Monday
17 Dec 2018

നാനാ പടേക്കര്‍ക്കെതിരെ കേസെടുത്തു

By: Web Desk | Thursday 11 October 2018 10:18 PM IST

മുംബൈ: ബോളിവുഡ് താരം തനുശ്രീ ദത്തയുടെ ലൈംഗിക അതിക്രമ പരാതിയില്‍ നടന്‍ നാനാ പടേക്കര്‍ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. നിര്‍മാതാവ് സമി സിദ്ദീഖി, നൃത്ത സംവിധായകന്‍ ഗണേശ് ആചാര്യ, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവര്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. തനുശ്രീയുടെ പരാതിയില്‍ എന്തു നടപടിയെടുത്തു എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വനിതാ കമ്മിഷന്‍ മുംബൈ പൊലീസിന് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ പൊലീസിന്റെ നടപടി.

ഐപിസി സെക്ഷന്‍ 354,509 പ്രകാരമാണ് നാനാ പടക്കേര്‍ക്കെതിരെ കേസെടുത്തത്. ഇപ്പോള്‍ അറസ്റ്റുണ്ടാകില്ലെന്നും കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും എ സി പി മനോജ് കുമാര്‍ ശര്‍മ്മ മാധ്യമങ്ങളോട് വ്യക്തമാക്കി. 2008ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ ഗാനചിത്രീകരണ വേളയിലാണ് നാനാപടേക്കര്‍ തനുശ്രീ ദത്തയ്ക്ക് നേരെ ലെംഗിക അതിക്രമം നടത്തിയത്. പത്തു വര്‍ഷത്തിന് ശേഷം തനുശ്രീദത്ത ഇതേക്കുറിച്ച് നടത്തിയ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ഇത് ഇന്ത്യയില്‍ ‘മീ ടു’ ക്യാമ്പയിന് തുടക്കം കുറിക്കുന്നതിലേക്ക് നയിച്ചു. പിന്നീട് നിരവധി പേരാണ് ചലച്ചിത്ര മാധ്യമ മേഖലയിലെ ഉന്നതര്‍ക്കെതിരെ ലൈംഗിക അതിക്രമ ആരോപണങ്ങളുമായെത്തിയത്.

എന്നാല്‍ തനുശ്രീയുടെ ആരോപണം കള്ളമാണെന്ന് വാദവുമായി നാനപടേക്കര്‍ രംഗത്തെത്തിയിരുന്നു. നൂറോളം പേര്‍ക്ക് മുന്നില്‍ വച്ച് താന്‍ എന്ത് പീഡനം നടത്താനാണെന്നും ആരോപണത്തെ നിയമപരമായി നേരിടാന്‍ പോവുകയാണെന്നുമായിരുന്നു നാന പടേക്കറിന്റെ പ്രതികരണം. ബോളിവുഡിലേക്ക് തിരിച്ചു വരാനായി തനുശ്രീ സൃഷ്ടിച്ച ഒരു വിവാദമാണിതെന്നാണ് ഹോണ്‍ ഓകെ പ്ലീസ് സംവിധായകന്‍ രാകേഷ് സാരംഗ് പ്രതികരിച്ചത്.
സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയ്ക്ക് എതിരേയും ആരോപണവുമായി തനുശ്രീ രംഗത്തെത്തിയിരുന്നു. 2005ല്‍ പുറത്തിറങ്ങിയ ‘ചോക്ലേറ്റ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം. ഷൂട്ടിനിടെ താന്‍ സീനില്‍ ഇല്ലാതിരുന്നിട്ട് കൂടി തന്നോട് വസ്ത്രങ്ങള്‍ അഴിച്ച് ഇര്‍ഫാന്‍ ഖാന് മുന്നില്‍ നൃത്തം ചെയ്യാനും അഗ്‌നിഹോത്രി ആവശ്യപ്പെട്ടുവെന്നായിരുന്നു തനുശ്രീയുടെ ആരോപണം. അന്ന് തന്റെ രക്ഷക്കെത്തിയത് സഹതാരങ്ങളായ സുനില്‍ ഷെട്ടിയും ഇര്‍ഫാന്‍ ഖാനും ആണെന്നും തനുശ്രീ പറഞ്ഞിരുന്നു.