Sunday
19 Nov 2017

സംസ്ഥാനത്ത് ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു

By: Web Desk | Saturday 28 October 2017 9:45 PM IST

ഡാലിയ ജേക്കബ്
ആലപ്പുഴ: സംസ്ഥാനത്ത് ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നതായി ചൈല്‍ഡ് ലൈന്‍ അധികൃതരുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആലപ്പുഴ ചെങ്ങന്നൂരില്‍ ജൂണ്‍ മാസത്തില്‍ ശൈശവ വിവാഹം നടന്നുവെന്ന് കണ്ടെത്തിയത് ഏറെ വിവാദമായിരുന്നു.
മലപ്പുറം, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ ഗ്രാമപ്രദേശങ്ങളിലാണ് ശൈശവ വിവാഹം നടക്കുന്നുണ്ടെന്നുള്ള പരാതികള്‍ ലഭിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ശൈശവ വിവാഹം കുറവാണ്. എന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റം വര്‍ധിച്ചതാണ് ശൈശവ വിവാഹം വീണ്ടും ഇവിടെ വര്‍ധിക്കുവാന്‍ കാരണമായത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ശൈശവ വിവാഹം നടക്കുന്നത് ബിഹാറിലാണ്. കേരളത്തിലെ ആദിവാസി കോളനികളിലും അപരിഷ്‌കൃതമായ സമുദായങ്ങളുടെ ഇടയിലും മാത്രം നടന്നുവന്നിരുന്ന ശൈശവ വിവാഹ സമ്പ്രദായം ഇപ്പോള്‍ ചില മേഖലകളില്‍ സാധാരണമാകുന്നതായി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പറയുന്നു.
ചെങ്ങന്നൂര്‍ മുളക്കുഴയ്ക്കടുത്ത് കോളനിയില്‍ അടുത്തിടെ നടന്ന ശൈശവ വിവാഹം വിവാദമായിരുന്നു. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് വീട്ടുകാര്‍ 16 കാരിയെ അയല്‍ക്കാരന് വിവാഹം ചെയ്തുകൊടുത്തുവെന്നാണ് കളക്ടര്‍ക്ക് പരാതി ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം കോഴിക്കോട് നൈനാവിളയില്‍ പതിനാറുകാരിയെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് വിവാഹം നടത്തിയിരുന്നു. ഇത് അധികൃതരുടെ ശ്രദ്ധയില്‍പെടാതിരിക്കുവാന്‍ വേണ്ടി പരസ്യ ചടങ്ങുകള്‍ ഒഴിവാക്കി പള്ളി കമ്മിറ്റിയുടെ കാര്‍മ്മികത്വത്തില്‍ രാത്രിയിലാണ് വീട്ടുകാര്‍ വിവാഹം നടത്തിയത്.
ആലപ്പുഴ ജില്ലയില്‍ മാത്രം ചൈല്‍ഡ് ലൈനില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ എട്ട് പരാതികളാണ് സമാന രീതിയില്‍ ലഭിച്ചിട്ടുള്ളത്. 15 മുതല്‍ 18 വയസ്സ് വരെയുള്ള പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ വിവാഹം കഴിക്കുന്നത്. പലപ്പോഴും ഒളിച്ചോടുന്നതിന് പിന്നാലെയാണ് ശൈശവ വിവാഹങ്ങള്‍ നടക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തത് പ്രായപൂര്‍ത്തിയായ ആളാണെങ്കില്‍ ഭര്‍ത്താവിന് രണ്ട് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ ലഭിക്കുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും ഇതേ ശിക്ഷ ലഭിക്കും.
സംസ്ഥാനത്ത് വ്യാപകമാകുന്ന ശൈശവ വിവാഹം തടയാന്‍ സാമൂഹ്യ വകുപ്പ് കര്‍ശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ശൈശവ വിവാഹങ്ങള്‍ക്കെതിരെ നടപടി എടുക്കേണ്ട ഉദ്യോഗസ്ഥര്‍ ഈ നിയമവിരുദ്ധ പ്രവര്‍ത്തി കണ്ടില്ലെന്ന് നടിക്കുകയോ കൂട്ടുനില്‍ക്കുകയോ ചെയ്താല്‍ അവരും കര്‍ശന നടപടികള്‍ക്ക് വിധേയരാകും.
ജില്ലാ ശിശുസംരക്ഷണ ഓഫീസറാണ് ശൈശവ വിവാഹം തടയാന്‍ അധികാരമുള്ള ഉദ്യോഗസ്ഥന്‍. 18 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹത്തിന് പ്രേരിപ്പിച്ചാല്‍ മാതാപിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് സാമൂഹ്യ നീതിവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് മാസത്തിലൊരിക്കല്‍ ജില്ലയില്‍ ശൈശവ വിവാഹങ്ങള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അങ്കണവാടി വര്‍ക്കര്‍മാര്‍ തങ്ങളുടെ സ്ഥാപനത്തിന്റെ പരിധിയില്‍ എവിടെയെങ്കിലും ശൈശവ വിവാഹം നടന്നതായി അറിഞ്ഞാല്‍ ഉടന്‍തന്നെ അധികൃതരെ അറിയിക്കണമെന്നും സാമൂഹ്യനീതി വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പല ജില്ലകളിലും ശൈശവ വിവാഹങ്ങള്‍ നടക്കുന്നുണ്ടെന്നും ഭൂരിപക്ഷവും റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും നിയമവിരുദ്ധമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു.

Related News