Tuesday
22 Jan 2019

സിബിഐ വിവാദം; കൂടുതല്‍ ദുരൂഹതകളിലേക്ക്

By: Web Desk | Saturday 12 January 2019 10:34 PM IST

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ പദവിയില്‍ നിന്നും അലോക് വര്‍മ്മയെ പുറത്താക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ തുടര്‍ന്നുള്ള വിവാദം കൂടുതല്‍ ദുരൂഹതകളിലേക്ക്. സിബിഐയില്‍ പിടിമുറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടിക്രമങ്ങള്‍ കാറ്റില്‍പറത്തി ഡയറക്ടറെ പുറത്താക്കിയതെന്ന പുതിയ വെളിപ്പെടുത്തലുകള്‍ കേന്ദ്രസര്‍ക്കാരിനെ വീണ്ടും പ്രതിക്കൂട്ടിലാക്കി. കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ അലോക് വര്‍മയെ സന്ദര്‍ശിച്ച് രാകേഷ് അസ്താനയ്‌ക്കെതിരായ കടുത്ത പരാമര്‍ശങ്ങള്‍ ഒഴിവാക്കിയാല്‍ നല്ല ഭാവിയുണ്ടാകുമെന്ന് വാക്കു നല്‍കിയെന്ന വാര്‍ത്തയും പുറത്തുവന്നു.

വര്‍മ്മയെ മാറ്റിയത് പ്രധാനമന്ത്രിയുടെ നിക്ഷിപ്ത താല്‍പര്യപ്രകാരമാണെന്ന ആരോപണം ശരിവച്ചുകൊണ്ട് സിബിഐ ഡയറക്ടറുടെ ചുമതലയുള്ള നാഗേശ്വര്‍ റാവു അഴിമതി അന്വേഷണക്കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവും പുറപ്പെടുവിച്ചു. പ്രധാനമന്ത്രിയുടെ സെക്രട്ടറിക്കെതിരായ അന്വേഷണം അവസാനിപ്പിച്ചാണ് ഉത്തരവിറക്കിയത്. ഇതും ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്.

വര്‍മയ്‌ക്കെതിരായ ആരോപണത്തില്‍ തെളിവുകളില്ലെന്ന് കേസില്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ നടത്തിയ അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന വിരമിച്ച സുപ്രീം കോടതി ജഡ്ജി എ കെ പട്‌നായിക് പറഞ്ഞു. ആവശ്യമായ രേഖകളൊന്നും പരിശോധിച്ച ശേഷമായിരുന്നില്ല നടപടിയെന്നും ആരോപണമുണ്ട്. ജസ്റ്റീസ് പട്‌നായികിന്റെ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ സെലക്ഷന്‍ സമിതിയിലെ മറ്റ് അംഗങ്ങള്‍ തയാറായില്ലെന്ന് സമിതി അംഗം മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വെളിപ്പെടുത്തിയിട്ടുണ്ട്.

അലോക് വര്‍മ്മയെ മാറ്റിയത് തിടുക്കത്തില്‍ എടുത്ത തീരുമാനമാണെന്നും അലോക് വര്‍മ്മ അഴിമതി നടത്തിയെന്ന കണ്ടെത്തല്‍ തന്റേതല്ലെന്നും ടെലഗ്രാഫ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ജസ്റ്റിസ് പട്‌നായിക് തുറന്നടിച്ചു. കേന്ദ്ര വിജിലന്‍സ് കമ്മിഷന്റേതാണ് ഈ കണ്ടെത്തല്‍. സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വര്‍മ്മയ്‌ക്കെതിരായി അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. അസ്താന നേരിട്ട് തന്റെ മുന്നില്‍ വന്ന് മൊഴി നല്‍കിയിട്ടില്ല. അസ്താനയുടെ മൊഴി എന്ന പേരില്‍ രണ്ട് പേജ് തനിക്ക് നല്‍കുകയായിരുന്നെന്നും ജസ്റ്റിസ് പട്‌നായിക് വ്യക്തമാക്കി. ഇടനിലക്കാരനായിരുന്ന സതീഷ് സനയുടെ മൊഴി തന്റെ സാന്നിധ്യത്തിലാണ് രേഖപ്പെടുത്തിയത്. അലോക് വര്‍മ്മ നേരിട്ട് സിവിസിക്ക് മുന്നില്‍ തന്റെ വാദഗതികള്‍ അവതരിപ്പിച്ചുവെന്നും ജസ്റ്റിസ് പട്‌നായിക്ക് പറഞ്ഞു.

സുപ്രിംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് സിബിഐ ഡയറക്ടര്‍ പദവിയില്‍ തിരിച്ചെത്തി 48 മണിക്കൂര്‍ തികയുംമുമ്പായിരുന്നു അലോക് വര്‍മ്മയെ വീണ്ടും പുറത്താക്കിയത്.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ അസ്താന നല്‍കിയ പരാതിയാണ് കാബിനറ്റ് സെക്രട്ടറി സിവിസിക്ക് കൈമാറിയത്. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിലേറെയും അസ്താനയുടെ ആരോപണങ്ങളായിരുന്നു. കാബിനറ്റ് സെക്രട്ടറിയുടെ ഓഗസ്റ്റ് 24ലെ കുറിപ്പില്‍ വര്‍മയ്ക്കുനേരെ ഉന്നയിക്കുന്ന ആരോപണങ്ങളാണ് ജസ്റ്റിസ് പട്‌നായിക്കിന്റെ മേല്‍നോട്ടത്തില്‍ സിവിസി അന്വേഷിച്ചത്. സിവിസി റിപ്പോര്‍ട്ടില്‍ വര്‍മയ്‌ക്കെതിരേ പത്തിലേറെ കുറ്റാരോപണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ പുറത്താക്കാന്‍ ഉന്നതാധികാരസമിതി തീരുമാനിച്ചത്. നടപടി ഏകപക്ഷീയമായിരുന്നുവെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അഭിപ്രായപ്പെട്ടു. സിവിസി റിപ്പോര്‍ട്ട് മാത്രം അടിസ്ഥാനപ്പെടുത്തിയാണ് നടപടിയെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, അലോക് വര്‍മ്മ പുതിയ പദവി ഏറ്റെടുക്കാതെ സര്‍വീസില്‍ നിന്ന് കഴിഞ്ഞദിവസം രാജിവച്ചിരുന്നു. ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറലായിട്ടായിരുന്നു പുതിയ നിയമനം. തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചതായും ഡയറക്ടര്‍ പദവിയില്‍ നിന്ന് നീക്കാന്‍ നടപടിക്രമങ്ങള്‍ അട്ടിമറിച്ചതായും പേഴ്‌സണല്‍ മന്ത്രാലയം സെക്രട്ടറിക്ക് അയച്ച രാജിക്കത്തില്‍ അലോക് വര്‍മ്മ ചൂണ്ടിക്കാട്ടിയിരുന്നു.

സിബിഐ തലപ്പത്തെ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ഇടപെടലിനെ വിമര്‍ശിച്ച് മുന്‍ ചീഫ് ജസ്റ്റീസ് ആര്‍ എം ലോധയും ഇന്നലെ രംഗത്തെത്തി. ആകാശത്ത് പറക്കണമെങ്കില്‍ തത്തയെ സ്വതന്ത്രമായി വിടണമെന്ന് ലോധ പറഞ്ഞു. സിബിഐയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യേണ്ട സമയമാണിത്. ഇല്ലെങ്കില്‍ അതാത് സര്‍ക്കാരുകള്‍ അവരുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഇതിനെ ഉപയോഗിക്കും. സിബിഐയുടെ സ്വാതന്ത്ര്യം കോടതിയുടെ നിരീക്ഷണത്തിലൂടെ ഉറപ്പാക്കേണ്ടതാണെന്നും ലോധ കൂട്ടിച്ചേര്‍ത്തു.