Wednesday
21 Nov 2018

കാവേരി വിഷയത്തില്‍ കര്‍ണാടക സുപ്രിം കോടതിയിലേക്ക്

By: Web Desk | Saturday 30 June 2018 8:41 PM IST

ന്യൂഡല്‍ഹി: കാവേരി വിഷയത്തില്‍ കാവേരി മാനേജ്‌മെന്റ് അതോറിറ്റി രൂപീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരേ സുപ്രിം കോടതിയെ സമീപിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. മോഹന്‍ കട്ടാര്‍കി, ഫാലി എസ് നരിമാന്‍, കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ എന്നിവരാണ് വിഷയത്തില്‍ സര്‍ക്കാരിനു വേണ്ടി സുപ്രിം കോടതിയില്‍ ഹാജരാകുന്നത്. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാമെന്ന് കര്‍ണാടകയില്‍നിന്നുള്ള എംപിമാര്‍ യോഗത്തില്‍ സമ്മതിച്ചു.
പതിറ്റാണ്ടുകളായി തുടരുന്ന കാവേരി ജലവിതരണ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രം അടുത്തിടെ കാവേരി വാട്ടര്‍ മാനേജ്‌മെന്റ് അതോറിറ്റി രൂപീകരിച്ചിരുന്നു. ഫെബ്രുവരി 16നു വന്ന സുപ്രിം കോടതി വിധിയുടെ പ്രധാന നിര്‍ദേശങ്ങളിലൊന്നായിരുന്നു അതോറിറ്റി രൂപീകരണം. ആറ് ആഴ്ചക്കുള്ളില്‍ അതോറിറ്റി രൂപീകരിക്കണമെന്നായിരുന്നു നിര്‍ദേശമെങ്കിലും അടുത്തിടെയാണ് ചെയര്‍മാന്‍ അടക്കം പത്തംഗ അതോറിറ്റി രൂപീകരിക്കുന്നതായി കേന്ദ്രം വിജ്ഞാപനം ഇറക്കിയത്.
കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുടെ പ്രതിനിധികളും കാവേരി വാട്ടര്‍ മാനേജ്‌മെന്റ് അതോറിറ്റിയില്‍ അംഗങ്ങളാണ്. ജലം സുലഭമായ മാസങ്ങളിലും അല്ലാത്തപ്പോഴും ഈ അതോറിറ്റി ആയിരിക്കും തമിഴ്‌നാട്, കര്‍ണാടക, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് കാവേരിയില്‍നിന്നു നല്‍കുന്ന വെള്ളത്തിന്റെ അളവും മറ്റുവിഷയങ്ങളും തീരുമാനിക്കുക.
കാവേരി മാനേജ്‌മെന്റ് അതോറിറ്റിയിലേക്ക് കര്‍ണാടക അടുത്തിടെ രണ്ട് ഉദ്യോഗസ്ഥരെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തിരുന്നു. കാവേരി വാട്ടര്‍ മാനേജ്‌മെന്റ് അതോറിറ്റി രൂപവത്കരിച്ചതില്‍ എതിര്‍പ്പറിയിച്ച് കര്‍ണാടകം തുടക്കത്തില്‍ പ്രതിനിധിയെ നിയോഗിച്ചിരുന്നില്ല. ഇത് വിവാദമായതിനെത്തുടര്‍ന്നാണ് പ്രതിനിധികളെ നിയോഗിച്ചത്.
ജൂലൈ രണ്ടിനു നടക്കുന്ന യോഗത്തില്‍ അതോറിറ്റിയിലെ കര്‍ണാടകയുടെ പ്രതിനിധികള്‍ പങ്കെടുക്കുകയും കര്‍ണാടകയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുമെന്ന് ജലവിതരണ വകുപ്പു മന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞു. അതോറിറ്റി രൂപീകരിക്കുന്നതില്‍ തിടുക്കം കാണിക്കരുതെന്ന കര്‍ണാടകയുടെ ആവശ്യം നിരസിച്ചാണ് കേന്ദ്രം അതോറിറ്റി രൂപീകരിച്ചതെന്നു മന്ത്രി കുറ്റപ്പെടുത്തി. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്കെടുക്കണം എന്നത് നിര്‍ബന്ധമാണെങ്കിലും അതുവരെ കാത്തിരിക്കാന്‍ കഴിയില്ല എന്നതിനാലാണ് പ്രശ്‌നം അടിയന്തരമായി ഉന്നയിക്കാന്‍ എംപിമാരോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മികച്ച മഴ ലഭിച്ചതിനെ തുടര്‍ന്ന് കാവേരി നദിയിലെ നാല് അണക്കെട്ടുകളിലെയും ജലനിരപ്പ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഉയര്‍ന്ന നിലയിലാണ്. കബനി അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിക്കു തൊട്ടടുത്താണ്. കൃഷ്ണരാജ സാഗര്‍, ഹരംഗി, ഹേമാവതി എന്നീ അണക്കെട്ടുകളിലെയും സ്ഥിതി ഭിന്നമല്ല.
മുഖ്യമന്ത്രി കുമാരസ്വാമി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ പങ്കെടുത്തെങ്കിലും സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ വിട്ടുനിന്നു.

Related News