Wednesday
24 Oct 2018

സ്‌നേഹക്കൂട്‌

By: Web Desk | Saturday 28 October 2017 10:21 PM IST

 

“കുഞ്ഞുനായ്ക്കളാണോ മനുഷ്യരാണോ അംഗങ്ങള്‍ എന്ന് തോന്നിപ്പോകും വിധമാണ് ‘വൈശാഖ’ത്തിലെ കാഴ്ചകള്‍. അടുക്കളയിലെ പാചകമേശ മുതല്‍ കിടക്കറയിലെ പട്ടുമെത്തയില്‍ വരെ കുഞ്ഞ് ഷിവാവകളുടെ സാന്നിധ്യം കാണാം.”

 

ഡോ. ഡി ഷൈന്കുമാര്

എന്റെ കണ്ണീരിലും  വാവക്കുഞ്ഞുങ്ങളുടെ കണ്ണീരിലും ഉപ്പുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. കെട്ടിപ്പുണരുന്ന കലര്‍പ്പില്ലാത്ത സ്‌നേഹത്തിന്റെ കൈകള്‍ ഇളംചൂട് എന്നെ അറിയിക്കുന്നു. എന്റെ മനസ്സൊന്നു മാറിയാല്‍ വ്യഥയും ആഹ്ലാദവുമൊക്കെ അവരും തിരിച്ചറിയും. പ്രപഞ്ചത്തില്‍തന്നെ ഇങ്ങനൊരു ഹൃദയൈക്യം ഉണ്ടെന്നുള്ളതാണ് കാല്‍നൂറ്റാണ്ടിന്റെ നായ് സ്‌നേഹം എന്നെ പഠിപ്പിച്ച പാഠം.” സ്‌നേഹത്തിന്റെ സ്വരവ്യഞ്ജനങ്ങള്‍ പൂക്കുന്ന വാക്കുകള്‍ കൊണ്ട്  സതിരത്‌നം പറഞ്ഞുതുടങ്ങി. തൃശൂര്‍ കുന്നംകുളത്ത് ‘വൈശാഖം’ വീട്ടില്‍ ഒരു സന്ധ്യയ്‌ക്കെത്തിയപ്പോള്‍ നായ്ക്കളുമായി സല്ലപിക്കുകയായിരുന്നു സതിരത്‌നം. ഒന്നും രണ്ടുമല്ല രണ്ട് ഡസനോളം വരും അവരുടെ സംഖ്യ. ലോകത്തിലെ കുഞ്ഞുനായ്ക്കളായ ഷിവാവയുടെ വലിയ ശേഖരം എപ്പോഴും സതീരത്‌നമെന്ന അമ്മയ്ക്ക് ചുറ്റിലുമുണ്ട്. ചിലര്‍ മടിയില്‍, ചിലര്‍ തോളില്‍, ചിലര്‍ കാല്‍പ്പാദം തലോടി, ചിലര്‍ മുടിയിഴയ്ക്കുള്ളില്‍ വിരലോടിച്ച്.

അങ്ങനെ കാണുന്നവരുടെ കണ്ണിലേയ്ക്ക് എപ്പോഴും സംക്രമിപ്പിച്ചുകൊണ്ടിരിക്കുന്ന സ്‌നേഹത്തിന്റെ ഒരു പെരുംതിര വൈശാഖത്തിലുണ്ട്. അത് ആരും തിരിച്ചറിയും.  ഇങ്ങനെയൊരു വീടുണ്ടോ. ഇവിടെ കുഞ്ഞുനായ്ക്കളാണോ മനുഷ്യരാണോ അംഗങ്ങള്‍ എന്ന് തോന്നിപ്പോകും വിധമാണ് വൈശാഖത്തിലെ കാഴ്ചകള്‍. അടുക്കളയിലെ പാചകമേശ മുതല്‍ കിടക്കറയിലെ പട്ടുമെത്തയില്‍ വരെ കുഞ്ഞ് ഷിവാവകളുടെ സാന്നിധ്യം കാണാം. അമ്മ കുളിക്കുമ്പോഴും പുറത്ത് കാവലുണ്ട് ഒരു ഡസനോളം വരുന്ന കുഞ്ഞന്‍പട്ടാളം. മകരത്തിലെ മഞ്ഞില്‍ കമ്പിളിപ്പുതപ്പിനടയില്‍ സതീരത്‌നത്തോടൊപ്പം ഉറങ്ങാന്‍ അവര്‍ മത്സരത്തിലാണ്. മൃഗസ്‌നേഹത്തിന്റെ ലോകമാതൃകകളില്‍ ഒന്നായി കുന്നംകുളത്തെ വൈശാഖം വീടും സ്ഥാനം പിടിച്ചുകഴിഞ്ഞു.  വിപ്ലവത്തിന്റെ ധ്രുവനക്ഷത്രമായി ലോകമെമ്പാടുമുള്ള വിപ്ലവകാരികളുടെ മനസ്സില്‍ മിന്നുന്ന ഏണസ്റ്റോ

ചെഗുവേരയുടെ പ്രിയപ്പെട്ട ഓമനയായിരുന്നു ഷിവാവ. ഒരു മെക്‌സിക്കന്‍ മെയ് വഴക്കമായിരിക്കാം ഗറില്ലാപ്പോരാളിയുടെ മനസ്സിലേക്ക് ഇവരെ എത്തിച്ചതെന്ന് കരുതുന്നവരുണ്ട്.  അങ്ങനെ തന്നെയാണ് ഷിവാവയുടെ പ്രസിദ്ധി. ഇത്തിരികുഞ്ഞനെങ്കിലും എന്നോളം വലിയ ആളില്ലെന്ന ഭാവമുണ്ട്. വിശ്വസ്തനായ കൂട്ടുകാരന്‍. ചെറുതെങ്കിലും വലിയ നായുടെ എല്ലാ ഗുണങ്ങളും. നില്ക്കുന്നത് തറയിലെങ്കിലും ആകാശത്തോളം പോന്ന കുര. ആനയോളം വലിപ്പമുള്ള ‘അണ്ണന്‍’നായ്ക്കളോടും മല്ലിടാന്‍ ചെല്ലും. ആപ്പിള്‍തലയില്‍ ഒളിഞ്ഞിരിക്കുന്ന ആ കണ്ണുകളില്‍ കുസൃതിചിരി കാണാം.  ഉയരം 15 സെ.മീ. ഭാരം ഏറിയാല്‍ ഒരു കിലോ മുതല്‍ 11/2 കിലോ വരെ. പോക്കറ്റ് നായയെന്ന് ആളുകള്‍ ചിരിയോടെ വിളിക്കുമെങ്കിലും പോക്കറ്റില്‍ കയറിയിരുന്ന് അഭ്യാസം കാണിക്കാനും മടിക്കാറില്ല. ഇരുപത്തിമൂന്ന് എന്നാല്‍ സതിരത്‌നം എന്ന വീട്ടമ്മയ്ക്ക് വെറുമൊരു സംഖ്യയല്ല.

സ്വന്തം വീട്ടിലെ ഇരുപത്തിമൂന്ന് രത്‌നങ്ങളാണ് ഇരുപത്തിമൂന്ന് കുഞ്ഞുനായ്ക്കള്‍. രണ്ട് പതിറ്റാണ്ട് മുമ്പാണ് പോക്കറ്റ് നായയായ ഷിവാവ ആസ്‌ട്രേലിയയില്‍ നിന്ന് കുന്നംകുളത്തെ വൈശാഖത്തിലെത്തിയത്. ‘റാണ’ എന്ന ഓമനപ്പേരായിരുന്നു അവള്‍ക്കിട്ടത്. കുഞ്ഞന്‍ നായയോടുള്ള പ്രേമം മൂത്തപ്പോള്‍ സതിരത്‌നത്തെ ഭര്‍ത്താവ് ഡോ. ദേവദാസ് പ്രോത്സാഹിപ്പിച്ചു.  ഇഎന്‍ടി സര്‍ജനായ ഭര്‍ത്താവ് ദേവദാസ് കൂടി ചേര്‍ന്നപ്പോള്‍ നായ്ക്കൂടാരം വിശാലമായി. അന്താരാഷ്ട്ര കെന്നല്‍ഷോയില്‍ റണ്ണറപ്പായ ‘സ്വീറ്റി’,  ‘സിന്‍ഡ്രല്ല’, ‘ഓവര്‍ സീസ് വണ്ടര്‍’,  ‘ജൂലി’, ‘പ്രിറ്റി’ എന്നിങ്ങനെ പോയി സതിയുടെ ഓമനകളുടെ നിര. കുഞ്ഞ് നായ്ക്കള്‍ക്കായി വൈശാഖത്തില്‍ കൂടുകളൊരുങ്ങി. സ്ഫടികമതിലുകളുള്ള കൂട്ടില്‍ എക്‌സ്‌ഹോസ്റ്റ് ഫാനുകളും ബാത്ത് റൂം കോര്‍ണറുകളുമൊക്കെ ഒരുങ്ങി. പെറ്റ്ഫുഡ് പാലില്‍ കുതിര്‍ത്ത് ബ്രേക്ക് ഫാസ്റ്റാക്കി വച്ച് സ്വന്തം ആഹാരവുമായി വാവകളോടൊപ്പമിരുന്നാണ് സതിയുടെ ഭക്ഷണം.

വൈശാഖത്തില്‍ കോഴിമുട്ട വാങ്ങിയാല്‍ എണ്ണം ഇരുപത്തിയഞ്ച് എന്നൊരു കണക്കുണ്ട്. ഇരുപത്തിമൂന്ന് വാവകള്‍ക്കും രണ്ട് യജമാനന്മാര്‍ക്കും.  സ്വന്തം തോട്ടത്തിലെ പച്ചക്കറികള്‍ ആഹാരമാക്കുന്നത് വീട്ടുകാര്‍ മാത്രമല്ല കൂട്ടുകാരായ വാവകള്‍ കൂടിയാണ്. ക്യാരറ്റും പയറുമൊക്കെ ഷിവാവ നായ്ക്കള്‍ക്കും പ്രിയം. വാലുവിരിഞ്ഞ് പീലികുത്തിയ റാണയാണ് ഇപ്പോള്‍ താരം. മിക്കപ്പോഴും സതിയുടെ മാറിലുണ്ട് അവള്‍. ഒറ്റയടിക്ക് മൂന്നുകുട്ടികളെ പ്രസവിച്ചതേയുള്ളൂ.  റാണയുടെ മാറില്‍ നിന്ന് കുട്ടികള്‍ ഇമുറ്റത്തെത്തിയ കരിമൂര്‍ഖന്റെ കടിയേല്ക്കാതെ സ്വന്തം പേരക്കുട്ടിയെ സംരക്ഷിച്ച ‘ഓവര്‍സീസ് വണ്ടറിന്റെ’ പ്രകടനം ചങ്കിടിപ്പോടെയാണ് ഇന്നും ഓര്‍ക്കുന്നത്. കരിയിലകളില്‍ പറ്റിക്കിടന്ന വിഷപ്പാമ്പ് ഫണമുയര്‍ത്തിയപ്പോള്‍ പോകാമായിരുന്നത് മുറ്റത്ത് കളിച്ചിരുന്ന പേരക്കുട്ടിയുടെ ജീവനായിരുന്നു. അത് തിരികെ നല്കിയത് വണ്ടറിന്റെ മെയ്ക്കരുത്ത് തന്നെ. ബൊളീവിയന്‍ കാടുകളിലെ ഗറില്ലാപ്പോരാട്ടം തന്നെയായിരുന്നു അതെന്ന് സതിയോര്‍ക്കുന്നു. കരുത്തും ബുദ്ധിയുമൊക്കെയുണ്ടെങ്കിലും

ഇളംചൂട് നുകരുമ്പോള്‍ കിട്ടുന്ന ഇടവേളകളില്‍ അവള്‍ സതിയമ്മയുടെ മാറിലേക്ക് ചായും. ചൂട് നുകരാന്‍ വേണ്ടിത്തന്നെ.

വൈകാരികമായി തന്നെ കീഴ്‌പ്പെടുത്തിയ ഒരവസരം കൂടിയുണ്ടെന്ന് സതി പറഞ്ഞു. ‘പ്രിന്‍സ’് എന്ന ഷിവാവയെ  ഒരു സ്‌നേഹിതയ്ക്ക് ഒരിക്കല്‍ നല്കി. വീട്ടില്‍ നിന്ന് സതിയെ പിരിഞ്ഞ് അവരോടൊപ്പം പോകുമ്പോള്‍ അവന്റെ കണ്ണില്‍ നിന്ന് നീര്‍ക്കുടം പുറത്തുചാടി.

ഒടുവില്‍ മനസ്സില്ലാമനസ്സോടെ കൊടുത്തയച്ചു. ഗേറ്റിന് പുറത്തെത്തിയപ്പോള്‍ കരഞ്ഞുതീര്‍ന്ന അവന്റെ കണ്ണുകളിലേക്ക് നോക്കിനിന്നു. കണ്ണുകളുടെ സ്ഥാനത്ത് കണ്ടത് രണ്ട് കല്ലുകളാണെന്ന് പറയുമ്പോള്‍ സതി കരഞ്ഞു. കഥ കേട്ട എല്ലാവരുടെയും കണ്ണു നനയിച്ചു. ഷിവാവ നായ്ക്കളുടെ സെഞ്ച്വറി തീര്‍ക്കാന്‍ ഒരുങ്ങുകയാണ് സതിരത്‌നം. എത്ര ചെലവ് വന്നാലും വീട്ടിലെ കൂട്ടുകാരെ ഒഴിവാക്കില്ല.

ആ സ്‌നേഹം പങ്കുവയ്ക്കപ്പെടാതിരിക്കുവാനും കരുതല്‍ കലര്‍ന്ന അസൂയയുണ്ട് . ‘അസൂയയല്ല സ്വകാര്യ അഹങ്കാരം കൂടിയാണ് എനിക്കത്. സതി പറഞ്ഞു നിറുത്തി.  സ്‌നേഹത്തിന്റെ പാല്‍ക്കിണ്ണം തുളുമ്പുന്ന ലാവണ്യഭൂമിയായ ‘വൈശാഖ’ത്തിന്റെ പൂമുറ്റത്തിരുന്ന് സതിരത്‌നം പേരുചൊല്ലിവിളിച്ചു. ജൂലീ… പ്രിറ്റീ….പ്രിന്‍സ്.. പലയിടത്തുന്നായി അവര്‍ ഓടി വന്നു. സതിയമ്മയുടെ മേനിയില്‍ കയറി. സ്‌നേഹത്തിന്റെ വല്മീകത്തില്‍ സതിരത്‌നത്തെ പൊതിഞ്ഞു.