Wednesday
22 Aug 2018

കാന്‍സര്‍ രോഗനിര്‍ണയത്തിന് മലയാളി കുട്ടികളുടെ തലയണയന്ത്രം

By: Web Desk | Tuesday 12 June 2018 10:55 PM IST

കെ രംഗനാഥ്

ദുബായ്: കാന്‍സര്‍ രോഗനിര്‍ണയത്തിന് തലയണയന്ത്രം കണ്ടുപിടിച്ച മലയാളി പ്രവാസി കുട്ടികള്‍ ശാസ്ത്രലോകത്തെ അത്ഭുതക്കുട്ടികളാവുന്നു.
ഉറങ്ങുമ്പോഴുണ്ടാകുന്ന അമിതമായ വിയര്‍പ്പ് തലയണയിലേക്ക് ആഗിരണം ചെയ്ത് തലയണയ്ക്കുള്ളില്‍വച്ചുതന്നെ പരിശോധനാവിധേയമാക്കി കാന്‍സര്‍ കണ്ടെത്തുന്ന ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് ഫുജൈറ അവര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂളിലെ ഒന്‍പാതം ക്ലാസ് വിദ്യാര്‍ഥികളായ അലോക് ചെണ്ടമ്പത്തും വി സഞ്ജീവും ചേര്‍ന്നാണ്. കഷ്ടിച്ച് രണ്ടായിരം രൂപ വിലയുള്ള ഈ കാന്‍സര്‍ രോഗനിര്‍ണയ തലയണ കാറ്റു കളഞ്ഞശേഷം അതിനുള്ളിലെ ചെറിയ യന്ത്രസംവിധാനങ്ങള്‍ സഹിതം എവിടെയും മടക്കിക്കൊണ്ടുപോകാനും കഴിയും. ഫ്രണ്ട്‌സ് ഓഫ് കാന്‍സര്‍ പേഷ്യന്റ്‌സ് എന്ന സന്നദ്ധസംഘടന നടത്തിയ ശാസ്ത്രമത്സരത്തില്‍ ഇരുവരും വിജയകിരീടം ചൂടി. കാന്‍സര്‍ രോഗം കണ്ടെത്താനുള്ള 75 ഉപകരണങ്ങള്‍ കുട്ടികള്‍ വികസിപ്പിച്ചെടുത്തെങ്കിലും അവയില്‍ മികവുറ്റത് അലോകും സജ്ഞീവും രൂപകല്‍പ്പന ചെയ്തതായിരുന്നു.
കുട്ടികളിലെ കാന്‍സര്‍ രോഗം തുടക്കത്തില്‍ത്തന്നെ കണ്ടെത്താനാവുമെന്നതാണ് ഈ തലയണയന്ത്രത്തിന്റെ സവിശേഷത. ജലാംശം വലിച്ചെടുക്കാന്‍ കഴിയുന്ന സെന്‍സറും അമിത വിയര്‍പ്പുണ്ടാവുമ്പോള്‍ ബീപ് ശബ്ദം പുറപ്പെടുവിക്കുന്ന ബസറും മൊത്തം പ്രവര്‍ത്തനം നിയന്ത്രിക്കുന്ന മൈക്രോ കണ്‍ട്രോളറും കുഞ്ഞു ഡിസ്‌പ്ലേ സ്‌ക്രീനുമായി ഘടിപ്പിച്ചിരിക്കും. സ്‌ക്രീനില്‍കാണുന്ന വിയര്‍പ്പിന്റെ തോതനുസരിച്ച് രോഗനിര്‍ണയവും തുടര്‍ ചികിത്സയും സാധ്യമാകുന്നത് വലിയൊരു കാര്യമാണെന്ന് ഈ ഇളംശാസ്ത്ര പ്രതിഭകള്‍ അഭിമാനപൂര്‍വം പറയുന്നു. തുടക്കത്തില്‍ത്തന്നെ രോഗനിര്‍ണയം നടത്തിയാല്‍ പൂര്‍ണമായി കാന്‍സര്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുമെന്നതിനാല്‍ ഈ കണ്ടുപിടിത്തം വൈദ്യശാസ്ത്രരംഗത്ത് ഒരു നാഴികക്കല്ലാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടുതല്‍ വിലക്കുറവില്‍ വില്‍ക്കാന്‍ സഹായകമായ ഒരു ‘തലയണയന്ത്ര’ ഫാക്ടറി സ്ഥാപിക്കാനും ഈ കൊച്ചുമിടുക്കന്മാര്‍ക്ക് ഉദ്ദേശമുണ്ട്.
മറ്റൊരു ഇന്ത്യന്‍ കുട്ടിയും ദുബായ് ജെംസ് വേള്‍ഡ് അക്കാദമിയിലെ ആറാംക്ലാസുകാരനുമായ അര്‍ണവ് കേഡിയയുടെ കുട്ടികളിലെ കാന്‍സര്‍ കണ്ടെത്താന്‍ കഴിയുന്ന പാവയും സമ്മാനാര്‍ഹമായ ശ്രദ്ധേയ കണ്ടുപിടിത്തമായി.

Related News