Monday
23 Jul 2018

ജാതിവിവേചനം അന്താരാഷ്ട്ര പരിശോധനയ്ക്ക് വിധേയമാക്കണം

By: Web Desk | Friday 29 December 2017 10:53 PM IST

അബ്ദുള്‍ നാസര്‍
പ്രിയ അനുരംഗിണി

ജാതിയുടെ പേരിലുള്ള വിവേചനത്തിന്റെ ഭാഗമായി പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അധിക്ഷേപങ്ങളും അവഗണനകളും വര്‍ധിച്ചുവരുന്നു. പട്ടികജാതിയില്‍ ജനിച്ചുപോയെന്ന പേരില്‍ അതില്‍ നിന്നും ഒരിക്കലും ഒരു മോചനമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഭരണഘടനാ ശില്‍പിയായ ഡോ. ബി ആര്‍ അംബേദ്കര്‍ തന്റെ അനിഹിലേഷന്‍ ഓഫ് കാസ്റ്റ് എന്ന പുസ്തകത്തില്‍ ഈ അവഹേളനങ്ങളെ സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ നല്‍കിയിരുന്നു. പട്ടികജാതിക്കാരെ സംബന്ധിച്ചിടത്തോളം അഥവാ ദളിതരെ സംബന്ധിച്ചിടത്തോളം ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും ഭരണഘടന വാഗ്ദാനം ചെയ്യും. എന്നാല്‍ ഇതു പലപ്പോഴും അംഗീകരിക്കപ്പെടാറില്ല എന്നതാണ് വസ്തുത. ഈ വിവേചനം വിശുദ്ധ പുസ്തകങ്ങള്‍ പ്രകാരം അംഗീകരിക്കപ്പെട്ടതാണെന്ന ധാരണ പകരാനും കഴിയുന്നുണ്ട്. ഈ തലതിരിഞ്ഞ സാമൂഹ്യ രാഷ്ട്രീയ വിവേചനത്തിന് തടയിടാന്‍ രാഷ്ട്രീയ സംവിധാനങ്ങള്‍ക്കും കഴിയുന്നില്ല. അതുകൊണ്ടുതന്നെ ഈ വിവേചനങ്ങള്‍ പട്ടികജാതിക്കാരെ സംബന്ധിച്ചിടത്തോളം അഥവാ ദളിതരെ സംബന്ധിച്ചിടത്തോളം എന്നും വേട്ടയാടുന്ന ഒരു ഘടകമായി തുടരുന്നു. അതെല്ലാംതന്നെ അവര്‍ പേറുകയും ചെയ്യുന്നു. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഇതിന് തടയിടുന്നതില്‍ പരാജയപ്പെടുന്നു. അത് ബോധപൂര്‍വമോ അല്ലയോ എന്നുള്ളത് മറ്റൊരു കാര്യം.
ജാതിയുടെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൂരമായ അതിക്രമങ്ങളാണ് പട്ടികജാതിക്കാര്‍ക്കെതിരെ ഉണ്ടാകുന്നത്. ജാതിയുടെ പേരില്‍ കല്‍പിച്ചുകിട്ടിയ തൊഴില്‍ ചെയ്തതിന് ഗുജറാത്തിലെ ഉനായില്‍ പട്ടികജാതിക്കാര്‍ ഗോസംരക്ഷകരുടെ ആക്രമണത്തിന് ഇരയായി. ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ച് ദളിത് നേതാവായ ചന്ദ്രശേഖര്‍ റവാനെ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ചന്ദ്രശേഖറിനെതിരെ ചുമത്തിയിട്ടുള്ള കുറ്റം രാഷ്ട്രീയ പ്രേരിതമാണെന്നും അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചിട്ടും ചന്ദ്രശേഖറിനെ തടങ്കലിലാക്കി.
ദളിതര്‍ക്കെതിരെ രാജ്യത്ത് അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നുണ്ട്. ഇന്നും ദളിതരെ തോട്ടിപ്പണിക്കായി ഉപയോഗിക്കുന്നുണ്ടെന്നും ഇത് തികച്ചും ജാതിയുടെ പേരിലുള്ള അധിക്ഷേപമാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. ഇത്തരം പ്രവണതകള്‍ക്കെതിരെ രാജ്യത്ത് നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും ഇതൊന്നും പ്രാവര്‍ത്തികമാകാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ജാതിയുടെ പേരിലുള്ള വിവേചനം തികച്ചും ഒരു വര്‍ഗീയ വിവേചനം തന്നെയാണ്. ഇതിന് ദൃശ്യമായ ഒത്തിരിയേറെ ഉദാഹരണങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ലോകത്തെ വംശീയ വിവേചനം ഇല്ലാതാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ദി ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓണ്‍ ദി എലിമിനേഷന്‍ ഓഫ് റേഷ്യല്‍ ഡിസ്‌ക്രിമിനേഷന്‍ (സെര്‍ഡ്). പട്ടികജാതിക്കാര്‍ക്കെതിരെ ഉണ്ടാകുന്ന ജാതീയമായ അധിക്ഷേപങ്ങളും വിവേചനങ്ങളും കുറയ്ക്കുന്നതിന് എന്ത് നടപടിയെടുത്തു എന്ന കാര്യം സംബന്ധിച്ച് ഓരോ രണ്ട് വര്‍ഷത്തിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അംഗരാജ്യങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ ഇത് പലപ്പോഴും നടക്കാറില്ലെന്നതാണ് വസ്തുത.
ജാതി, വര്‍ഗം, നിറം, വംശീയം എന്നിവയുടെ പേരില്‍ ഏതെങ്കിലും തരത്തിലുള്ള വിവേചനമുണ്ടായാല്‍ അതിനെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും സ്വീകരിച്ച നടപടി വസ്തുനിഷ്ടമായി രേഖപ്പെടുത്തി സമര്‍പ്പിക്കണമെന്നുമാണ് സെര്‍ഡ് യോഗം തീരുമാനിച്ചത്. എന്നാല്‍ ജാതി എന്ന വാക്ക് കണ്‍വന്‍ഷന്‍ അംഗീകരിച്ച കരട് പ്രമേയത്തിലില്ലെന്നും വര്‍ഗം എന്ന വാക്കാണ് ഉപയോഗിച്ചിട്ടുള്ളതെന്നും അതുകൊണ്ടുതന്നെ രണ്ട് വര്‍ഷത്തിലൊരിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട ആവശ്യമില്ലെന്ന നിലപാടാണ് ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഭരണഘടനയുടെ ഊടുവഴികള്‍ പരതിയാണ് സര്‍ക്കാരുകളുടെ ഈ ഒളിച്ചുകളി. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം സംബന്ധിച്ച കരടില്‍ ജാതി എന്ന വാക്ക് ഉപയോഗിക്കണമെന്ന് ഇന്ത്യന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹവും തയാറായിരുന്നില്ല. സാമൂഹിക ഉല്‍പത്തി എന്ന പ്രയോഗത്തില്‍ ജാതിയും ഉള്‍പ്പെടുന്നുവെന്ന നിലപാട് ഐക്യരാഷ്ട്രസഭയും സ്വീകരിച്ചു. അതായത് ദളിതര്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ തടയുന്നതില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലും അത്രമാത്രം ശക്തമല്ല.
പട്ടികാജാതിക്കാര്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ തടയുന്നതിനും അത് പരിഹരിക്കുന്നതിനുമുള്ള നിരവധി നിര്‍ദേശങ്ങളാണ് സെര്‍ഡ് മുന്നോട്ടുവച്ചത്. മതത്തിന്റെ പേരില്‍ ദളിതര്‍ക്ക് ലഭിക്കേണ്ട ഒരാനുകൂല്യവും നഷ്ടപ്പെടരുതെന്നതാണ് ഇതിലാദ്യത്തേത്. എന്നാല്‍ ഇന്ത്യയില്‍ ഇതിന് വ്യത്യസ്തമായ നിലപാടാണ് ഇപ്പോഴും തുടരുന്നത്. ദളിതര്‍ ഇസ്‌ലാം മതമോ ക്രിസ്ത്യന്‍ മതമോ സ്വീകരിച്ചാല്‍ അവര്‍ക്ക് പട്ടികജാതിക്കാരുടെ ആനുകൂല്യം ലഭിക്കുന്നില്ല. സിഖുകാര്‍, ബുദ്ധിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള ഹിന്ദുവിഭാഗത്തില്‍പെട്ട ദളിതര്‍ക്ക് മാത്രമാണ് പട്ടികജാതിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. ഇതിനെതിരെ പട്ടികജാതിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് നിയോഗിച്ച ഗോപാല്‍ സിങ് കമ്മിറ്റി ശക്തമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. 1983 ലെ ഈ കമ്മിറ്റി റിപ്പോര്‍ട്ടിന് 1950 ലെ രാഷ്ട്രപതിയുടെ ഉത്തരവിന്റെ പിന്‍ബലത്തിലാണ് ഇപ്പോഴും സര്‍ക്കാരുകള്‍ അവഗണിക്കുന്നത്. ഒരാള്‍ മതപരിവര്‍ത്തനത്തിന് വിധേയനായാലും അയാളുടെ ജാതിമാറുന്നില്ലെന്ന് സുപ്രിം കോടതിയും നിരീക്ഷിച്ചു. എന്നാല്‍ ഇതൊക്കെതന്നെ നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ തയാറാകുന്നില്ല.
ദളിതര്‍ക്കുള്ള നിയമപരമായ ആനുകൂല്യങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് ലഭ്യമാക്കാനുള്ള നടപടികളിലൂടെ സ്വീകരിക്കണമെന്നും സെര്‍ഡ് ശുപാര്‍ശ ചെയ്തു. എന്നാല്‍ ഇത് വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ല. ജാതിയുടെ പേരിലുള്ള അതിക്രമങ്ങളുടെ പേരില്‍ ദളിതര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്നും സംരക്ഷണം നല്‍കണമെന്നും സെര്‍ഡ് ശുപാര്‍ശ ചെയ്തു. എന്നാല്‍ സെര്‍ഡിന്റെ ഈ ശുപാര്‍ശകളൊന്നുംതന്നെ രാജ്യത്ത് നടപ്പാക്കിയിട്ടില്ല. ഇതൊക്കെ പ്രാവര്‍ത്തികമാകാതെ കടലാസിലൊതുങ്ങുന്നു. നൂറ്റാണ്ടുകളായി നിലനിന്ന ഈ ജാതിവിവേചനം പൊടുന്നനെ അവസാനിപ്പിക്കാനുള്ള മാന്ത്രിക വടിയൊന്നുമില്ലായെന്നത് വസ്തുത.
എന്നാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിനായുള്ള ദേശാന്തര ചര്‍ച്ചകളും സമ്മര്‍ദ്ദങ്ങളും അനുകൂല ദിശയിലേക്ക് കാര്യങ്ങള്‍ നയിക്കുമെന്ന് ഉറപ്പ്. പട്ടികജാതിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടുകള്‍ 2008 മുതല്‍ ഇന്ത്യ സമര്‍പ്പിച്ചിട്ടില്ല. നിലവില്‍ പട്ടികജാതിക്കാര്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നു. ഇത് തടയുകയും തടയാന്‍ സ്വീകരിച്ച നടപടികള്‍ സെര്‍ഡിന് സമര്‍പ്പിക്കുകയും ചെയ്യുന്നത് അത്യവശ്യമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ അതിക്രമങ്ങള്‍ക്ക് വിധേയമാകുന്ന ദളിതരെ സംരക്ഷിക്കുന്നതിനും അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണം.
(ദി വയര്‍)