Tuesday
19 Jun 2018

ഫേസ്ബുക്കിനും കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്

By: Web Desk | Thursday 29 March 2018 10:13 PM IST

ന്യൂഡല്‍ഹി: ഡാറ്റ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് കമ്പനി കേംബ്രിഡ്ജ് അനലിറ്റികയ്ക്ക് പിന്നാലെ ഫേസ്ബുക്കിനും കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്. അഞ്ച് ചോദ്യങ്ങളാണ് പ്രധാനമായും കേന്ദ്രസര്‍ക്കാര്‍ നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യന്‍ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ചും ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പില്‍ നടത്തിയതായി പറയുന്ന ഇടപെടലുകള്‍ സംബന്ധിച്ചുമാണ് ചോദ്യങ്ങള്‍. ഏപ്രില്‍ ഏഴിനകം അഞ്ച് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാണ് ഫേസ്ബുക്കിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ഇന്ത്യയുടെ പല ഭാഗങ്ങളിലും ഓഫീസ് ഉണ്ടെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് കോമണ്‍സ് ഹിയറിംഗ് കമ്മിറ്റിക്ക് മുന്നില്‍ വെളിപ്പെടുത്തിയ വിസില്‍ ബ്ലോവര്‍ ക്രിസ്റ്റഫര്‍ വയ്‌ലി ഇതിന്റെ വിശദ വിവരങ്ങളുമായി രംഗത്തെത്തി. ഇന്ത്യയിലെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ വിവരങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്ന് ക്രിസ്റ്റഫര്‍ വയ്‌ലി ട്വീറ്റില്‍ പറയുന്നു. ഇന്ത്യയിലെ 600 ജില്ലകളിലെ ഏഴ് ലക്ഷം ഗ്രാമങ്ങളുടെ ഡാറ്റബേസ് കേംബ്രിഡ്ജ് അനലിറ്റിക്കയുടെ കൈവശം ഉണ്ടെന്നാണ് വെയ്‌ലി പങ്കുവയ്ക്കുന്ന വിവരം.