Tuesday
24 Oct 2017

മേധാവികളില്ലാതെ കൊച്ചിയുള്‍പ്പെടെ തുറമുഖങ്ങള്‍

By: Web Desk | Friday 6 October 2017 6:28 PM IST

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം: കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖമായ അഞ്ച് തുറമുഖങ്ങള്‍ക്ക് ഒന്നര വര്‍ഷത്തോളമായി സ്ഥിരം മേധാവികളില്ല.  നരേന്ദ്രമോഡിയുമായി അടുത്ത ബന്ധമുള്ള അദാനി ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റുകള്‍ തുറമുഖ മേഖലയില്‍ കണ്ണുവച്ചിരിക്കുമ്പോള്‍ പൊതുമേഖലാ തുറമുഖങ്ങള്‍ക്ക് മേധാവികളെ നിശ്ചയിക്കുന്നതില്‍ ഉദാസീനത കാട്ടുന്നത് ബോധപൂര്‍വമാണെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്. പൊതുമേഖലയിലുള്ള പ്രമുഖമായ 12 തുറമുഖങ്ങളുടെ കാര്യത്തിലും  സര്‍ക്കാര്‍ ഉദാസീനത കാട്ടുന്നുവെന്ന ആക്ഷേപവും വ്യാപകമാണ്.
 കൊല്‍ക്കത്ത തുറമുഖത്തിന് 2016 മാര്‍ച്ച് മുതല്‍ സ്ഥിരം മേധാവിയില്ല. വിശാഖപട്ടണം തുറമുഖത്തിന്റെ ചെയര്‍മാന്‍ എം ടി കൃഷ്ണ ബാബു അധിക ചുമതല വഹിക്കുകയാണിവിടെ. 2016 മെയില്‍ ചെയര്‍മാനായിരുന്ന പോള്‍ ആന്റണി ഒഴിഞ്ഞതിന് ശേഷം കൊച്ചി പോര്‍ട്ട് ട്രസ്റ്റിന് മേധാവിയെ നിയമിച്ചിട്ടില്ല. ചെന്നൈ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ പി രവീന്ദ്രന്‍ കഴിഞ്ഞ മെയ് മാസം മുതല്‍ ഈ അധിക ചുമതല കൂടി വഹിക്കുകയാണ്.
ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറായിരുന്ന എം എ ഭാസ്‌കരാചാര്‍ കഴിഞ്ഞ ജൂലൈയില്‍ വിരമിച്ചതിന് ശേഷം ചെന്നൈ കാമരാജാര്‍ തുറമുഖത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത് ഒഡിഷയിലെ പാരദീപ് തുറമുഖ മേധാവി റിങ്കേഷ് റോയിക്കാണ്. ന്യൂ മംഗലുരു തുറമുഖ മേധാവി പി സി പരീട ജൂലൈ 31 ന് വിരമിച്ചതിന് ശേഷം പുതിയ മേധാവിയെ നിയമിച്ചിട്ടില്ല. ഇവിടെ തന്നെയുള്ള സുരേഷ് ഷിര്‍വാര്‍ക്കര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുകയാണ്.
ഗോവയിലെ മോര്‍മുഗാവോ തുറമുഖ മേധാവി ജെ അയ്യങ്കാര്‍ തമിഴ്‌നാട്ടിലെ വി ഒ ചിദംബരനാര്‍ തുറമുഖത്തിന്റെ അധിക ചുമതല വഹിക്കാന്‍ തുടങ്ങിയിട്ട് രണ്ടുമാസമാകാറായി.
കാണ്ഡ്‌ല തുറമുഖ മേധാവി രവി പാര്‍മര്‍ മൂന്ന് മാസത്തിനു ശേഷം വിരമിക്കാനിരിക്കുകയുമാണ്. ഇതിന് പുറമേ കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലെ ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റി(ഐഎംയു), സേതുസമുദ്രം കോര്‍പ്പറേഷന്‍ എന്നിവയ്ക്കും മേധാവികളില്ലാത്ത സ്ഥിതിയാണ്. മുതിര്‍ന്ന ഒരു പ്രൊഫസര്‍ കെ എം ശിവയ്ക്ക് ഐഎംയുവിന്റെ വൈസ് ചാന്‍സലര്‍ പദവി താല്‍ക്കാലികമായി നല്‍കിയിരിക്കുകയാണ്. മെയ് മാസത്തിലാണ് വൈസ് ചാന്‍സലര്‍ കെ അശോക് വര്‍ധന്‍ ഷെട്ടി സ്ഥാനമൊഴിഞ്ഞത്.
ഇന്ത്യയുടെ വിദേശ വ്യാപാരത്തിന്റെ നട്ടെല്ലായ തുറമുഖങ്ങളോട് കടുത്ത അവഗണനയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകിച്ച് ഷിപ്പിങ് മന്ത്രാലയം കാട്ടുന്നതെന്നാണ് വ്യവസായ – വ്യാപാര രംഗത്തെ പ്രമുഖരുടെ പ്രതികരണം.
Related News