Tuesday
24 Oct 2017

പണമില്ലാത്തവര്‍ക്ക് ചികിത്സ നിഷേധിക്കരുത്: മുഖ്യമന്ത്രി

By: Web Desk | Monday 18 September 2017 10:34 PM IST

കൊച്ചി : പണമില്ലാത്തതുകൊണ്ടു ആര്‍ക്കും ചികിത്സ നിഷേധിക്കുന്ന അവസ്ഥ സംസ്ഥാനത്തുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൂവാറ്റുപുഴ കോഓപ്പറേറ്റീവ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ആരോഗ്യ രംഗത്ത് ന്യൂതനപദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഹെല്‍ത്ത് സെന്ററുകളെ പ്രവര്‍ത്തനക്ഷമതയുള്ള സ്ഥാപനങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രമാക്കുകയാണ് സര്‍ക്കാര്‍. കുടുംബ ഡോക്ടര്‍മാര്‍ കുടുംബങ്ങളിലെത്തുന്ന സ്ഥിയുണ്ടാകും. ഇതിനായി ഡോക്ടര്‍മാരുടെയും, നഴ്‌സ്മാരുടെയും, മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. സഹകരണ ആശുപത്രികള്‍ ശക്തമായ പ്രവര്‍ത്തനം കാഴ്ചവച്ചാല്‍ ഇവിടേയ്ക്ക് ജനങ്ങള്‍ ഒഴുകിയെത്തുമെന്നും, മികവുറ്റ പ്രവര്‍ത്തനവും, ജനകീയ കൂട്ടായ്മയും ഉറപ്പ് വരുത്തിയാല്‍ സഹകരണ ആശുപത്രികള്‍ക്ക് മുന്നേറ്റം നടത്താന്‍ കഴിയുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

പൊതുസമ്മേളനം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ആശുപത്രി ചെയര്‍മാന്‍ പി.എം.ഇസ്മയില്‍ അധ്യക്ഷനായി. ക്യാഷ്വാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ജോയ്‌സ് ജോര്‍ജ് എം.പിയും, ഓപ്പറേഷന്‍ തിയേറ്റര്‍ കോംപ്ലക്‌സിന്റെ ഉദ്ഘാടനം മുന്‍എം.പി. പി.രാജീവും, ഡിജിറ്റല്‍ എക്‌സറേ ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എയും, മെഡിക്കല്‍ ക്വിറ്റ് വിതരണം ജി.സി.ഡി.എ.ചെയര്‍മാന്‍ സി.എന്‍.മോഹനനും, ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം മുന്‍എം.എല്‍.എ ഗോപി കോട്ടമുറിയ്ക്കലും, ഏറ്റവും വലിയ ഷെയര്‍ കുടുംബ ഉടമയെ ആദരിക്കല്‍ മുന്‍എം.എല്‍.എ.ജോസഫ് വാഴയ്ക്കനും, പ്രവാസികളെ ആദരിക്കല്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരനും, പുതിയ ഷെയര്‍ വിതരണം മൂവാറ്റുപുഴ അര്‍ബണ്‍ ബാങ്ക് ചെയര്‍മാന്‍ പി.ആര്‍.മുരളീധരനും, ജനപ്രീയ സ്‌കീം സര്‍ട്ടിഫിക്കറ്റ് വിതരണം മുന്‍എം.എല്‍.എ ബാബു പോളും നിര്‍വ്വഹിച്ചു.