Monday
17 Dec 2018

കേന്ദ്രത്തിനെതിരെയുള്ള കേസുകളില്‍ വര്‍ധന

By: Web Desk | Sunday 25 February 2018 8:11 PM IST

ന്യൂഡല്‍ഹി: വിവിധ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള കേസുകളില്‍ വന്‍ വര്‍ധന. ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി 22 വരെയുള്ള രണ്ടുമാസ കാലയളവില്‍ മാത്രം 859 കേസുകളാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി വിവിധ വിഷയങ്ങളില്‍ സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നതെന്ന് നിയമ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ സാമ്പത്തിക-നികുതി പരിഷ്‌കാരങ്ങളെയാണ് ജനങ്ങള്‍ ഏറ്റവുമധികം ചോദ്യം ചെയ്തിരിക്കുന്നത്. ആധാര്‍ വ്യാപകമായി നടപ്പിലാക്കുന്നതിനെതിരെയും നിരവധി സാമൂഹ്യ പ്രവര്‍ത്തകരും സംഘടനകളും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.
ജനകീയ വിഷയങ്ങളോടുള്ള നിഷേധാത്മക സമീപനങ്ങളും ഏകാധിപത്യ പ്രവണതകളും മുഖുമുദ്രയാക്കിയ കേന്ദ്ര സര്‍ക്കാര്‍ എക്‌സിക്യൂട്ടീവിനെ നോക്കുകുത്തിയാക്കിയതാണ് കോടതിയെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍. ജനകീയ സമരങ്ങളെയും ആവശ്യങ്ങളെയും അംഗീകരിക്കാതെ തന്‍ പ്രമാണിത്വത്തോടെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുമ്പോള്‍ നീതി ലഭിക്കാന്‍ മറ്റ് മാര്‍ഗമില്ലാതെയാണ് കോടതികളെ സമീപിക്കുന്നത്.
ആധാര്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പ്രമുഖ കക്ഷികളും സംഘടനകളും പൊതുപ്രവര്‍ത്തകരും രംഗത്തെത്തിയെങ്കിലും പുനഃപരിശോധനയ്‌ക്കോ ചര്‍ച്ചകള്‍ക്കോ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. ഈ സാഹചര്യത്തില്‍ നിരവധി പേര്‍ വിവിധ ഹൈക്കോടതികളെയും സുപ്രിം കോടതിയെയും സമീപിച്ചു. പ്രസ്തുത കേസുകളിലാണ് ആധാര്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ സുപ്രധാനമായ വിധികളുണ്ടായത്.
2017 വര്‍ഷത്തില്‍ 4,229 കേസുകളാണ് കേന്ദ്രത്തിനെതിരെ സുപ്രിംകോടതിയിലെത്തിയത്. മൂന്നുവര്‍ഷംകൊണ്ട് 11,635 കേസുകളാണ് കേന്ദ്രത്തിനെതിരെ പരമോന്നത കോടതിയിലെത്തിയത്. 2016 ല്‍ 3,497 കേസുകളും 2015 ല്‍ 3,909 കേസുകളും സുപ്രിംകോടതിയിലെത്തി. കോര്‍പ്പറേറ്റുകള്‍ക്കു സഹായകമാകുന്ന വിധത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ ഭേദഗതി നടത്താനുള്ള തീരുമാനത്തിനെതിരെയും പ്രക്ഷോഭങ്ങളുണ്ടായെങ്കിലും പുനരാലോചനയ്ക്ക് കേന്ദ്രം തയ്യാറായില്ല. അതുകൊണ്ടുതന്നെ പരമോന്നത കോടതിയെ സമീപിക്കുകയായിരുന്നു പലരും.
നോട്ടുനിരോധനം, ജിഎസ്ടി, നികുതി പരിഷ്‌കരണം എന്നിങ്ങനെ സുപ്രധാനമായ ഭരണകാര്യങ്ങളിലും ഏകപക്ഷീയമായ നടപടികളും ഏകാധിപത്യ പ്രവണതകളുമാണ് കേന്ദ്രം പിന്തുടmodiരുന്നത്. ഫെഡറല്‍ സംവിധാനത്തെ അംഗീകരിക്കാത്ത സമീപനങ്ങളും മോഡി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നു. ഇവയെല്ലാമാണ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമായി തീരുന്നത്. കേന്ദ്രത്തിനെതിരായ കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് അവരിലുള്ള വിശ്വാസക്കുറവിന്റെ ഉദാഹരണമായി കൂടിയാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
അതേസമയം കേസുകളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കെ കേന്ദ്രസര്‍ക്കാരിന്റെ വാദമുയര്‍ത്താന്‍ വേണ്ട അഭിഭാഷകരുടെ എണ്ണം ചുരുങ്ങിയിരിക്കുകയാണെന്നും നിയമമന്ത്രാലയം വ്യക്തമാക്കുന്നു. കഴിഞ്ഞ ഒക്ടോബറില്‍ രഞ്ജിത് കുമാര്‍ രാജിവച്ചതിന് ശേഷം സോളിസിറ്റര്‍ ജനറല്‍ തസ്തികയിലേക്ക് നിയമനം നടത്തിയിട്ടില്ല.
അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും അഞ്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരുമാണ് സുപ്രിംകോടതിയില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നത്. മനീന്ദര്‍ സിങ്, തുഷാര്‍ മേത്ത, പി എസ് നരസിംഹ,പിങ്കി ആനന്ദ്, ആത്മാറാം നട്കര്‍ണി എന്നിവരാണ് നിലവിലുള്ള അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍. പി എസ് പട്വാലി, എന്‍ കെ കൗള്‍ എന്നിവര്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സ്ഥാനം കഴിഞ്ഞ ജൂലൈയില്‍ ഒഴിഞ്ഞിരുന്നു. പുറമെ ഒമ്പത് എഎസ്ജിമാര്‍ വിവിധ ഹൈക്കോടതികളില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നുണ്ട്. എഎസ്ജിമാരായി നാല് പേരെ നിയമിക്കുന്നതിനുള്ള ശുപാര്‍ശ നിയമമന്ത്രാലയം സമര്‍പ്പിച്ചിട്ടും ഇതുവരെ നടപടികളായിട്ടില്ല.

Related News