Wednesday
24 Oct 2018

ജനാധിപത്യ മൂല്യങ്ങൾ കേന്ദ്ര സർക്കാർ തകർക്കുന്നു: സി എൻ ചന്ദ്രൻ

By: Web Desk | Saturday 16 December 2017 9:55 PM IST

സ്വന്തം ലേഖകൻ
കൊച്ചി: കേന്ദ്ര സർക്കാർ നടപ്പാക്കേണ്ടുന്ന സുപ്രധാന തീരുമാനങ്ങൾക്ക് സംഘപരിവാർ ആസ്ഥാനത്ത് രൂപം കൊടുക്കുന്ന മോദി സർക്കാർ ജനാധിപത്യ മൂല്യങ്ങളെ തകർക്കുകയാണെന്ന് സി പി ഐ ദേശീയ കൗൺസിൽ അംഗം സി എൻ ചന്ദ്രൻ . സി പി ഐ കളമശ്ശേരി മണ്ഡലം സമ്മേളനം ഏലുരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെ ധാർമ്മികത ഉയർത്തി ഭൂരിപക്ഷവും ന്യൂനപക്ഷവും നടത്തുന്ന വെല്ലുവിളികളും അക്രമങ്ങളും കൊലപാതകങ്ങളും രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കുന്നതാണ്. ഇതിനെതിരെ  മാനവികതയുടെയും വർഗബോധത്തിന്റെയും അടിസ്ഥാനത്തിൽ ശക്തമായ ഐക്യപ്പെടലുകൾ ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ് നടപ്പാക്കിയ ജനവിരുദ്ധ കോർപ്പറേറ്റ് അനുകുല നയങ്ങളും നിലപാടുകളും കൂടുതൽ വേഗതയോടെയാണ് മോദിയുടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്.
വികലമായ സാമ്പത്തിക അടിയന്തരാവസ്ഥയിലുടെ സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂർണമാക്കി.കാർഷിക മേഖലയെ സംരക്ഷിക്കാനുള്ള കാഴ്ചപ്പാടുകൾ ഉപേക്ഷിച്ചു , കാമ്പസുകളിൽ വർഗീയത വളർത്തിയും ഫാസിസ്റ്റ് നയങ്ങളെ എതിർക്കുന്നവരെ ഇല്ലാതാക്കിയും നാടിന്റെ പാരമ്പര്യങ്ങളെ വിസ്മരിച്ചു കൊണ്ടും ജനാധിപത്യത്തിൽ നിന്നും ഏകാധിപത്യത്തിലേക്ക് മോദി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നവ ലിബറൽ  നയങ്ങൾക്കെതിരെയുള്ള ദേശീയ ബദൽ എന്ന നിലയിലുള്ള ജനപക്ഷ സമീപനങ്ങളും നടപടികളുമാണ് സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്നത്.സാമൂഹ്യനീതിയിലധിഷ്ഠിതമായ സമഗ്ര വികസന കാഴ്ചപ്പാടുകളാണ് ഐക്യകേരളം രൂപീകൃതമായതിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടു വച്ചതും അധികാരത്തിലേറിയപ്പോൾ  നടപ്പാക്കിയതുമായ നയങ്ങളുടെ തുടർച്ചയാണ് സർക്കാർ ഇപ്പോഴും തുടരുന്ന വികസന നയങ്ങളെന്നും അദ്ദേഹം പറഞ്ഞു.  , ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എം ടി നിക്സൺ ,ബാബു പോൾ ,കെ വിജയൻ പിള്ള , പി നവകുമാരൻ ,ജില്ലാാ കമ്മറ്റി അംഗം പി വി നാരായണൻ  എന്നിവർ പ്രസംഗിിച്ചു പി എ മുഹമ്മദ് പതാക ഉയർത്തി , പി ജെ സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി കെ കെ സുബ്രഹ്മണ്യൻ , സി ജി വേണു എന്നിവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
Related News