Wednesday
22 Aug 2018

സഹകരണ ബാങ്കുകള്‍ക്ക് മൂലധനം നല്‍കണം: എഐസിബിഇഎഫ് ദേശീയ സമ്മേളനം

By: Web Desk | Sunday 28 January 2018 9:21 PM IST

തിരുവനന്തപുരം: കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിനായി സഹകരണ ബാങ്കുകള്‍ക്ക് ആവശ്യമായ മൂലധനം കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കണമെന്ന് ആള്‍ ഇന്ത്യ കോ – ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (എഐസിബിഇഎഫ്) ദേശീയ സമ്മേളനം ആവശ്യപ്പെട്ടു.
സഹകരണ മേഖല നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലാകമാനമുള്ള സഹകരണ ബാങ്കുകള്‍ ആധുനികമായ പരിഷ്‌കാരങ്ങളോടെ അടിമുടി മാറേണ്ടതുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി അഭിപ്രായപ്പെട്ടു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണ ബാങ്കുകള്‍. കാലോചിതമായ പരിഷ്‌കാരങ്ങളോടെ ബാങ്ക് അടിത്തറ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട.് എങ്കില്‍ മാത്രമേ ന്യൂ ജനറേഷന്‍ ബാങ്കുകള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തി ഒരു കാലത്തും നഷ്ടപ്പെടില്ല. ചെറുകിട, കാര്‍ഷിക വ്യവസായങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഗ്രാമങ്ങളുടെ സമ്പദ്‌വ്യവസ്ഥ സഹകരണ ബാങ്കുകളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സഹകരണ പ്രസ്ഥാനം ബലവത്തായ അടിത്തറയുള്ളതാണെന്നും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനം എക്കാലവും ശ്രദ്ധിച്ചുപോരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍ ഗാന്ധി, പ്ലാനിങ് ബോര്‍ഡ് മുന്‍ അംഗം സി പി ജോണ്‍, എഐബിഇഎ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കിടാചലം, എ ഐ ബി ഇ എ ജോയിന്റ് സെക്രട്ടറി കെ എസ് കൃഷ്ണ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി എ വി കൊണ്ടറെഡ്ഡി, ആന്ധ്രപ്രദേശ് (ചെയര്‍മാന്‍), ജി വൈരപ്പന്‍, തമിഴ്‌നാട് (പ്രസിഡന്റ്), തപന്‍ കുമാര്‍ബോസ്, പശ്ചിമബംഗാള്‍ (ജനറല്‍ സെക്രട്ടറി), പി പ്രദീപ്കുമാര്‍, കേരളം (ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി), ഷാജി ജോണ്‍, കേരളം (ജോയിന്റ് സെക്രട്ടറി), അശോക് റോയ്, ബംഗാള്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
തിരുവനന്തപുരം ടാഗോര്‍ സെന്റിനറി ഹാളില്‍ രണ്ടു ദിവസമായി നടന്ന അഖിലേന്ത്യ സമ്മേളനം ഇന്നലെ സമാപിച്ചു.