Tuesday
20 Feb 2018

രക്ഷാകര്‍ത്താക്കള്‍ ജാഗ്രതൈ…

By: Web Desk | Friday 9 February 2018 9:42 PM IST

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം പത്തനംതിട്ടയിലും സജീവം

പത്തനംതിട്ട: മധുരപലഹാരങ്ങളും പെന്‍സില്‍ പേന മുതലായവ കാണിച്ച് പ്രലോഭിപ്പിച്ച് കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘം ജില്ലയില്‍ വിഹരിക്കുന്നു. കഴിഞ്ഞ ദിവസം മലയാലപ്പുഴ, മുക്കുഴി, കല്ലുങ്കത്രപടിയില്‍ നടന്ന സംഭവം. ഇതിന് തെളിവാണ്.
സ്‌കൂളില്‍ നിന്നും തിരികെ എത്തിയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനു സമിപതെത്തിയപ്പോള്‍ 3.30 മണിയോടുകൂടി ഒമിനി വാനില്‍ എത്തിയ സംഘം പെന്‍സില്‍ കാണിച്ച് പ്രലോഭിപ്പിച്ചു. തുടര്‍ന്ന് വാഹനത്തിനകത്തു കയറിയാല്‍ പെന്‍സില്‍ നല്‍കാം എന്നു പറഞ്ഞ് കൈയ്യില്‍ കടന്നു പിടിക്കാന്‍ ശ്രമിച്ചു. കുട്ടി ഉറക്കെ നിലവിളിച്ചപ്പോള്‍ കുട്ടിയുടെ മാതാവും സമീപവാസികളും ഓടിയെത്തി ഈ സമയം ഒമിനി വാന്‍ അതിവേഗത്തില്‍ പാഞ്ഞു പോകുകയായിരുന്നു. സമാനമായ നിരവധി സംഭവങ്ങള്‍ ഇതിനുമുമ്പും കുമ്പളാംപൊയ്ക, വള്ളിയാനി, തലച്ചിറ, മുക്കുഴി, പൊതിപ്പാട് ഭാഗത്ത് അരങ്ങേറിയിട്ടുണ്ട്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നിരവധി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന പാതയാണിത്. ഈ ഭാഗത്ത് പൊലീസ് പെട്രോളിംങ്ങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുമ്പളാംപൊയ്ക ഹൈസ്‌കൂള്‍, പൊതിപ്പാട് സ്‌കൂള്‍, വടശ്ശേരിക്കര എന്നിവിടങ്ങളില്‍ നിന്നും നിരവധി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആണ് ഈ വഴി ദിനവും യാത്ര ചെയ്യുന്നത്. ചെങ്ങറമുക്ക് തലച്ചിറ റോഡിന്റെ ശോചനീയാവസ്ഥ കാരണം ഈ വഴി വാഹനയാത്രയും കുറവാണ്. നേരത്തെ വാഹനങ്ങളില്‍ ഇതുവഴി യാത്ര ചെയ്തിരുന്ന പലകുട്ടികളും കാല്‍ നടയായി സ്‌കൂളില്‍ പോകേണ്ട അവസ്ഥയാണ് ഇപ്പോള്‍.
അതിനാല്‍ സാമൂഹ്യ വിരുദ്ധരും ഭിക്ഷാടന മാഫിയയും ഈ പ്രദേശങ്ങള്‍ തിരഞ്ഞെടുക്കുന്നു. നിരവധി അന്യ സംസ്ഥാന തൊഴിലാളികളും ഈ പ്രദേശങ്ങളില്‍ താമസമാക്കിയിട്ടുണ്ട്. ഈപ്പോള്‍ ഈ ഭാഗങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നതിന് ആളുകള്‍ കൂടുതല്‍ ആശ്രയിക്കുന്നത് പുല്ലാമല വള്ളിയാനി റോഡാണ്. ഇതവഴിയും ദിനംപ്രതി നിരവധി സ്‌കൂള്‍ കുട്ടികള്‍ കാല്‍ നടയായി യാത്ര ചെയ്യാറുണ്ട്.
മയക്കമരുന്നിന്റെ വിതരണവും ഉപയോഗവും ഈ പ്രദേശത്ത് സജീവമാണ് എന്നാണ് പരക്കെയുള്ള ആക്ഷേപം. മലയാലപ്പുഴ പൊലീസ് സ്റ്റേഷന്‍ വന്നതോടുകൂടി പിന്‍മാറിയ മദ്യപ സംഘം ഇപ്പോള്‍ മയക്കുമരുന്ന് ഉപയോഗത്തിലും വിപണനത്തിലും ശ്രദ്ധ വയ്ക്കുന്നു.
പത്തനംതിട്ട, റാന്നി, മലയാലപ്പുഴ പൊലീസ്റ്റേഷനുകളുടെ അതിര്‍ത്തിയാണ് കുമ്പളാംപൊയ്ക. അടുത്തകാലത്തായി ഈ പ്രദേശങ്ങളില്‍ നിരവധി മോഷണ ശ്രമവും നടന്നിരുന്നു. ഇത്തരത്തിലുള്ള അവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശവാസികള്‍ തങ്ങളുടെ കുട്ടികളെ ഭയത്തോടെയാണ് സ്‌കൂളിലേയ്ക്ക് അയയ്ക്കുന്നത്.

  • മധുരപലഹാരങ്ങളും പെന്‍സില്‍ പേന മുതലായവ കാണിച്ച് പ്രലോഭിപ്പിച്ച് കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘം ജില്ലയില്‍ വിഹരിക്കുന്നു.
  • ചെങ്ങറമുക്ക് തലച്ചിറ റോഡിന്റെ ശോചനീയാവസ്ഥ കാരണം ഈ വഴി വാഹനയാത്രയും കുറവാണ്.
  • നിരവധി അന്യ സംസ്ഥാന തൊഴിലാളികളും ഈ പ്രദേശങ്ങളില്‍ താമസമാക്കിയിട്ടുണ്ട്. മയക്കമരുന്നിന്റെ വിതരണവും ഉപയോഗവും ഈ പ്രദേശത്ത് സജീവമാണ് എന്നാണ് പരക്കെയുള്ള ആക്ഷേപം.
  • അടുത്തകാലത്തായി ഈ പ്രദേശങ്ങളില്‍ നിരവധി മോഷണ ശ്രമവും നടന്നിരുന്നു.