Friday
19 Oct 2018

വേറിട്ട വഴിയില്‍ വെല്ലുവിളികളെ വിജയമാക്കി ബിന്ദു

By: Web Desk | Thursday 7 December 2017 10:01 PM IST

പി എസ് രശ്മി

ചില വഴികള്‍ നമുക്ക് മുന്നിലേക്കെത്തുന്നത് യാദൃച്ഛികമായാകാം… പക്ഷെ നടന്നു തുടങ്ങുമ്പോള്‍ മനസിലാവും ഇതു തന്നെയാണ് ശരിയായ വഴിയെന്ന്… ബിന്ദുവെന്ന വീട്ടമ്മയുടെ ജീവിതവും അത്തരത്തില്‍ ഒരു നിയോഗമായി മാറിയത് അപ്രതീക്ഷിതമായാണ്. വര്‍ഷങ്ങള്‍ നീണ്ട നഴ്‌സിംഗ് ജോലിയോട് വിടപറഞ്ഞ് ബിന്ദുവെത്തിയത് മുടിയേറ്റ് എന്ന ക്ഷേത്രകലയുടെ വേറിട്ട വഴിയിലേക്കാണ്.എതിര്‍പ്പുകളെയും പരിഹാസങ്ങളെയുമെല്ലാം അവഗണിച്ചു മുന്നേറുക അത്ര എളുപ്പമായിരുന്നില്ല. പാഴൂര്‍ ദാമോദര മാരാര്‍ എന്ന ഭര്‍തൃ പിതാവിന്റെയും ഭര്‍ത്താവ് പാഴൂര്‍ നാരായണമാരാരുടെയും വഴിയെ മുടിയേറ്റിനെ ബിന്ദുവും തന്റെ ജീവിതത്തോട് ചേര്‍ത്തു.കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും വിവാഹിതയായി ബിന്ദുവെത്തിയത് മുടിയേറ്റിനെ പ്രാണനായി കരുതുന്ന വീട്ടിലേക്കാണ്. ഭര്‍ത്താവിന്റെ അച്ഛന്‍ പാഴൂര്‍ ദാമോദരമാരാര്‍ തന്നെയാണ് ഈ രംഗത്തേക്ക് വരാനുള്ള പ്രചോദനമെന്ന് ബിന്ദു പറയുന്നു.ഒപ്പം ഭര്‍ത്താവ് നാരായണമാരാരും.ദാമോദരമാരാരുടെ മരണശേഷം ഭര്‍ത്താവ് ആയിരുന്നു മുടിയേറ്റിനെ കാത്തുസൂക്ഷിച്ചത്. 5 വര്‍ഷം മുന്‍പ് അദ്ദേഹത്തിന്റെയും മരണശേഷമാണ് മുടിയേറ്റിലേക്ക് ബിന്ദു എത്തുന്നത്. സ്ത്രീകള്‍ ആരും തന്നെ മുടിയേറ്റ് ചെയ്യാറില്ല എന്നതായിരുന്നു ബിന്ദു നേരിട്ട വെല്ലുവിളി.സ്ത്രീ എന്ന നിലയില്‍ അത്തരമൊരു തീരുമാനം അത്ര എളുപ്പമായിരുന്നില്ല താനും. ബന്ധുക്കളില്‍ പലരും വളരെ മോശയമായ രീതിയിലാണ് പ്രതികരിച്ചതെന്ന് ബിന്ദു പറയുന്നു. മറ്റ് മുടിയേറ്റ് സംഘങ്ങളില്‍ നിന്നും എതിര്‍പ്പുകളുണ്ടായി. എന്നാല്‍ തോറ്റു കൊടുക്കാന്‍ ഒരുക്കമായിരുന്നില്ല. അച്ഛന്‍ പഠിപ്പിക്കുന്നത് കണ്ട് പഠിച്ചിട്ടുണ്ട്. അദ്ദേഹം ഉള്ളപ്പോള്‍ മുടിയേറ്റിനെക്കുറിച്ച് നിരവധി കാര്യങ്ങള്‍ പറഞ്ഞും തന്നിരുന്നു.പിന്നെ അദ്ദേഹത്തിന്റെ തന്നെ ക്ഷേത്രകലകളെകുറിച്ചുള്ള പുസ്തകവും ഏറെ സഹായകമായിരുന്നു.പോസിറ്റീവ് എനര്‍ജിയാണ് മുടിയേറ്റ് തനിക്ക് നല്‍കുന്നത്.കാളിയായി അരങ്ങിലെത്തുമ്പോള്‍ താന്‍ നേരിട്ട വെല്ലുവിളികള്‍ ബിന്ദു മറക്കുമെന്ന് പറയുന്നു. തേവര എസ് എച്ച് കോളജില്‍ ഒരു വര്‍ഷം മുന്‍പ് മുടിയേറ്റ് അവതരിപ്പിച്ചു കൊണ്ടായിരുന്നു ബിന്ദുവിന്റെ മുടിയേറ്റിലെ അരങ്ങേറ്റം. ഫോക് ലോര്‍ അക്കാദമി വഴിയാണ് തേവര കോളജില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നത്. മുടിയേറ്റ് ചെയ്യുന്ന സ്ത്രീകള്‍ ഉണ്ടോയെന്ന അവരുടെ അന്വേഷണമാണ് ബിന്ദുവിലേക്കെത്തിയത്.മികച്ച പ്രതികരണമാണ് അന്ന് ലഭിച്ചത്.പിന്നീടു നിരവധി അവസരങ്ങള്‍ തേടിയെത്തിയെങ്കിലും മുടിയേറ്റിനെക്കുറിച്ച് കൂടുതല്‍ ആളുകളിലേക്ക്എത്തിക്കുന്നതിനുള്ള പരിശ്രമത്തിലായിരുന്നു ബിന്ദു. അന്ന് കോളജില്‍ മുടിയേറ്റ് കാണാന്‍ വന്ന ലണ്ടന്‍ സ്വദേശി വഴി ലണ്ടനില്‍ മുടിയേറ്റ് അവതരിപ്പിക്കാനും ബിന്ദുവിന് അവസരം ലഭിച്ചിട്ടുണ്ട്.അതിനു മുന്‍പ് മുടിയേറ്റിനായി പുതിയ വഴിയിലൂടെ ബിന്ദു യാത്ര തുടങ്ങി കഴിഞ്ഞു. മുടിയേറ്റിനെ അടിസ്ഥാനമാക്കി ഒരു സിനിമ. സ്‌ക്രിപ്റ്റ് തയ്യാറായിക്കഴിഞ്ഞു.മുടിയേറ്റിനെ അടിസ്ഥാനപ്പെടുത്തി കുടുംബ ചിത്രമാണ് ഒരുക്കുന്നത്. കഥാപാത്രങ്ങള്‍ക്കായുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍. ജനുവരിയില്‍ ഷൂട്ടിംഗ് ആരംഭിക്കും. മുടിയേറ്റ് എന്ന ക്ഷേത്രകലയെക്കുറിച്ച് ജനങ്ങളെ അറിയിക്കണം. അതാണ് തന്റെ ലക്ഷ്യമെന്ന് ബിന്ദു പറയുന്നു. മുടിയേറ്റിനായി ബിന്ദുവിന്റെ സ്വപ്നങ്ങള്‍ ഇവിടെ തീരുന്നില്ല. കേരളീയ കലകളെ ഉള്‍പ്പെടുത്തി ഒരു ആര്‍ട് ഗാലറിയും ലൈബ്രറിയും. അതാണ് ഇനിയുള്ള തന്റെ ലക്ഷ്യമെന്ന് ബിന്ദു. മുടിയേറ്റിനെക്കുറിച്ചു തന്നെ ഗവേഷണം നടത്തുന്നവര്‍ക്ക് ഉപകാരപ്പെടുന്ന ലൈബ്രറികള്‍ ഇല്ല. എല്ലാ ട്രൂപ്പുകളും പുസ്തകങ്ങള്‍ ഇറക്കുന്നുണ്ട്. ഇവയെല്ലാം ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍ ഗവേഷകര്‍ക്ക് ഉപകാരപ്പെടുമെന്നു ബിന്ദുപറയുന്നു.ബിന്ദുവിന്റെ അച്ഛന്‍ ഗോപിമാരാരും വാദ്യകലാകാരനാണ്.ബിന്ദുവിന് പിന്തുണയുമായി മക്കള്‍ വിഷ്ണുവും കൃഷ്ണപ്രിയയും ഉണ്ട ്. വിഷ്ണുവും മേളവും പഞ്ചവാദ്യവുംമുടിയേറ്റുമെല്ലാം ചെയ്യുന്നുണ്ട്. പ്ലസ്ടുകാരിയായ അപര്‍ണയും മുടിയേറ്റ് പഠിക്കുന്നുണ്ട്. മുടിയേറ്റ് ഇന്ന് ബിന്ദുവിനു തന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. താന്‍ തിരഞ്ഞെടുത്ത വഴിയില്‍ ഇനിയും ഏറെ ദൂരം മുന്നോട്ട് പോകണമെന്ന ദൃഢ നിശ്ചയം തന്നെയാണ് ബിന്ദുവിന് തുണയാകുന്നതും.ജയിച്ചു കാണിക്കുവാന്‍ സ്ത്രീയെന്നത് പരിമിതിയല്ല, ശക്തിയാണെന്ന് ബിന്ദു തെളിയിക്കുന്നു.