Sunday
22 Oct 2017

ദോക്‌ലാമില്‍ പണി തുടരും: ചൈന

By: Web Desk | Tuesday 10 October 2017 12:47 AM IST

ബീജിങ്: ദോക് ലാമില്‍ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ചൈന. ചുംബി താഴ്‌വരയില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നിലവില്‍ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനുള്ള പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നിര്‍മാണത്തോടുള്ള ഇന്ത്യന്‍ പ്രതിഷേധം വളരെ വിചിത്രമാണ്. ഭ്രാന്തവും ധാര്‍ഷ്ട്യവും നിറഞ്ഞ പെരുമാറ്റമാണ് ഇന്ത്യയുടേതെന്നും ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് പറയുന്നു. പ്രശ്‌ന മേഖലയില്‍നിന്നു പത്തു കിലോമീറ്റര്‍ മാത്രം ദൂരെയാണു ചുംബി താഴ്‌വര.
ദോക്‌ലായില്‍ പുതിയ റോഡുകള്‍ നിര്‍മിക്കരുതെന്ന ഇന്ത്യന്‍ നിലപാടും ഗ്ലോബല്‍ ടൈംസ് ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ റോഡുനിര്‍മാണത്തിനു പറ്റിയ സമയമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ നിലപാടെന്നാണ് വിശദീകരണം.
ദോക് ലാ ചൈനയുടെ സ്ഥലമാണ്. ചൈനീസ് സര്‍ക്കാരിന്റെ വ്യക്തമായ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും പ്രവര്‍ത്തിക്കുന്ന പ്രദേശമാണ് ദോക് ലാ. സംഘര്‍ഷസമയത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന തിരക്കിലായിരുന്നു തങ്ങളെന്നും ഇവര്‍ ഗ്ലോബല്‍ ടൈംസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യയെയും വടക്കുകിടക്കന്‍ സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ‘ചിക്കന്‍സ് നെക്ക്’ എന്നു വിളിക്കപ്പെടുന്ന റോഡിനോടു ചേര്‍ന്നാണു ചൈന ആദ്യം റോഡ് നിര്‍മിച്ചത്. നിര്‍മാണം പൂര്‍ത്തീകരിച്ചാല്‍ ഇന്ത്യന്‍ മേഖലയില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ കൃത്യമായ നിരീക്ഷണം നടത്താന്‍ ഈ റോഡ് വഴി ചൈനയ്ക്കാകും. ഈ റോഡിന്റെ പണിക്കായി കൊണ്ടുവന്ന നിര്‍മാണ സാമഗ്രികളും ബുള്‍ഡോസ്സറുകളും ഇപ്പോള്‍ 10 കിലോമീറ്റര്‍ മാറി പണിതിരിക്കുന്ന റോഡിന്റെ പുനര്‍നിര്‍മാണത്തിനായി ഉപയോഗിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് .