Friday
20 Jul 2018

യജമാനന്‍ മരിച്ചു ; വിശന്നുവലഞ്ഞ നായ യജമാനന്റെ മൃതദേഹം ഭക്ഷണമാക്കി

By: Web Desk | Thursday 12 July 2018 10:55 AM IST

ബാങ്കോക്ക് : യജമാനന്‍ മരിച്ചതിനെത്തുടര്‍ന്ന് ഭക്ഷണം നൽകാന്‍ ആരുമില്ലാതെ വിശന്നുവലഞ്ഞ നായ ഒടുവില്‍ യജമാനന്റെ മൃതദേഹം ഭക്ഷണമാക്കി. നായയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ കണ്ടത് യജമാനന്റെ മൃതദേഹം ഭക്ഷിക്കുന്ന നായയെ. ബാങ്കോക്കിലാണ് ദാരുണമായ സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന ഗ്ലെന്‍ പാറ്റിന്‍സണ്‍ എന്ന 62 കാരനെയാണ് വളര്‍ത്തുനായ കുജോ ഭക്ഷണമാക്കിയത്. യജമാനന്‍ മരിച്ചതിനെത്തുടര്‍ന്ന് ഭക്ഷണം കൊടുക്കാൻ ആരുമില്ലാതെ വിശന്നുവലഞ്ഞ നായ ഒടുവില്‍ യജമാനന്റെ മൃതദേഹം ഭക്ഷണമാക്കുകയായിരുന്നു.

നായയുടെ നിര്‍ത്താതെയുള്ള കുരകേട്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി നോക്കുമ്ബോള്‍ കണ്ടത് പാതിയോളം നഷ്ടപ്പെട്ട മനുഷ്യരൂപവും സമീപം വായയില്‍നിന്ന് ചോരയൊലിപ്പിച്ച നിലയില്‍ കുജോയെയുമായിരുന്നു. മൂന്നുവര്‍ഷമായി ഗ്ലെന്‍ ഈ ഭാഗത്ത് താമസമാക്കിയിട്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് യാതൊരു അസൗകര്യവുമുണ്ടാക്കാത്ത രീതിയില്‍ ശാന്തനായി ജീവിച്ചിരുന്ന ഗ്ലെന്‍ സദാസമയവും വളര്‍ത്തുനായക്കൊപ്പമാണ് പുറത്തുപോയിരുന്നതെന്ന് അവര്‍ പറഞ്ഞു. ഓരോ ദിവസവും വ്യത്യസ്തരായ സ്ത്രീകള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയിരുന്നതായും അവര്‍ പറഞ്ഞു.

പ്രമേഹരോഗിയായ ഗ്ലെന്‍, അടുത്തിടെ ആശുപത്രിയെ സമീപിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എങ്കിലും ഇയാള്‍ മരിച്ചത് എങ്ങനെയെന്നുള്ള കാര്യം ഇപ്പോഴും ദുരൂഹമാണ്. കനേഡിയന്‍ പൗരനായ ഗ്ലെന്‍ പാറ്റിന്‍സണ്‍ കുറച്ചുനാള്‍ മുന്‍പാണ് ബാങ്കോക്കില്‍ താമസമാക്കിയത്. സംഭവത്തെക്കുറിച്ചുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരികയാണെന്നും പോലീസ് അറിയിച്ചു.മൃതദേഹം നഗ്‌നമായാണ് കിടന്നിരുന്നതെന്നും, ഗ്ലെന്‍ മരിച്ചിട്ട് 10 ദിവസമെങ്കിലും ആയിട്ടുണ്ടാകാമെന്നും പോലീസ് പറഞ്ഞു.

Related News