Tuesday
22 Jan 2019

അരിങ്ങോടരിലൂടെ ക്യാപ്ടൻ രചിച്ച വീരഗാഥ

By: Web Desk | Monday 17 September 2018 7:42 PM IST

ക്യാപ്റ്റന്‍ രാജുവിന്റെ അവിസ്മരണീയ വേഷമായിരുന്നു വടക്കന്‍ വീരഗാഥയിലെ അരിങ്ങോടരുടേത്. അപ്രതീക്ഷിതമായാണ് ആവേഷം ക്യാപ്റ്റനെത്തേടിവന്നതെന്നത് സിനിമയുടെ പിന്നാമ്പുറ ചരിത്രം.
മുമ്പ് സിനിമാതാരങ്ങളെ നിശ്ചയിക്കുന്നത് സംവിധായകനും രചയിതാവുമായിരുന്നു. വടക്കന്‍പാട്ടിന്റെ ചരിത്രം പുനര്‍രചിക്കാന്‍ ഒരുമ്പെടുമ്പോള്‍ എംടിക്കും ഹരിഹരനും വ്യക്തമായ ധാരണ ഓരോ നടന്മാരേയും പറ്റിയുണ്ടായിരുന്നു. ചന്തുവായി മമ്മൂട്ടിയെ നേരത്തേതന്നെ തീരുമാനിച്ചിരുന്നു. ആരോമലായി സുരേഷ്‌ഗോപി തീരുമാനിക്കപ്പെട്ടു.

അരിങ്ങോടരുടെ കരുത്ത് ആവാഹിക്കാന്‍ ആരെവേണമെന്നത് ചെറിയ തര്‍ക്കമായിമാറി. ചില്ലറവേഷമല്ല. തിലകന്‍ വേണമെന്നായിരുന്നു എംടിയുടെ അഭിപ്രായം. എന്നാല്‍ മമ്മൂട്ടിക്കുമുന്നില്‍ കായികമായിക്കൂടി ഉയര്‍ന്നു നില്‍ക്കുന്ന ഒരു കഥാപാത്രമാകണം എന്ന അഭിപ്രായമായിരുന്നുവത്രേ ഹരിഹരന്. അങ്ങനെ വേഷം ക്യാപടന്‍ രാജുവിലേക്കുവന്നു. തിലകന്നൊപ്പം രാജുപൊലിക്കില്ലെന്ന വിമര്‍ശനവും ഒപ്പം വന്നു. എന്നാല്‍ ഹരിഹരന്റെ ചിന്തക്ക് എംടി പിന്തുണ നല്‍കിയതോടെ വേഷം രാജുവിനു നല്‍കി. കഥാപാത്രത്തിന്റെ ഗൗരവം ഹരിഹരന്‍ ക്യാപ്റ്റനിലേക്കു പകര്‍ന്നു, തന്റെ പ്രതീക്ഷയും അതേചൊല്ലിയുണ്ടായ തര്‍ക്കങ്ങളും വ്യക്തമാക്കി.
എന്നാല്‍ എല്ലാവരേയും അതിശയിപ്പിച്ച് ക്യാപ്റ്റന്‍ രാജു അരിങ്ങോടര്‍ക്ക് ജീവന്‍ നല്‍കി. ആയുധവുമായി എതിരിടുന്നവരെ വെറും കയ്യോടെ നേര്‍ക്കുന്ന, കൊലകൊമ്പനോടേറ്റുമുട്ടാനുള്ള മായമറിയുന്ന അരിങ്ങോടരെ മറ്റാര്‍ക്കും ഇത്രമേല്‍ ഭംഗിയാക്കാനാവുമോ എന്ന് തോന്നുംവിധം മറ്റൊരു വീരഗാഥ രചിക്കുകയായിരുന്നു ക്യാപ്റ്റന്‍ രാജു.

 

Related News