Monday
22 Oct 2018

ഇവന്‍ എന്റെ പ്രിയ സി ജെ

By: Web Desk | Monday 13 November 2017 10:40 PM IST

വി വി കുമാര്‍

പാശ്ചാത്യ നാടകവേദിയിലെ പരീക്ഷണങ്ങള്‍ മലയാള നാടകവേദിക്ക് പരിചയപ്പെടുത്തുന്നതില്‍ സി ജെ വഹിച്ച പങ്ക് നിസ്തുലമാണ്. സി ജെ തോമസിന്റെ ജന്മശതാബ്ദി വര്‍ഷത്തിൽ ഒരു ഓര്മ.

നാടകം ഒരു ജനകീയ കലയാണ്. പ്രേക്ഷകര്‍ക്ക് യാതൊരു സാങ്കേതിക ജ്ഞാനവും കൂടാതെ ആസ്വദിക്കാം എന്നതിനപ്പുറം ഒരു സംഘം ആള്‍ക്കാരുടെ കൊടുക്കല്‍ വാങ്ങലുകളില്‍ നിന്നാണ് നാടകം ഉരുത്തിരിഞ്ഞുവരുന്നത്. അതുകൊണ്ടുതന്നെ, വിഷയവൈവിധ്യം കൊണ്ടും പങ്കാളിത്തത്തിലെ ഊര്‍ജ്ജം കൊണ്ടും സാമൂഹിക മാറ്റത്തിന് മറ്റേതൊരു കലാരൂപങ്ങളെക്കാളും മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് നാടകകല. സാമൂഹിക മാറ്റം എന്ന് പറയുമ്പോള്‍തന്നെ കേരളീയ നവോത്ഥാനത്തിന് ആക്കംകൂട്ടിയ നാടക പ്രതിഭകളായ അനേകം പേരും നാടകസംഘങ്ങളും മനസില്‍ നിറയുന്നു.
സംസ്‌കൃത നാടക വിവര്‍ത്തനങ്ങളും തമിഴ് നാടകങ്ങളും അവയുടെ അനുകരണങ്ങളും അരങ്ങുതകര്‍ത്ത കാലത്തുനിന്ന് വേറിട്ട്, അനാചാരങ്ങള്‍ക്ക് നേരെയുള്ള യുദ്ധങ്ങള്‍ക്ക് ആക്കം കൂട്ടിയ വി ടിയുടെ അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്കും കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ മുന്‍പന്തിയില്‍ നിന്ന തോപ്പില്‍ഭാസിയും കെപിഎസിയും സാമൂഹിക വിപത്തുകള്‍ക്കുനേരെ പ്രതികരിച്ച എന്‍ എന്‍ പിള്ളയുടെ കാപാലികപോലുള്ള നാടകങ്ങളും എന്‍ കൃഷ്ണപിള്ളയും കെ ടി മുഹമ്മദും തിക്കോടിയനും തുടങ്ങി എണ്ണമറ്റ നാടക പ്രതിഭകളും മലയാള നാടകചരിത്രവഴികളിലെ നാഴികക്കല്ലുകളാണ്.
1966-ല്‍ ഏലൂര്‍ കേന്ദ്രമാക്കി ആള്‍ ഇന്ത്യാ റൈറ്റേഴ്‌സിന്റെ മൂന്നാമത് വാര്‍ഷിക സമ്മേളനത്തിലെ ചര്‍ച്ചകള്‍ മലയാള നാടകവേദിയെ ആധുനികതയുടെ ദിശയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തി. ഈ സമ്മേളനത്തിന്റെ അനന്തരഫലമായിട്ടാണ് നാടക കലയെക്കുറിച്ച് കേരളത്തില്‍ ആദ്യമായി ഒരു കളരി സംഘടിപ്പിക്കപ്പെടുന്നത്. ശാസ്താംകോട്ടയില്‍ പ്രൊഫ. ജി ശങ്കരപ്പിള്ളയുടെ നേതൃത്വത്തില്‍ എം ഗോവിന്ദനും സി എന്‍ ശ്രീകണ്ഠന്‍ നായരും പി കെ വേണുക്കുട്ടന്‍ നായരും അയ്യപ്പപ്പണിക്കരുമൊക്കെയുള്ള നാടക കുതുകികളുടെ ഒരൊത്തുകൂടല്‍. അവിടെവച്ചാണ് തനതു നാടകസങ്കല്‍പ്പം രൂപം കൊള്ളുന്നത്.
നാടകം വായിച്ചു രസിച്ചാല്‍ പോരാ, കണ്ടുരസിച്ചാല്‍ പോരാ, അത് അനുഭവങ്ങളുടെയും ചോദ്യങ്ങളുടെയും ആകരമായിരിക്കണം എന്ന പുതിയ നാടകാവബോധം അങ്ങനെ ഉണ്ടായിവന്നു. മലയാള നാടകത്തിന്റെ ഈ വളര്‍ച്ചയ്ക്കിടയിലാണ് സി ജെ തന്റെ നാടക രചനകളുമായി വരുന്നത്. 1949-ലെഴുതിയ ‘അവന്‍ വീണ്ടും വരുന്നു; 1954-ല്‍ പ്രസിദ്ധീകരിച്ച 1128-ല്‍ ക്രൈം 27, 1955-ല്‍ എഴുതിയ ‘ആ മനുഷ്യന്‍ നീതന്നെ’ എന്നീ നാടകങ്ങള്‍ സി ജെ തോമസെന്ന പ്രതിഭാധനനായ നാടകക്കാരനെ അടയാളപ്പെടുത്തുന്നു. ‘ആ മനുഷ്യന്‍ നീ തന്നെ’ എന്ന നാടകം 1955-ലാണ് എഴുതിയതെങ്കിലും 13 കൊല്ലങ്ങള്‍ക്ക് ശേഷമാണ് അത് രംഗാവതരണ സാഫല്യം നേടുന്നത്. അതായത് മലയാളത്തിന്റെ ആധുനികതയിലേയ്ക്കുള്ള മുന്നേറ്റകാലത്ത്.
എന്താണ് സിജെയുടെ നാടകങ്ങളെ അതുവരെ നിലനിന്നിരുന്ന മലയാള നാടകങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്? പ്രത്യക്ഷമായ കഥാഘടനയ്ക്ക് പിന്നില്‍ കഥാപാത്രങ്ങളുടെ അന്തഃസംഘര്‍ഷത്തിന് ത്രിമാനപരിവേഷം ചാര്‍ത്തിക്കൊടുക്കുന്ന ഒരു ജീവിതദര്‍ശനം അവയില്‍ കണ്ടെത്താന്‍ കഴിയും. അത്തരമൊരു ജീവിത ദര്‍ശനം കലാപരമായി ‘ആ മനുഷ്യന്‍ നീ തന്നെ’ എന്ന നാടകത്തില്‍ സി ജെ ആവിഷ്‌കരിച്ചിട്ടുണ്ട്.
ബൈബിളിലെ ദാവീദിന്റെ കഥയെ ആധ്യാത്മികമായ ഒരു നാടകാനുഭൂതിയാക്കി സി ജെ തോമസ് അവതരിപ്പിക്കുന്നു. അഭിനിവേശത്താല്‍, തെറ്റിലേയ്ക്കും തെറ്റില്‍ നിന്ന് കുറ്റത്തിലേയ്ക്കും കൊടും പാപത്തിലേയ്ക്കും നടക്കുന്ന ദാവീദ്. വിജയാഘോഷങ്ങള്‍ക്കിടയിലും അയാള്‍ തന്റെ അധഃപതനത്തിലേയ്ക്ക് നോക്കുകയാണ്. ഒടുവില്‍ മനുഷ്യന്റെ പ്രഭാവം ക്ഷണഭംഗുരമാണ് എന്ന കണ്ടെത്തലിലാണ് ദാവീദ് എത്തിച്ചേരുന്നത്. നാടകാന്ത്യത്തില്‍ ദാവീദ് പറയുന്നു: ”എനിക്കെന്റെ മാര്‍ഗം വ്യക്തമല്ല. മരണം വന്നേ കഴിയൂ. ആര്‍ക്കാണെന്നറിയില്ല. ഈ ദിവസങ്ങളിലെല്ലാം ഞാന്‍ ഉപവസിച്ചു. പക്ഷേ ഈ പ്രായശ്ചിത്തം കൊണ്ടൊന്നും മരണദൂതന്‍ ഈ ഗൃഹത്തെ ഒഴിഞ്ഞുപോയിട്ടില്ല. എന്റെ പാപം ഇതുകൊണ്ടൊന്നും കഴുകിക്കളയപ്പെട്ടിട്ടുമില്ല. പാപം കഴുകിക്കളയപ്പെടാവുന്നതല്ല. അത് കത്തിയെരിഞ്ഞേ അടങ്ങൂ. ജീവനുപകരം ജീവന്‍ – അതാണ് ഇസ്രയേലിന്റെ നിയമം – പാപത്തിന്റെയും. അതെന്റെ മേല്‍ത്തന്നെ ആയിരിക്കട്ടെ എന്നാണെന്റെ പ്രാര്‍ഥന.”
ഇത്രയും അഗാധ ജീവിതദര്‍ശനം ഉള്‍ക്കൊള്ളുന്ന നാടകങ്ങള്‍ മലയാളത്തില്‍ വിരളമാണ്. അതുതന്നെയാണ് സിജെയുടെ പ്രസക്തിയും. കൂത്താട്ടുകുളത്ത് ചൊള്ളമ്പേല്‍ കുടുംബത്തില്‍ വൈദികനായ യോഹന്നാന്‍ കോര്‍ എപ്പിസ്‌കോപ്പയുടേയും അന്നമ്മയുടേയും മകനായി 1918 നവംബര്‍ 14ന് ജനിച്ച സി ജെ തോമസ് നാടകകാരന്‍, രംഗകലാനിപുണന്‍, ചലച്ചിത്ര വിമര്‍ശകന്‍ പ്രക്ഷേപണ കലാകാരന്‍, സംഘാടകന്‍, അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, സാഹിത്യവിമര്‍ശകന്‍, ദാര്‍ശനികന്‍, പ്രക്ഷോഭകാരി എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിറഞ്ഞുനിന്നു.
സി ജെ തോമസ് മലയാള നാടകത്തിന് നല്‍കിയിട്ടുള്ള സംഭാവനകളെ മൂന്നായി തരംതിരിക്കാം.

  1. നാടകശാസ്ത്രത്തെ സംബന്ധിച്ച നിരൂപണങ്ങള്‍ – ഉയരുന്ന യവനിക എന്ന കൃതി
  2. വിദേശ ഭാഷാനാടകങ്ങളുടെ തര്‍ജ്ജമ- ആന്റിഗണി, ഭൂതം, കീടജന്മം, പിശുക്കന്റെ കല്യാണം
  3. സ്വതന്ത്ര നാടകങ്ങള്‍ – 1128-ല്‍ ക്രൈം 27, ആ മനുഷ്യന്‍ നീ തന്നെ, അവന്‍ വീണ്ടും വരുന്നു, ശലോമി, വിഷവൃക്ഷം.