Monday
16 Jul 2018

ഇതുവരെ

By: Web Desk | Monday 14 August 2017 7:36 PM IST

ചവറ കെ എസ് പിള്ള
ജീവിതമിതുവരെ? ചോദ്യമിതാരാണാവോ?
ഈയൊരു ചോദ്യത്തിനുത്തരം തെരയുമ്പോ
ളെന്തുഞാന്‍ പറയേണ്ടു? തൃപ്തിയോ? അതൃപ്തിയോ?
ലാഭനഷ്ടത്തിന്‍ കണക്കെങ്ങനെപറയുവാന്‍.
എങ്കിലും പറയട്ടേ, ഈ രംഗ നടനത്തില്‍
കിട്ടിയ വേഷം കെട്ടിയാടിഞാന്‍, കഥാപാത്ര-
സൃഷ്ടിതന്‍ പൊരുളുകള്‍ തെറ്റിയോ? ചായച്ചാര്‍ത്തു
കൂടിയോ? ചലനങ്ങള്‍ മാറിയോ ശ്രുതിഭംഗ
മേറിയോ? ചുവടുകള്‍ പിഴച്ചോ? താളംതെറ്റി-
യാടിയോ? വാഗര്‍ത്ഥങ്ങള്‍ വാക്കുകള്‍ പിണങ്ങിയോ?
എന്തുമാകട്ടെ! ‘കൊള്ളാം’! ‘കൊള്ളില്ല’! പറയുമ്പോ-
ളെന്നെ ഞാനറിയുന്നുവെന്തൊരു കൃതാര്‍ത്ഥത
വേഷമെത്രയോ, ബന്ധ, ബന്ധന, നാനാ വേഷം
ക്ലേശപൂര്‍ണമാ ‘മോരോ’ വേഷത്തിന്‍ പകര്‍ച്ചകള്‍
അച്ഛനാ,യപ്പുപ്പനാ, യേട്ടനായ്, ചങ്ങാതിയായ്
മാമനുമനുജനും പതിയും പലതുമായ്
ഒക്കെയുമാവുംവിധമാടുവാന്‍, കടമതന്‍
കല്പടവുകള്‍ കേറാന്‍ മനസുതുറക്കുവാ-
നെപ്പൊഴും ബദ്ധശ്രദ്ധ,നെങ്കിലും പിഴവുകള്‍
പറ്റിയിട്ടുണ്ടാം ഞാനും തെറ്റുകള്‍ക്കധീനനാം.
എത്രയും യാദൃശ്ചികം! ഭാഗ്യനിര്‍ഭാഗ്യം, മഹത്
സംഗമം, അംഗീകാരം, പൊക്കലുമിഴുക്കലും
അത്യുദാത്തമാം സ്‌നേഹബന്ധങ്ങള്‍, ഉദാരത-
ദുഃഖസാന്ദ്രമാംവിട! ഭിന്നക്കലൊന്നിപ്പുകള്‍…
പാടി ഞാന്‍ നിങ്ങള്‍ക്കായി മണ്ണിന്റെ സങ്കീര്‍ത്തനം
സഞ്ചിതസംസ്‌കാരത്തിന്നക്ഷര പുഷ്പാര്‍ച്ചന
മാനവവിമോചനപ്പോര്‍നിലങ്ങളില്‍ രണ-
കാഹളമൂതാന്‍ പടപ്പാട്ടുകള്‍, നവയുഗ-
പ്പിറവിവരവേല്‍ക്കാന്‍നുള്‍ത്തുടിത്തുകില്‍പ്പാട്ട്
ബലികുടീരങ്ങളിലിത്തിരിചോരപ്പൂക്കള്‍!
വെട്ടിയും തിരുത്തിയും കൂട്ടിയും കുറച്ചുമീ-
ബാക്കിപുസ്തകം മനോദര്‍പ്പണ, മെന്നെകാണ്‍മേന്‍
അക്ഷരവാതില്‍ തുറന്നെന്‍ കുഞ്ഞിക്കരം പിടി-
ച്ചക്ഷയ വെളിച്ചത്തിന്‍ വിസ്മയം പകര്‍ന്നതാം
വിശ്രുതഗുരു! പിന്നെയെത്രയോ ഗുരുവര-
രൊക്കെയുമനുഗ്രഹിച്ചെന്‍ സ്വത്വം നേടിത്തന്നോ-
രവരാണല്ലോ കര്‍മ്മശക്തിതന്‍ നിയന്താക്ക-
ളവരാണല്ലോ കെടാവെട്ടത്തിന്‍ വിളക്കുകള്‍…
ഗുരുവന്ദനത്തിന്റെ ചന്ദനസുഗന്ധമെ-
ന്നകമേ നിറയുമ്പോളെന്തൊരു നിര്‍വൃതിയോ!
കിട്ടിയമുളന്തണ്ടിലിത്തിരിപാടാന്‍ സര്‍ഗ-
ശക്തിതന്നതാമെന്റെ നാട്ടിലെ മഹാകവി
ഓര്‍ക്കുമ്പോളൊക്കെക്കൂടിയെന്തൊരു മഹാഭാഗ്യം
ചേര്‍ക്കുണ്ടില്‍ വിരിഞ്ഞൊരു താമരയിജ്ജീവിതം
കാഴ്ചക്കാര്‍ പറഞ്ഞോട്ടേ യെന്തുമേ, യെനിക്കെന്റെ
വാഴ്ചയീഹരിതാഭപൂത്തിടും ഭൂമീലല്ലോ?
മറ്റെന്തുവേണം ഭദ്രേ! നമുക്കീ സായന്തന-
ചിത്രഭംഗികള്‍ കാണാം, നീവരൂ! കരംപിടി-
ച്ചിത്തിരിയിരുന്നീടാമിവിടീവാകച്ചോട്ടി-
ലക്കരപ്പച്ചയ്ക്കിനിയെന്തിനുപറക്കണം.
കയ്പ്പുകളെല്ലാം നമുക്കെത്രയോ മധുരമാം
കല്‍ക്കണ്ട മവനിവാഴ്‌വൊക്കെയും ധന്യം!ധന്യം!
പല കൈവഴികളിലൊന്നിക്കും പരസ്‌നേഹ-
പ്പുഴയാണല്ലോ തുണജീവിതയാനത്തിങ്കല്‍
തുഴയാം നമുക്കിനീം ദൂരമതെന്താകട്ടേ
തുടരാം നമുക്കീയാത്ര! സ്വന്തമീ നിമിഷങ്ങളാം.
ഒക്കെയ്ക്കും നന്ദി!നന്ദി! കിട്ടിയ നരജന്മ-
സിദ്ധി, യതില്പരമെന്തുണ്ടു മഹാപുണ്യം!