Friday
20 Apr 2018

ചെണ്ടുമല്ലി പൂക്കുന്ന ഗ്രാമങ്ങള്‍

By: Web Desk | Monday 14 August 2017 6:33 PM IST

മുത്തങ്ങവഴി കര്‍ണാടകയുടെ തെക്കേ അറ്റത്തെ അതിര്‍ത്തി താലൂക്കായ ഗുണ്ടല്‍പേട്ടയിലേക്കൊരു യാത്ര സ്വര്‍ഗീയ അനുഭവമാണ്. പ്രത്യേകിച്ച് ജൂലൈ- സെപ്റ്റംബര്‍ മാസങ്ങള്‍ക്കിടക്ക്. പൂത്തുലഞ്ഞുനില്‍ക്കുന്ന പൂപ്പാടങ്ങള്‍ക്ക് നടുവിലൂടെയാണ് 212 ദേശീയപാത കടന്നുപോകുന്നത്. വയനാട്, ബന്ദിപൂര്‍ വന്യജീവി കാടുകള്‍ പിന്നിട്ടാല്‍ ഗുണ്ടല്‍പേട്ട താലൂക്കിലെ മദൂര്‍ ഗ്രാമമായി. വനമേഖല അവിടെ കഴിയുന്നു. ചെക്ക്‌പോസ്റ്റ് കടന്ന് മുന്നോട്ടുനീങ്ങുമ്പോള്‍തന്നെ ഒഴുകിയത്തെുന്ന തണുത്ത കാറ്റ് ഇന്ദ്രിയങ്ങളെ ആ വിവരം അറിയിച്ചുകഴിഞ്ഞിരിക്കും. പൂന്തോട്ടങ്ങളില്‍നിന്നൊപ്പിയെടുത്ത പൂക്കളുടെ ഇളം സുഗന്ധം പരത്തിയാകും ആ തണുത്ത കാറ്റെത്തുക. കാറ്റിലൊളിഞ്ഞിരിക്കുന്ന പൂവാസനയുടെ ഉറവിടം തിരയുന്നതിനുമുമ്പുതന്നെ വിശാലമായ പൂപ്പാടങ്ങള്‍ ദേശീയപാതക്ക് ഇരുവശങ്ങളിലുമായി പ്രത്യക്ഷമായി തുടങ്ങും.

നീലഗിരി മലകളെ തൊട്ടുരുമ്മി കിടക്കുന്ന കുന്നുകളിലേക്ക് നീണ്ടു പരന്നുകിടക്കുന്നതാണ് ഇവുടത്തെ പൂപ്പാടങ്ങള്‍. തട്ടുതട്ടായി കിടക്കുന്ന മലര്‍വാടികളെ വിദൂരത്തില്‍നിന്ന് വീക്ഷിച്ചാല്‍ ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള പട്ടുമത്തെകള്‍ നിരത്തി ഇട്ടതുപോലെയാണ്. ഓറഞ്ച് ചെണ്ട് (ചെന്തി), സൂര്യകാന്തി പൂക്കള്‍ പൂത്തുനില്‍ക്കുന്ന കാഴ്ചയാണത്. പര്‍വത നിരകളുടെ മടിത്തട്ടിലെ ഈ വര്‍ണവിസ്മയം ഇതുവഴി കടന്നുപോകുന്ന ആരെയും ആകര്‍ഷിക്കാറുണ്ട്. തോട്ടത്തിന് നടുവിലേക്കിറങ്ങി ചെല്ലാനും പൂക്കളുടെ അരികില്‍നിന്ന് പടമെടുക്കാനും കൊതിക്കാത്തവരാരുമുണ്ടാകില്ല. പൂ കാണുമ്പോഴുണ്ടാകുന്ന സന്തോഷം എത്ര വലുതാണ്. അപ്പോൾ ഒരായിരം പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന കാഴ്ച പറയേണ്ടതുണ്ടോ. ഏതൊരു കഠിന ഹൃദയനെയും അലിയിപ്പിക്കാന്‍ പൂക്കളോളം മറ്റെന്തിനാണ് കഴിയുക.