Friday
21 Sep 2018

മനുഷ്യാവകാശ പ്രവര്‍ത്തകരെ വേട്ടയാടുന്നത് ഭരണകൂട ഗൂഢാലോചന

By: Web Desk | Saturday 1 September 2018 10:44 PM IST

പ്രതേ്യക ലേഖകന്‍

ന്യൂഡല്‍ഹി: ‘നഗര മാവോവാദി’കളെന്ന് ആരോപിച്ച് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെ വേട്ടയാടുന്ന പൊലീസ് നടപടി ഉന്നതതല ഭരണകൂട ഗൂഢാലോചനയുടെ ഫലമെന്ന് ആക്ഷേപം. നരേന്ദ്രമോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ കോര്‍പ്പറേറ്റ് അനുകൂല നയവൈകല്യങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധത്തെ തകര്‍ക്കാനും ഭരണകൂട പ്രതിഛായ മിനുക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. കടുത്ത വെല്ലുവിളി നേരിടുന്ന ഛത്തിസ്ഗഡ് അടക്കം ബിജെപി സംസ്ഥാന ഭരണകൂടങ്ങളെ ആസന്നമായ അസംബ്ലി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രക്ഷിച്ചെടുക്കാനുള്ള ആസൂത്രിത യത്‌നത്തിന്റെ ഭാഗമായും പൊലീസ് നടപടികള്‍ വ്യാഖ്യാനിക്കപ്പെടുന്നു.
കഴിഞ്ഞ ആഴ്ച അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തത് ദേശീയതലത്തില്‍ വന്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. വിയോജിപ്പുകളെയും വിമര്‍ശനങ്ങളെയും അമര്‍ച്ച ചെയ്യുന്ന നടപടികള്‍ ജനാധിപത്യ വിരുദ്ധമാണെന്ന് സുപ്രിംകോടതിയും നിരീക്ഷിച്ചിരുന്നു. അതുവരെ ഭീമാ കൊറാഗാവ് സംഭവങ്ങളില്‍ ഉള്‍പ്പെട്ടവരെന്ന് ആരോപിച്ചിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രധാന മന്ത്രി നരേന്ദ്രമോഡിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന് ‘നിര്‍ണായക തെളിവ്’ ലഭിച്ചുവെന്ന അവകാശവാദവുമായി മഹാരാഷ്ട്ര പൊലീസ് രംഗത്ത് വന്നിരിക്കുന്നത്. ജൂണില്‍ അറസ്റ്റിലായ അഞ്ച് നഗരമാവോയിസ്റ്റുകളും ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരും ‘രാജീവ് ഗാന്ധി സംഭവത്തിന്റെ രീതിയില്‍’ ‘മോഡി രാജി’ന് അറുതിവരുത്താന്‍ പദ്ധതിയിട്ടത് തെളിയിക്കുന്ന ആയിരക്കണക്കിന് കത്തുകള്‍ കണ്ടെത്തിയതായി മഹാരാഷ്ട്ര പൊലിസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പരംബീര്‍ സിങ്ങ് അവകാശപ്പെട്ടു.
മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരുമായ തെലുങ്ക് കവി വരവാര റാവു (ഹൈദരാബാദ്), വെര്‍നൊണ്‍ ഗൊണ്‍സാല്‍വസ് (മുംബൈ), അരുണ്‍ ഫെരേരിയ (താനെ), സുധ ഭരദ്വാജ് (ഫരീദാബാദ്), ഗൗതം നവല്‍ഖ (ഡല്‍ഹി) എന്നിവരുടെ വസതികള്‍ ഓഗസ്റ്റ് 28ന് പരിശോധിച്ച് അവരെ അറസ്റ്റ് ചെയ്തിരുന്നു. ഭീമാ കൊറെഗാവ് സംഭവവുമായി ബന്ധപ്പെട്ട എല്‍ഗാര്‍ പരിഷത് സമ്മേളനത്തിന്റെ പേരിലാണ് അറസ്റ്റ് എന്നാണ് അന്ന് പറഞ്ഞിരുന്നത്. സുപ്രിംകോടതി അവരെ പൊലീസിന് കൈമാറാന്‍ വിസമ്മതിക്കുകയും സെപ്റ്റംബര്‍ ആറിന് നടക്കുന്ന അടുത്ത ഹിയറിങ് വരെ അവര്‍ക്ക് വീട്ടുതടങ്കല്‍ അനുവദിക്കുകയുമായിരുന്നു. ഭീമാ കൊറെഗാവിന്റെ പേരില്‍ ജൂണില്‍ അറസ്റ്റിലായ റോണാ വില്‍സന്‍, സുധീര്‍ ധവാലെ, സുരേന്ദ്ര ഗാഡ്‌ലിങ്, ഷോമ സെന്‍, മഹേഷ് റൗട്ട് എന്നിവരെയും സമാനരീതിയിലാണ് മഹാരാഷ്ട്ര പൊലിസ് കൈകാര്യം ചെയ്തിരുന്നത്.
മഹാരാഷ്ട്ര പൊലീസ് നടത്തിയ അറസ്റ്റുകളുടെയും കുറ്റാരോപണങ്ങളുടെയും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന കാലക്രമമാണ് പൊലീസ് നടപടിയില്‍ നിന്ന് വെളിവാകുന്നത്. റോണാ വില്‍സന്റെയും കൂട്ടാളികളുടെയും വസതികളിലും മറ്റും റെയ്ഡ് നടന്നത് ഏപ്രില്‍ 17ന്. ഭീമ കൊറെഗാവിന്റെ പേരില്‍ നടന്ന റെയ്ഡ് കഴിഞ്ഞ് ഒരുമാസം പിന്നിട്ട് മെയ് 17ന് അവര്‍ക്കുമേല്‍ നിയമവിരുദ്ധ പ്രവര്‍ത്തന പ്രതിരോധ നിയമ(യുഎപിഎ)മനുസരിച്ച് കുറ്റം ചുമത്തി. ഏപ്രില്‍ 17ലെ റെയ്ഡില്‍ മോഡിയെ വധിക്കാനുള്ള ഗൂഢാലോചന തെളിയിക്കുന്ന കത്തുകള്‍ കണ്ടെത്തിയതായി പൊലീസ് അവകാശപ്പെടുന്നു. എന്നാല്‍ വധഗൂഢാലോചന പ്രതികള്‍ക്കുമേല്‍ ചുമത്തിയത് മൂന്ന് മാസം പിന്നിട്ട് ജൂണ്‍ 11ന് മാത്രമാണ്. ഇത് പൊലീസ് ഭാഷ്യത്തിന്റെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്.
മഹാരാഷ്ട്ര പൊലീസിന്റെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതും അതിന് ഉപോദ്ബലകമായി നിരത്തുന്ന കത്തുകള്‍ കൃത്രിമമായി ഉണ്ടാക്കിയതുമാണെന്ന് സുധാ ഭരദ്വാജ് തന്റെ അഭിഭാഷക വൃന്ദാ ഗ്രോവര്‍ വഴി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.