Thursday
21 Jun 2018

രക്തപരിശോധനയിലൂടെ ക്യാന്‍സര്‍ കണ്ടെത്താം

By: Web Desk | Friday 19 January 2018 10:37 PM IST

മേരിലാന്‍ഡ്:

മനുഷ്യശരീരത്തെ കാര്‍ന്ന് തിന്നുന്ന കാന്‍സര്‍ രോഗത്തെ രക്തപരിശോധനയിലൂടെ കണ്ടെത്താമെന്ന് ഗവേഷകര്‍. എട്ടുതരം കാന്‍സറുകളാണ് അത്യാധുനിക രക്തപരിശോധനയിലൂടെ കണ്ടെത്താമെന്ന് തെളിയിച്ചിരിക്കുന്നത്. വരുംവര്‍ഷങ്ങളില്‍ പുതിയ രക്തപരിശോധനാ സംവിധാനം പൊതുജനത്തിനു ലഭ്യമായിത്തുടങ്ങും. യുഎസിലെ ഗവേഷണ സര്‍വകലാശാലയായ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയാണ് കണ്ടുപിടുത്തം നടത്തിയത്.
യുഎസ്, ഓസ്‌ട്രേലിയ രാജ്യങ്ങളിലെ ഗവേഷകസംഘം 1000 രോഗികളില്‍ നടത്തിയ പരീക്ഷണം വിജയിച്ചു.

ഗര്‍ഭപാത്രം, കരള്‍, പാന്‍ക്രിയാസ്, അന്നനാളം, കുടല്‍, ശ്വാസകോശം, സ്തനം എന്നിവിടങ്ങളിലെ കാന്‍സറാണ് രക്തപരിശോധനയിലൂടെ കണ്ടുപിടിക്കാനാവുക.രക്തപരിശോധനയിലൂടെ മാത്രം കാന്‍സര്‍ കണ്ടെത്താനാകുമെന്നതു ചികില്‍സാമേഖലയില്‍ വന്‍ മാറ്റമുണ്ടാക്കുമെന്നു ഗവേഷണ സംഘത്തിലുണ്ടായിരുന്ന വാള്‍ട്ടര്‍ ആന്‍ഡ് എലിസ ഹാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഫസര്‍ പീറ്റര്‍ ഗിബ്‌സ് പറഞ്ഞു. നിലവില്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങുമ്പോഴാണു പരിശോധന നടത്തുന്നത്. രോഗത്തിന്റെ അവസാനഘട്ടത്തില്‍ ചികില്‍സ തുടങ്ങുന്നതാണ് മരണസംഖ്യ കൂടാനിടയാക്കുന്നത്.

രക്തത്തില്‍ ഒഴുകി നടക്കുന്ന, രൂപമാറ്റം സംഭവിച്ച ഡിഎന്‍എ കണ്ടെത്താമെന്നതാണ് പുതിയ പരിശോധനയുടെ നേട്ടം. ഇതോടൊപ്പം കാന്‍സറുമായി ബന്ധമുള്ള പ്രോട്ടീനുകളും തിരിച്ചറിയാം. പരീക്ഷണഘട്ടത്തില്‍ ഇങ്ങനെ തിരിച്ചറിഞ്ഞ 16 ജീനുകള്‍ കാന്‍സറായി മാറിയത് കണ്ടെത്തി. പരീക്ഷണത്തിനു സന്നദ്ധരായെത്തിയ കാന്‍സറില്ലാത്ത 800 പേരില്‍ നടത്തിയ പരിശോധനയും വിജയമായിരുന്നു. 70 ശതമാനം കൃത്യതയാണു ഗവേഷകര്‍ അവകാശപ്പെടുന്നത്. രോഗം നേരത്തെ കണ്ടെത്തിയാല്‍ ചികില്‍സാച്ചെലവും മരണനിരക്കും കുറയ്ക്കാനാകുമെന്നും ഗവേഷണവിഭാഗം അവകാശപ്പെടുന്നു.

Related News