Thursday
15 Nov 2018

തുടര്‍ച്ചയായ അപകടം: ദേശീയപാത അതോറിറ്റിക്കെതിരെ നരഹത്യക്ക് കേസ്

By: Web Desk | Wednesday 26 September 2018 8:08 PM IST

തൃശൂര്‍: ദേശീയപാത അതോറിറ്റി ചെയര്‍മാനുള്‍പ്പെടെ ഒമ്പത് ഉദ്യോഗസ്ഥര്‍ക്കെതിരെ പീച്ചി പോലീസ് മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു. മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത ശോചനീയാവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിവിധ വാഹനാപകടങ്ങളിലായി പതിനെട്ട് പേര്‍ മരിച്ച സംഭവത്തിലാണ് കോടതി നിര്‍ദ്ദേശപ്രകാരം പീച്ചി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ യാദ്വീര്‍ സിംഗ് മാലിക്, പ്രൊജക്ട് എഞ്ചിനീയര്‍ എ ബി അജിത്കുമാര്‍, ദേശീയപാത കരാറെടുത്ത കെ എം സി യുടെ ഉപസ്ഥാപനമായ തൃശൂര്‍ എക്‌സ്പ്രസ് വേ ഡയറക്ടര്‍മാരായ പ്രതികുമാര്‍, മേഖാപതി റെഡ്ഡി, വിക്രം റെഡ്ഡി, ശ്രീരാമുള്ള നാഗേഷ് റെഡ്ഡി, രമേഷ് അദൂരി, രാജേഷ് ശ്രീനിവാസ് തുടങ്ങിയവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ദേശീയപാത നിര്‍മ്മാണത്തില്‍ അമ്പത്തഞ്ചിലേറെ ജീവനുകളാണ് നഷ്ടപ്പെട്ടത്. കുതിരാനിലുണ്ടായ അപകട മരണങ്ങളില്‍ ദേശീയപാത അതോറിറ്റിക്കും കരാര്‍ കമ്പിനിക്കും എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സി എന്‍ ജയദേവന്‍ എം പി യും കെ രാജന്‍ എം എല്‍ എ യും ആവശ്യപ്പെട്ടിരുന്നു. അപകടങ്ങള്‍ മുന്‍നിര്‍ത്തി ബോധപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാന്‍ നിയമം അനുശാസിക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന്റേതായിരുന്നു പാതയെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമായിരുന്നെന്നും മന്ത്രി ജി സുധാകരന്‍ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.
മണ്ണുത്തി മുതല്‍ വടക്കഞ്ചേരി വരെ നടക്കുന്ന ഹൈവേ നിര്‍മ്മാണം അശാസ്ത്രീയമാണെന്ന് മുമ്പേ ആരോപണമുയര്‍ന്നതാണ്. പ്രകൃതിദത്ത കനാലുകള്‍ മൂടുകയും, അശാസ്ത്രീയമായ കാന നിര്‍മ്മാണവും മൂലം മഴക്കാലത്ത് വലിയ വെള്ളക്കെട്ടുകള്‍ രൂപം കൊള്ളുന്നുണ്ട്. റോഡ് നിര്‍മ്മാണത്തിനു മുമ്പേ തകരാനും അപകടങ്ങള്‍ക്കും ഇത് കാരണമായി.ദേശീയപാത നിര്‍മ്മാണത്തിലുണ്ടായ കാലതാമസം കാരണം ഈ പ്രദേശങ്ങളിലുണ്ടായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് ദേശീയപാത അതോറിറ്റിയും കരാറുകാരും ഉത്തരം പറയണമെന്നും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും മന്ത്രി സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. ദേശീയപാത അധികൃതരുടേയും കരാര്‍ കമ്പനിയുടേയും അനാസ്ഥയ്‌ക്കെതിരെ അഡ്വ.ഷാജി ജെ കോടങ്കണ്ടത്ത് നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് ഇപ്പൊഴത്തെ പോലീസ് നടപടി.

Related News