Saturday
23 Sep 2017

പൊലീസുകാരന്റെ നിയമലംഘനം പകര്‍ത്തിയ യുവാവിനെ തല്ലിച്ചതച്ച് പൊലീസ്

By: Web Desk | Sunday 10 September 2017 11:53 AM IST

ന്യൂഡൽഹി: പോലീസ് ഉദ്യോഗസ്ഥന്റെ നിയമലംഘനം മൊബൈലില്‍ പകര്‍ത്തിയ യുവാവിന് കരണത്തടി. ഛണ്ഡിഗഢിലാണ് സംഭവം. ഫോണില്‍ സംസാരിച്ചു കൊണ്ട് ബൈക്ക് ഓടിക്കുന്ന പോലീസുകാരന്റെ വീഡിയോ ചിത്രീകരിച്ച ബൈക്ക് യാത്രക്കാരനെ പോലീസ് ഉദ്യോഗസ്ഥൻ മർദ്ദിക്കുകയായിരുന്നു.യുവാവിനെ പൊലീസുകാരന്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സുരീന്ദര്‍ സിംങ് എന്ന ഹെഡ് കോണ്‍സ്റ്റബളിൽ ബൈക്ക് നിര്‍ത്തി ബൈക്ക് യാത്രക്കാരനുമായി വാക്ക്തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഛണ്ഡീഗഢിലെ 36/37 ഡിവൈഡിംഗ് റോഡില്‍ ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.

തുടര്‍ന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മനീഷ് തിവാരി വിഷയത്തില്‍ ഇടപെടുകയും പൊലീസുകാരനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തുടര്‍ന്നായിരുന്നു ചണ്ഡീഗഡ് പൊലീസ് എസ് എസ് പി ട്രാഫിക് ശശാങ്ക് ആനന്ദ് വിഷയത്തില്‍ ഇടപെടുകയും ഇയാളെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിടുകയും ചെയ്തത്.
ട്രാഫിക് ലംഘനം നടത്തുകയും യുവാവിനെ മര്‍ദ്ദിക്കുകയും ചെയ്തതത് ഗുരുതരമായ ചട്ടലംഘനമാണെന്നും ശശാങ്ക് ആനന്ദ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവിങ് ലൈസന്‍സ് കണ്ടുകെട്ടാന്‍ ഉത്തരവിട്ടതായും ഇദ്ദേഹം പറഞ്ഞു.