ങളോടെ നടപ്പിലാക്കിയ നോട്ട് നിരോധനവും ജിഎസ്ടിയും ബിജെപിക്ക് കനത്ത തിരിച്ചടിയായി. ആളുകളുടെ കണ്ണില്‍ പൊടിയിട്ടുള്ള കടലാസ് പദ്ധതികള്‍ ഉദ്ദേശിച്ച പ്രയോജനമുണ്ടാക്കിയില്ല. രാജ്യത്തെ സാധാരണക്കാര്‍ ബിജെപി ഇനി വരണമെന്ന് ആഗ്രഹിക്കുന്നില്ല എന്ന് സംഘപരിവാര്‍ നേതൃത്വം വ്യക്തമായി തന്നെ മനസ്സിലാക്കിയിട്ടുണ്ട്.
നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും പകിട്ട് കുറഞ്ഞു എന്ന് കണ്ടതുകൊണ്ട് തന്നെയാണ് യോഗി ആദിത്യനാഥിനെപ്പോലെയൊരാളെ ആര്‍എസ്എസ് ഉത്തരപ്രദേശില്‍ പരീക്ഷിക്കുന്നത്. വാജ്‌പേയിയുടെ കാലത്തിന് ശേഷം അദ്വാനി ലക്ഷ്യത്തിലെത്തില്ലെന്ന് കണ്ടപ്പോഴാണ് ഗുജറാത്തില്‍ നിന്ന് നരേന്ദ്രമോഡിയെ ഡല്‍ഹിയിലേക്ക് എത്തിച്ചത്. 2019ല്‍ നരേന്ദ്രമോഡി ഉദ്ദേശിച്ച ഫലം ചെയ്യില്ലെന്ന് കണ്ടാല്‍ ഉത്തര്‍പ്രദേശില്‍ നിന്ന് യോഗിയെ ഇറക്കാന്‍ ആര്‍എസ്എസ് സുസജ്ജരാണ്. യോഗി പോരാതെ വന്നാല്‍ അതിലും വീര്യമുള്ളവരെ ആവനാഴിയില്‍ നിന്നെടുത്ത് തൊടുത്തുവിടാനും ആര്‍എസ്എസ് വരുംകാലങ്ങളില്‍ മടിക്കില്ല. ലക്ഷ്യമാണ് വലുതെന്നും മാര്‍ഗമേതായാലും കുഴപ്പമില്ലെന്നും കരുതുന്ന സംഘപരിവാര്‍ നേതൃത്വത്തെ എല്ലാവരെക്കാളും നന്നായി അറിയുന്ന മോഡിയും അമിത്ഷായും വിജയം കൈപ്പിടിയില്‍ നിന്ന് വഴുതാതിരിക്കാന്‍ ഗുജറാത്തിലെ പാഠങ്ങള്‍ രാജ്യത്ത് മറ്റെവിടെയെങ്കിലും പരീക്ഷിക്കാന്‍ സാധ്യതയേറെയാണ്. അത് ഗുജറാത്തിലെ കലാപം പോലെയോ അയോധ്യയിലെ പള്ളിപൊളിക്കല്‍ പോലെയോ ആയിരിക്കില്ല, മറിച്ച് അതിലും വീര്യംകൂടിയതാകാനാണ് സാധ്യത.
ഒന്നരപ്പതിറ്റാണ്ട് കാലം ഗുജറാത്ത് കൈപ്പിടിയിലൊതുക്കാന്‍ ഒഴുക്കിയ ചോരച്ചാലുകളിലൂടെ ചവിട്ടിയാണ് മോഡിയും അമിത്ഷായും 2019ലേക്ക് പോകുന്നത്. യോഗിയെപ്പോലുള്ളവരും 2019ല്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ട്. കൂടുതല്‍ ചോരയൊഴുക്കുന്നവര്‍ക്കായിരിക്കും ആര്‍ എസ് എസിന്റെ കടാക്ഷമുണ്ടാവുക. ഈ സ്ഥിതിവിശേഷമാണ് മൂന്നുപതിറ്റാണ്ടിലേറെക്കാലം രാജ്യതലസ്ഥാനത്ത് സജീവ മാധ്യമപ്രവര്‍ത്തനം നടത്തുന്ന വെങ്കിടേഷ് രാമകൃഷ്ണനെപ്പോലെയുള്ളവരെ ആശങ്കയിലാഴ്ത്തുന്നത്. 2019ല്‍ മോഡിയായാലും യോഗിയായാലും ആര്‍എസ്എസ് 2014നേക്കാള്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. കയ്യിലെത്തിയ അധികാരം വിട്ടുകൊടുക്കാതിരിക്കാന്‍ മോഡിയും ഷായും എന്തും പരീക്ഷിക്കാമെന്നത് തന്നെയാണ് കരുതിയിരിക്കേണ്ടത്. അതിന് ആര്‍എസ്എസ് വെള്ളവും വളവും വേണ്ടത്ര നല്‍കുകയും ചെയ്യും.

Related News