Sunday
19 Nov 2017

നവംബര്‍ 14 – 20 വരെ ബാലാവകാശ ദിനാചരണം നടത്തുന്നു

By: Web Desk | Sunday 12 November 2017 7:53 PM IST

വിഴിഞ്ഞം:

കുട്ടികളുടെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്തമാണ് എന്ന മുദ്രാവാക്യമുയര്‍ത്തി കേരളത്തിലാകമാനം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും സാമൂഹിക നീതി വകുപ്പും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി ദേശീയ ശിശുദിനമായ നവംബര്‍ 14 മുതല്‍ സാര്‍വ്വദേശീയ ശിശുദിനമായ നവംബര്‍ 20 വരെ ബാലാവകാശ ദിനാചരണം നടത്തുന്നു. ജനമൈത്രി പോലീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഐ.സി.ഡി.എസ്, തിരുവനന്തപുരം നഗരസഭ, കോട്ടുകാല്‍, വിഴിഞ്ഞം ഗ്രാമപഞ്ചായത്തുകള്‍, ചപ്പാത്ത് ശാന്തിഗ്രാം, വിഴിഞ്ഞം ലയണ്‍സ് ക്ലബ്ബ്, സി ആര്‍ എവി എസ്, റസിഡന്‍സ് അസോസിയേഷനുകള്‍, കുടുംബശ്രീ, പ്രാഥമികാരോഗ്യ കേന്ദ്രം, തിരു. നാഷണല്‍ കോളേജ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും സഹകരണത്തോടെ വിഴിഞ്ഞം മേഖലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇതിനായി നല്ല മക്കള്‍ വിഴിഞ്ഞം എന്നപേരില്‍ സംഘാടക സമിതി രൂപീകരിച്ചു.
തിരുവനന്തപുരം ജില്ലയിലെ മലയോര കടലോര മേഖലകളെ കേന്ദ്രീകരിച്ച് നടത്തുന്ന ജില്ലാതല പരിപാടികളുടെ ഭാഗമായുള്ള വിഴിഞ്ഞം മേഖലാതല വിളംബര യാത്ര ഇന്ന് (131117) രാവിലെ നടക്കും.മദ്യപാനം, ലിംഗവിവേചനം, മയക്കുമരുന്ന് എന്നീ വിഷയങ്ങള്‍ കോര്‍ത്തിണക്കി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന തെരുവ് നാടക അവതരണവും നടക്കും.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി സ്‌കൂള്‍ തലത്തില്‍ ഉപന്യാസം, ചിത്രരചന, പ്രസംഗം / സംവാദം എന്നീ മത്സരങ്ങളും ഉണ്ടായിരിക്കും. തിരു . നാഷണല്‍ കോളേജിലെ സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന ദൃഷ്ടി 2017 പോസ്റ്റര്‍ പ്രദര്‍ശനം, ചൈല്‍ഡ് ലൈന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജോബി കൊണ്ടൂര്‍ നയിക്കുന്ന തെരുവ് പ്രശ്‌നോത്തരി, പൊതുസമ്മേളനം, മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം, ലൊയോള കോളേജിലെവിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തെരുവ് നാടകം അവതരിപ്പിക്കുന്നതിന് താല്പര്യപ്പെടുന്നവര്‍ 9447100014 എന്ന നമ്പരില്‍ ബന്ധപ്പെടുക.