Sunday
24 Jun 2018

പേരറിവാളന്‍റെ ഹര്‍ജി തള്ളണമെന്ന് സിബിഐ

By: Web Desk | Monday 12 March 2018 9:50 PM IST

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ വിധി പു:നപരിശോധിക്കണമെന്നാവശ്യപ്പെട്ട് പേരറിവാളന്‍ നല്‍കിയ ഹര്‍ജി തള്ളണമെന്ന് സിബിഐ സുപ്രീം കോടതിയില്‍.
കേസുമായി ബന്ധപ്പെട്ട് പേരറിവാളന്‍റെ പങ്ക് സുപ്രീംകോടതിക്കും വ്യക്തമാണെന്നും ആയതിനാള്‍ വിധി പരിശോധിക്കണമെന്ന അപേക്ഷ പരിഗണിക്കേണ്ട ആവശ്യകത ഇല്ലെന്നുമാണ് സിബിഐയുടെ വാദം. രാജീവ് ഗാന്ധി വധത്തോടനുബന്ധിച്ച് നടന്ന ഗൂഡാലോചന അന്വേഷിക്കുന്നതിനായി 1999 രൂപീകരിച്ച ബഹുതല നിരീക്ഷണ സമിതിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
നേരത്തെ പേരറിവാളന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ ഉടന്‍ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ഇടപെട്ട് തടഞ്ഞിരുന്നു. ശാന്തന്‍, മുരുകന്‍, പേരറിവാള്‍ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവ് ചെയ്തതിന് പിന്നാലെയാണ് കേസിലെ ഏഴ് പ്രതികളെയും ഉടന്‍ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനമെടുത്തത്.

1999 മേയ് 21ന് ശ്രീപെരുംപുതൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. 1998 ജനുവരി 28ന് നളിനി, മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിപരുള്‍പ്പെടെ ഇരുപത്തിയാറ് പേര്‍ക്ക് വധശിക്ഷയുമായി കോടതി വിധിയുണ്ടായി. 1999 മേയ് 11ന് നളിനി മുരുകന്‍ ശാന്തന്‍ പേരറിവാള്‍ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. 2000ത്തില്‍ നളിനിയുടെ ശിക്ഷ ജീവപര്യന്തമായി തമിഴ്‌നാട് ഗവര്‍ണര്‍ ഇളവ് ചെയ്തു.
പിന്നീട് നടന്ന നിയമ പോരാട്ടത്തിനൊടുവില്‍ 2014 ഫെബ്രുവരി 18ന് മറ്റ് മൂന്നുപേരുടെയും വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവു ചെയ്തു. വധത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു എന്ന മൊഴി തെറ്റായി എഴുതി ചേര്‍ത്തതാണ് എന്ന് പിന്നീട് സിബിഐ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വിധി  പു:നപരിശോധിക്കണമെന്നാവശ്യപ്പെട്ട് പേരറിവാളന്‍ സുപ്രിംകോടതിയെ സമീപിച്ചത്.

Related News