Tuesday
11 Dec 2018

സത്യം തുറന്നുപറഞ്ഞാല്‍ കൈവിലങ്ങോ?

By: Web Desk | Tuesday 9 January 2018 10:27 PM IST

ഇന്ത്യയ്ക്ക് മേല്‍ ഉദിക്കുന്ന സൂര്യന്റെ രശ്മി ഇരുട്ടാകുകയാണോ? പൗരസ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും മരീചികയാകുകയാണോ? ആധാര്‍ വിവരച്ചോര്‍ച്ചയെക്കുറിച്ച് വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ‘ദി ട്രിബൂണ്‍’ ദിനപ്പത്രത്തിനും റിപ്പോര്‍ട്ടര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നു. ഡല്‍ഹി ക്രൈംബ്രാഞ്ചിന്റെ സൈബര്‍സെല്‍ വിഭാഗമാണ് കേസെടുത്തിരിക്കുന്നത്. കേസ് മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഭീഷണിയാണ്. പൊതുജനതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള അന്വേഷണാത്മക റിപ്പോര്‍ട്ടിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്.
മാധ്യമ പ്രവര്‍ത്തകരും ബ്ലോഗെഴുത്തുകാരും വര്‍ഗീയവാദികളാലും മാഫിയകളാലും ഭരണകൂട അനുയായികളാലും ആക്രമിക്കപ്പെടുന്നു. നിരപരാധികളും നിരായുധരുമായ ആളുകള്‍ ഇന്ത്യയിലെ തെരുവുകളില്‍ രാജ്യവ്യാപകമായി ഗോമാതക്ഷയുടെ പേരില്‍ ആക്രമിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്നു. കൊല്ലപ്പെട്ടവര്‍ക്കനുകൂലമായി പേനചലിപ്പിച്ച ഒരു മാധ്യമ പ്രവര്‍ത്തകനെ ബൈക്ക് തടഞ്ഞുനിര്‍ത്തി പിടിച്ചിറക്കി ‘ജയ് ശ്രീറാം’ വിളിപ്പിച്ച് തെരുവിലൂടെ നടത്തിച്ചു.
2017 ല്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ ജീവന്‍ നഷ്ടപ്പെട്ടു. മധ്യപ്രദേശില്‍ കഴിഞ്ഞ മെയ്മാസത്തില്‍ മാത്രം രണ്ട് മാധ്യമപ്രവര്‍ത്തകരാണ് നിഷ്ഠുരമായി കൊലചെയ്യപ്പെട്ടത്, ഉരുക്കുമുഷ്ടിയോടെയുള്ള സര്‍ക്കാര്‍ സെന്‍സര്‍ഷിപ്പ് കശ്മീരിലും ചില വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലും മാധ്യമ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തിയിരിക്കുന്നു. രാജ്യത്ത് അസഹിഷ്ണുത വളരുകയാണോ എന്ന ദേശീയ സംവാദത്തിനിടയില്‍, തങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും ഭീഷണിനേരിടുന്നു.
ദക്ഷിണേഷ്യന്‍ മാധ്യമനിരീക്ഷക സംഘടനയായ ‘ഹൂട്ടി’ന്റെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരേയുള്ള അപകീര്‍ത്തിക്കേസുകളും വര്‍ധിച്ചിരിക്കുകയാണ്. ഇതില്‍ നല്ലൊരു പങ്ക് കേസുകളും സ്വതന്ത്രമാധ്യമ പ്രവര്‍ത്തനത്തെ തടയാനുള്ളതാണ്. അക്രമാസക്തമായി ‘നവഭാരത സൃഷ്ടി’യുടെ പേരില്‍ ഹിന്ദുത്വ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കുകയാണ് കേന്ദ്രഭരണകൂടം. ഇതിന് അരുനില്‍ക്കാനും മാധ്യമങ്ങളെ കേന്ദ്രഭരണ സംവിധാനം ഉപയോഗപ്പെടുത്തി അടിച്ചമര്‍ത്താനും ശിക്ഷിക്കാനും ഒരു മടിയും കാട്ടുന്നില്ല. ഏറ്റവും ഒടുവിലത്തെ സംഭവമാണ് ‘ദി ട്രിബൂണ്‍’ ദിനപ്പത്രത്തിനും റിപ്പോര്‍ട്ടര്‍ക്കുമെതിരായ കേസ്.
ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാക്കിവയ്ക്കുന്നതില്‍ ഉദ്യോഗസ്ഥ സംവിധാനം പരാജയമാണെന്നതിനുള്ള തെളിവാണ് ‘ദ ട്രിബൂണ്‍’ റിപ്പോര്‍ട്ട് ചെയ്തത്. ആധാറിന്റെ അണ്ടര്‍ഗ്രൗണ്ട് വില്‍പനയെക്കുറിച്ച് ‘ദി ട്രിബൂണ്‍’ റിപ്പോര്‍ട്ട് പുറത്തുവിട്ടശേഷം അധികൃതരില്‍ നിന്ന് മോശം സമീപനമാണ് ഉണ്ടാകുന്നത്. വാട്‌സ് ആപ് വഴി നിശ്ചിതതുകയ്ക്ക് ആധാര്‍ വിവരങ്ങള്‍ കൊടുത്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് യുഐഡിഎഐ (യൂണിക് ഐഡന്റിഫിക്കേഷ് അതോറിറ്റി ഓഫ് ഇന്ത്യ) ചണ്ഡിഗഡ് റീജിയണല്‍ ഓഫീസില്‍ നിന്ന് ട്രിബൂണ്‍ എഡിറ്റര്‍ ഇന്‍ ചീഫിന് കത്തുവന്നു. വിരലടയാളങ്ങളോ കൃഷ്ണമണിയുടെ സ്‌കാനോ നേടാന്‍ കഴിയുമോ എന്ന ചോദ്യമാണ് റിപ്പോര്‍ട്ടറോട് യുഐഡിഎഐ ഉന്നയിച്ചത്. എത്ര ആധാര്‍ നമ്പറുകള്‍ ഇത്തരത്തില്‍ പരിശോധിച്ചു എന്നും ഇത് ആരുമായിട്ടൊക്കെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും യുഐഡിഎഐ ചോദിച്ചു. ആധാര്‍ വിവരങ്ങളുമായി ബന്ധപ്പെട്ട് യാതൊരു അവകാശലംഘനങ്ങളും സ്വകാര്യതാ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്നാണ് യുഐഡിഎഐ അവകാശപ്പെടുന്നത്. ബയോമെട്രിക് വിവരങ്ങളടക്കം പൂര്‍ണമായും സുരക്ഷിതമാണെന്ന് യുഐഡിഎഐ ആവര്‍ത്തിക്കുന്നു.
ആധാര്‍ഘടനയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് തയാറാക്കിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ യുഐഡിഎഐ നടപടി സ്വീകരിക്കുന്നത് ഇത് ആദ്യ സംഭവമൊന്നുമല്ല. ഒരേ ബയോമെട്രിക് വിവരങ്ങള്‍ നല്‍കി രണ്ട് വ്യത്യസ്ത ആധാര്‍ എടുക്കാമെന്ന് വാര്‍ത്ത നല്‍കിയ സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ടര്‍ ദിപയാന്റോയ്‌ക്കെതിരെ യുഐഡിഎഐ 2017 മാര്‍ച്ചില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. സൂക്ഷിക്കപ്പെടുന്ന ബയോമെട്രിക് വിവരങ്ങള്‍ പുനര്‍ദൃശ്യം ചെയ്ത് അനധികൃത ഇടപാടുകള്‍ സാധ്യമാണെന്ന് വ്യക്തമാക്കിയതിന് എഴുത്തുകാരനും വ്യവസായിയുമായ സമീര്‍ കൊച്ചാറിനെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഫെമിനിസ്റ്റും എഴുത്തുകാരിയുമായ കല്യാണി മേനോന്‍ സുപ്രിം കോടതിയെ അറിയിച്ചത് 13.5 കോടി ഇന്ത്യക്കാരുടെ ആധാര്‍വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ്. സ്വകാര്യതയോ വിവരസംരക്ഷണമോ വലിയ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുന്ന ഒരു രാജ്യമല്ല ഇന്ത്യ ഇന്ന്. വിവരം ചോരലുകള്‍ പുറത്തുകൊണ്ടുവരുന്നവര്‍ പൊലീസ് സ്റ്റേഷനിലെത്തും. അതേസമയം വിവരം ചോര്‍ത്തല്‍ സുഗമമായി നടക്കുകയും ചെയ്യും.
ഏറ്റവും ഒടുവിലത്തെ ലോക പ്രസ് സ്വാതന്ത്ര്യ സൂചികയില്‍ 180 രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം 136 ആണ്. തുടര്‍ച്ചയായി ആറാം തവണയും 2017 ലെ ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഫിന്‍ലാന്റ് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു. തൊട്ടുപിന്നാലെ നെതര്‍ലാന്റും നോര്‍വെയും. ഇന്ത്യയുടെ ദേശീയസ്വാതന്ത്ര്യത്തിന്റെ ഏഴ് ദശകത്തെ മാധ്യമസ്വാതന്ത്ര്യ സൂചികയെക്കാള്‍ ഇന്നത്തെ സൂചിക മോശമായി നിപതിച്ചു.
1985 ല്‍ രൂപംകൊണ്ട ഒരു അന്താരാഷ്ട്ര എന്‍ജിഒ ആണ് റിപ്പോര്‍ട്ടേഴ്‌സ് സാന്‍സ്‌ഫ്രോണ്ടിയേഴ്‌സ്. ആര്‍എസ്എഫ് എന്നറിയപ്പെടുന്ന ഈ സംഘടനയ്ക്ക് ഫ്രാന്‍സില്‍ രജിസ്‌ട്രേഷനുണ്ട്. ജനങ്ങളുടെ അറിയാനുള്ള അവകാശം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന ഈ സ്ഥാപനത്തിന് ഐക്യരാഷ്ട്രസഭയും കൗണ്‍സില്‍ ഓഫ് യൂറോപ്പും ഉപദേശക പദവി നല്‍കിയിട്ടുണ്ട്.
ബ്രസല്‍സ്, വാഷിങ്ടണ്‍, ബര്‍ലിന്‍, ടൂണിസ്, റിയോഡി ജനീറോ, സ്റ്റോക്‌ഹോം എന്നിവിടങ്ങളില്‍ ബ്യൂറോകള്‍ സ്ഥാപിച്ചിട്ടുണ്ട്. 130 രാജ്യങ്ങളില്‍ പ്രതിനിധികളുമുണ്ട്. ലോകത്തെവിടെയും ഉണ്ടാകുന്ന മാധ്യമസ്വാതന്ത്ര്യ ലംഘനത്തിന് എതിരേ ജനാഭിപ്രായം ആകര്‍ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ആര്‍എസ്എഫ് നടത്തിവരുന്നത്.
2002 മുതല്‍ ആര്‍എസ്എഫ് നടത്തിവരുന്നതാണ് മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച സര്‍വേ. തുടക്കത്തില്‍ അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെങ്കിലും വര്‍ഷങ്ങള്‍ കഴിയുന്തോറും ഗവണ്‍മെന്റുകളും അന്താരാഷ്ട്ര സംഘടനകളും ഇതിനു നല്ല പ്രാധാന്യം കല്‍പിച്ചുവരുന്നുണ്ട്. രാഷ്ട്രങ്ങളുടെ വികസനവും സംസ്‌കാരവും നിലവാരവും വിലയിരുത്തുന്നതില്‍ ഈ സൂചിക പ്രധാനമായിട്ടുണ്ട്. ഐക്യരാഷ്ട്രസഭയും ലോകബാങ്കും പോലും ഇത് ശ്രദ്ധിച്ചു തുടങ്ങി.
മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആര്‍എസ്എഫ് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ ഓരോ രാജ്യത്തിന്റെയും അവസ്ഥയിലുണ്ടായ ഏറ്റക്കുറച്ചിലുകള്‍ അവിടെ ചര്‍ച്ചാവിഷയമാകാറുണ്ട്. രാജ്യം മുമ്പോട്ട് പോയോ അല്ല പിറകിലായോ എന്നേ നമ്മളും നോക്കാറുള്ളു. ലോകം എങ്ങോട്ടാണ് പോകുന്നത്. ആര്‍എസ്എഫിന്റെ 2017 ലെ റിപ്പോര്‍ട്ട് ഇതുസംബന്ധിച്ച് ഏറെ ആശങ്ക സൃഷ്ടിക്കുന്നു. ലോകത്താകമാനം ജനാധിപത്യത്തിന്റെ അടിത്തറ ദുര്‍ബലമാകുകയാണ്. അനവധി രാജ്യങ്ങളില്‍ കരുത്തന്മാര്‍ എന്ന പേര് കേള്‍പിച്ച് അധികാരത്തിലേറിയെ പല നേതാക്കന്മാരും അമിതാധികാര വ്യഗ്രത കാട്ടുന്നതായും പൗരാവകാശങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായും കണ്ടുവരുന്നു.
ഏകാധിപത്യ ഭരണകൂടങ്ങളായിരുന്നു മുന്‍കാലങ്ങളില്‍ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ ഭീഷണി ഉയര്‍ത്തിയിരുന്നത്. അത് മാറുകയായി. ജനാധിപത്യ രാജ്യങ്ങളിലും മാധ്യമസ്വാതന്ത്ര്യം ഭീഷണി നേരിടുന്നു. മാതൃകാജനാധിപത്യ രാജ്യങ്ങള്‍ എന്ന് കരുതിപ്പോന്നിരുന്ന രാജ്യങ്ങള്‍ ആര്‍എസ്എഫ് റിപ്പോര്‍ട്ടിലെ റാങ്കിങ്ങില്‍ പിറകോട്ടു പോയി. 22-ാം സ്ഥാനം ഉണ്ടായിരുന്ന കാനഡ നാല് റാങ്ക് താഴെയെത്തി. അമേരിക്ക, പോളണ്ട്, ന്യൂസിലന്റ്, നമീബിയ, ഇന്ത്യ എന്നിവയും പിന്തള്ളപ്പെട്ട രാജ്യങ്ങളാണ്.
കാര്യങ്ങള്‍ തുറന്നെഴുതുകയോ പറയുകയോ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ ഏത് സമയത്തും സംഭവിക്കാവുന്ന ഒരു കടന്നാക്രമണത്തിന്റെ നിഴലില്‍ത്തന്നെയാണ് കഴിയുന്നത്. ഇത്തരം വെല്ലുവിളികളെ ധൈര്യപൂര്‍വം നേരിടുന്നതിനുള്ള വിശാല വീക്ഷണം മാധ്യമലോകത്തിനുള്ളില്‍ നിന്നുമാത്രമല്ല പൗരസമൂഹത്തില്‍ നിന്നാകെ ഉണ്ടാകണം.