Friday
20 Jul 2018

കേന്ദ്രവും ഉദേ്യാഗസ്ഥ മേധാവികളും കോടതി വിധിക്കെതിരെ

By: Web Desk | Thursday 5 July 2018 10:58 PM IST

പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അധികാരത്തര്‍ക്കത്തില്‍ സുപ്രിംകോടതിവിധിയുടെ അര്‍ഥവും അന്തസത്തയും ഉള്‍ക്കൊള്ളാന്‍ തങ്ങള്‍ തയാറല്ലെന്ന വ്യക്തമായ സൂചനയുമായി നരേന്ദ്രമോഡി സര്‍ക്കാരും ഐഎഎസ് ബാബുമാരും രംഗത്ത്. ഭരണഘടനാ ബഞ്ചിന്റെ വിധിയിലുള്ള തങ്ങളുടെ നിശബ്ദത ആ വിധിയിലെ ഏതെങ്കിലും അഭിപ്രായത്തിന് അനുകൂലമോ പ്രതികൂലമോ ആണെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സുപ്രിംകോടതി വിധിയെത്തുടര്‍ന്ന് ഐഎഎസുകാരുടെ സ്ഥലംമാറ്റം, നിയമനം എന്നിവ സംബന്ധിച്ച അധികാരങ്ങള്‍ മുഖ്യമന്ത്രി കേജ്‌രിവാളില്‍ നിക്ഷിപ്തമാക്കിക്കൊണ്ടുള്ള പുതിയ സംവിധാനം അംഗീകരിക്കാന്‍ ചീഫ് സെക്രട്ടറി വിസമ്മതിച്ചു.

ബുധനാഴ്ചത്തെ സുപ്രിംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധി ഡല്‍ഹി ഗവണ്‍മെന്റിന് യാതൊരു പൊലീസ് അധികാരവും നല്‍കുന്നില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞകാല കുറ്റകൃത്യങ്ങളില്‍ അനേ്വഷണം നടത്താന്‍ ഡല്‍ഹി ഗവണ്‍മെന്റിന് യാതൊരു അധികാരവുമില്ലെന്ന് ജെയ്റ്റ്‌ലി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) അധ്യക്ഷനായിരിക്കെ ജെയ്റ്റ്‌ലി കോടികളുടെ അഴിമതി നടത്തിയതായി ആരോപണമുയര്‍ന്നിരുന്നു. അതെപ്പറ്റി അനേ്വഷണം നടത്താനുള്ള കേജ്‌രിവാള്‍ സര്‍ക്കാരിന്റെ ശ്രമമാണ് ഡല്‍ഹി അധികാരത്തര്‍ക്കം മൂര്‍ഛിക്കാനുള്ള കാരണങ്ങളില്‍ ഒന്ന്.

സുപ്രിം കോടതി വിധി ഡല്‍ഹിക്ക് ഇതര സംസ്ഥാനങ്ങള്‍ക്ക് തുല്യമായ പദവി അംഗീകരിച്ചു നല്‍കുന്നില്ല. അക്കാരണത്താല്‍തന്നെ കേന്ദ്രഭരണ പ്രദേശത്തെ ഭരണസംവിധാനത്തെയും ഉദേ്യാഗസ്ഥരുടെ സേവനത്തെയും തങ്ങള്‍ക്ക് അനുകൂലമായ വിധത്തില്‍ നിയന്ത്രിക്കാമെന്നു കരുതുന്നത് തെറ്റാണ്- ജെയ്റ്റ്‌ലി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ലെഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരങ്ങളുടെ പരിമിതി വ്യക്തമാക്കിയ സുപ്രിംകോടതി വിധിയെ ഉദേ്യാഗസ്ഥ മേധാവികളെ ഉപയോഗിച്ച് അട്ടിമറിക്കാമെന്ന മോഡി സര്‍ക്കാരിന്റെ കണക്കുകൂട്ടലാണ് ഇതോടെ മറനീക്കി പുറത്തുവന്നിരിക്കുന്നത്.
അധികാരത്തര്‍ക്കത്തിന്റെ മൂര്‍ധന്യത്തില്‍ ഉദേ്യാഗസ്ഥ മേധാവികളുടെ സ്ഥലംമാറ്റം നിയമനം എന്നിവയ്ക്കുള്ള അധികാരം ആഭ്യന്തര മന്ത്രാലയത്തില്‍ നിക്ഷിപ്തമാക്കിക്കൊണ്ട് ഒരു വിജ്ഞാപനം 2016-ല്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. അത് ബുധനാഴ്ചത്തെ സുപ്രിംകോടതി വിധി അസാധുവാക്കിയിട്ടില്ല. അതിന്റെ പിന്‍ബലത്തിലാണ് ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ സ്ഥലംമാറ്റ, നിയമനനയങ്ങള്‍ നിരസിക്കാന്‍ ഉദേ്യാഗസ്ഥര്‍ മുതിരുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവുകള്‍ നിരസിക്കാന്‍ അവര്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണയാണ് കരുത്തുപകരുന്നത്.

സുപ്രിംകോടതി വിധിക്കെതിരെ മോഡി സര്‍ക്കാര്‍ നിയമവൃത്തങ്ങളുമായി തിരക്കിട്ട കൂടിയാലോചനയിലാണ്. അതേസമയം തങ്ങളുടെ ഉത്തരവ് അനുസരിക്കാതെ സ്ഥലംമാറ്റം സംബന്ധിച്ച ഫയലുകള്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെയും അതുവഴി കേന്ദ്രസര്‍ക്കാരിന്റെയും അംഗീകാരത്തിനായി അയക്കുകയാണെങ്കില്‍ അത് കോടതി അലക്ഷ്യമായി കാണാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുമെന്ന് ഡല്‍ഹി ഡപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. സര്‍ക്കാര്‍ നടപടികളെ തടസപ്പെടുത്തുന്ന നയം ഉപേക്ഷിച്ച് സുപ്രിംകോടതി വിധിയെ മാനിക്കണമെന്നും സിസോദയ കേന്ദ്രത്തോടും ഉദേ്യാഗസ്ഥ മേധാവികളോടും അഭ്യര്‍ഥിച്ചു.

Related News