Saturday
17 Nov 2018

കൃഷ്ണപിള്ളയുടെ പുറത്തടിച്ച പ്രത്യേകതരം നായരെപ്പോലെയുള്ളവര്‍ ഇപ്പോഴുമുണ്ട്; മുഖ്യമന്ത്രി

By: Web Desk | Thursday 8 November 2018 3:02 PM IST

ഗുരുവായൂര്‍ : നവോത്ഥാനത്തിന്റെ ക്ഷേത്രമണി മുഴക്കുന്നവരുടെ പുറത്തടിക്കുന്ന പ്രത്യേക തരം ആളുകള്‍, കൃഷ്ണപിള്ളയുടെ പുറത്തടിച്ച നായരെപ്പോലെ ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുവായൂര്‍ നഗരസഭ നിര്‍മ്മിച്ച ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക വേദിയുടേയും, കൃഷ്ണപിള്ള സ്മാരക കവാടത്തിന്റെയും, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കേന്ദ്ര പദ്ധതി പ്രകാരം സ്ഥാപിച്ച ആധുനിക സിസിടിവി ക്യാമറ സംവിധാനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യന്ത്രി.
നവോത്ഥാനത്തിലൂടെ നമ്മടെ നാട് ഏറെ മുന്നോട്ട് പോയെങ്കിലും കുറേയാളുകള്‍ പുറകോട്ടാണ് നടന്നതെന്ന് ഇപ്പോള്‍ മനസിലാകുന്നുണ്ട്. ഇന്നത്തെപ്പോലയെല്ല, പഴയ കാലത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത് അചാരങ്ങള്‍ ലംഘിക്കാനുള്ളത് തന്നെയാണെന്നാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അവര്‍ണ്ണന്‍ കടക്കരുതെന്ന ആചാരവും വൈക്കത്ത് വഴിനടക്കരുതെന്ന ആചാരവുമെല്ലാം ഇത്തരത്തിലാണ് മാറ്റപ്പെട്ടത്.
ഒരു കാലത്ത് സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിളിച്ച കേരളം ഇത്തരത്തിലുള്ള തെറ്റായ ആചാരങ്ങള്‍ തിരുത്തി തിരുത്തി തന്നെയാണ് മുന്നേറിയത്. ഗുരുവായൂരില്‍ അവര്‍ണ്ണന്‍ പ്രവേശിച്ചാല്‍ ഗുരുവായൂരപ്പന്റെ ചൈതന്യം നശിക്കുമെന്നായിരുന്നു അന്നുള്ള ചിലര്‍ പറഞ്ഞിരുന്നത്. എന്നാല്‍ എല്ലാവിഭാഗം ഹിന്ദുക്കളും ഇന്ന് കയറുന്ന ഗുരുവായൂരമ്പലത്തില്‍ ഗുരുവായൂരപ്പന്റെ ചൈതന്യം കൂടുതല്‍ ശോഭിക്കുകയാണെന്ന് പറയുന്നത് വിശ്വാസികള്‍ തന്നെയാണെന്നും പിണറായി പറഞ്ഞു. എകെജിയും കൃഷ്ണപിള്ളയും ഉള്‍പ്പെടെയുള്ള ഈശ്വര വിശ്വാസികളല്ലാതിരുന്ന ആളുകള്‍ ഗുരുവായൂര്‍ സത്യാഗ്രത്തില്‍ പങ്കെടുത്തത് ഗുരൂവായൂര്‍ ക്ഷേത്രം തകര്‍ന്നു കാണാനല്ലല്ലോ. മറിച്ച് സാമൂഹ്യനീതിയാണ് അതിലൂടെ ലക്ഷ്യം വെച്ചത്. ഇന്നത്തെ ദുരാചാരം നാളത്തെ നിയമവും ചിലപ്പോള്‍ അത് ശാസ്ത്രവുമായി അവതരിപ്പിക്കപ്പെടുന്ന സ്ഥിതിയിലേക്കാണ് നമ്മുടെ നാട് നീങ്ങുന്നത്.
സാധാരണയായി യാഥാസ്ഥികതയില്‍ നിന്ന് മാറിനില്‍ക്കാനാണ് അല്‍പമെങ്കിലും മാനമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ശ്രമിക്കുക. ഇവിടെ പക്ഷേ യാഥാസ്ഥികത മാത്രം മുറുകെപ്പിടിച്ചുകൊണ്ട് പോകാനാണ് ചില രാഷ്ട്രീയപ്രസ്ഥാനക്കാര്‍ ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായി. സി എന്‍ ജയദേവന്‍ എംപി മുഖ്യാതിഥിയായിരുന്നു. എംഎല്‍എമാരായ മുരളി പെരുനെല്ലി , ഗീതാ ഗോപി, ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി കെ ശാന്തകുമാരി, വൈസ് ചെയര്‍മാന്‍ കെ പി വിനോദ്, ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, കൗണ്‍സിലര്‍മാര്‍, ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ്, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Related News