Thursday
24 Jan 2019

റോബോട്ടുകളെ വാര്‍ത്താ വായനക്കാരാക്കി ചൈന

By: Web Desk | Friday 9 November 2018 7:35 PM IST

ബെയ്ജിങ്: റോബോട്ടുകളെ വാര്‍ത്താ വായനക്കാരാക്കി ചൈനയുടെ പുതിയ വിപ്ലവം.
ചൈനയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് വാര്‍ത്താ അവതരണത്തിനായി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന റോബോട്ടുകളെ രംഗത്തിറക്കിയത്. സിന്‍ഹുവയും ചൈനീസ് സെര്‍ച്ച് എന്‍ജിനായ സോഹുവും ചേര്‍ന്നാണ് ഈ റോബോട്ടുകളെ വികസിപ്പിച്ചത്.
പ്രൊഫഷണല്‍ വാര്‍ത്താ അവതാരകനെ പോലെ കൃത്യതയോടെ വാര്‍ത്ത വായിക്കുന്ന ഈ റോബോട്ടുകള്‍ കാഴ്ചയിലും മനുഷ്യരെപ്പോലുണ്ടാകും.
യഥാര്‍ഥ വാര്‍ത്താ അവതാരകന്റെ ശബ്ദവും ഭാവവും അനുകരിച്ചാവും ഈ യന്ത്രമനുഷ്യരുടെ വായന. ഷാഗ് ഷാവോയെന്ന വാര്‍ത്താ അവതാരകന്റെ രൂപത്തിലും ശബ്ദത്തിലുമാണ് റോബോട്ടിനെ സിന്‍ഹുവ രംഗത്തിറക്കിയത്.
ഷാഗിന്റെ ചുണ്ടിന്റെ ചലനങ്ങള്‍, മുഖഭാവങ്ങള്‍, സംസാര രീതി എന്നിവ മനസ്സിലാക്കിയാണ് റോബോട്ടിനെ നിര്‍മ്മിച്ചിരിക്കുന്നത്. എന്റെ മുന്നിലെത്തുന്ന വാര്‍ത്തകള്‍ വിശ്രമമില്ലാത ഞാന്‍ നിങ്ങള്‍ക്ക് മുന്നിലെത്തിക്കുമെന്ന ഇംഗ്ലീഷിലുള്ള ആമുഖത്തോടെയാണ് റോബോട്ട് അവതാരകന് വായന തുടങ്ങിയത്.
നിലവില്‍ ഇംഗ്ലീഷില്‍ വാര്‍ത്ത വായിക്കുന്ന അവതാരകനാണുള്ളതെന്നും ചൈനീസ് ഭാഷയില്‍ വാര്‍ത്ത വായിക്കുന്ന അവതാരകന്റെ പണിപ്പുരയിലാണെന്നും സിന്‍ഹുവ വ്യക്തമാക്കി. എന്നാല്‍, റോബോട്ടിന്റെ ശബ്ദവും വാര്‍ത്താ അവതരണവും അത്ര സുഖകരമല്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.