Saturday
18 Nov 2017

ശോഭായാത്രയില്‍ കുഞ്ഞിനെ കെട്ടിയിട്ടു; ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

By: Web Desk | Thursday 14 September 2017 5:02 PM IST

കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ പയ്യന്നൂരില്‍  നടന്ന ശോഭായാത്രയില്‍ ആലിലയില്‍  മൂന്നുവയസുള്ള കുഞ്ഞിനെ മണിക്കൂറുകളോളം  കെട്ടിയിട്ടു പ്രദര്‍ശിപ്പിച്ചച്ചതിനു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തിലാണു കേസ്.
മൂന്നു വയസ്സുള്ള കുഞ്ഞിനെ രണ്ടര മണിക്കൂര്‍ വെയിലത്തു കിടത്തിയെന്നാണ് ആരോപണം.
ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി, കലക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ എന്നിവര്‍ രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. കുട്ടികളുടെ അവകാശ സംരക്ഷണത്തിനു സര്‍ക്കാര്‍ നേരത്തേ പുറപ്പെടുവിച്ച ഉത്തരവുകള്‍ നടപ്പാക്കുന്നതിലെ പുരോഗതി അറിയിക്കാനും കമ്മിഷന്‍ ആവശ്യപ്പെട്ടു.
ആലിലയിലുറങ്ങുന്ന കൃഷ്ണന്റെ പ്രതീകാത്മക രൂപം സൃഷ്ടിക്കാന്‍ ആലിലയുടെ രൂപത്തിലുണ്ടാക്കിയ ചെരിഞ്ഞ പ്ലാറ്റ്‌ഫോമില്‍ ശ്രീകൃഷ്ണ വേഷം ധരിച്ച  കുഞ്ഞിനെ കെട്ടിയിടുകയായിരുന്നു.  വിവേകാനന്ദ സേവാ സമിതിയുടെ നേതൃത്വത്തിലാണ് ഘോഷയാത്ര നടത്തിയത്.  മൂന്ന് മണിയോടെ വിവിധ വേഷങ്ങള്‍ കെട്ടിച്ചുള്ള കുട്ടികളെ വാഹനങ്ങളില്‍ എത്തിക്കുകയായിരുന്നു. അതില്‍ ഒന്നായിരുന്നു ആലിലയിലെ കൃഷ്ണന്‍.  കുട്ടിയുടെ അരഭാഗം ഇലയില്‍ കെട്ടിവച്ചിരിക്കുകയായിരുന്നു. കൂടാതെ വെയില്‍ ഏല്‍ക്കാതെ കണ്ണും അടച്ച് തലചെരിച്ചാണ് കുട്ടി കിടന്നിരുന്നതെന്നും ആരോപണമുണ്ടായിരുന്നു.
Related News