Friday
19 Oct 2018

കാഴ്ചയുടെ വര്‍ണവിസ്മയം തീര്‍ത്ത് കൊച്ചിന്‍ ഫ്‌ളവര്‍ ഷോ

By: Web Desk | Friday 29 December 2017 10:24 PM IST

സ്വന്തം ലേഖിക

കൊച്ചി: കൊച്ചി നഗരത്തില്‍ കാഴ്ചയുടെ വര്‍ണവിസ്മയം തീര്‍ത്ത് കൊച്ചിന്‍ ഫ്‌ളവര്‍ ഷോ തുടങ്ങി. എറണാകുളം അഗ്രിഹോര്‍ട്ടികള്‍ച്ചര്‍ സൊസെറ്റി സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനത്തില്‍ 50000ല്‍ പരം പൂച്ചെടികളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഫ്‌ളവര്‍ഷോ മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.
മേളയില്‍ അണിനിരത്തിയിരിക്കുന്ന കശ്മീരി റോസ് അടക്കം 2,000 ലേറെ പനിനീര്‍ച്ചെടികള്‍, ആയിരത്തിലേറെ തായ്‌ലന്‍ഡ് ഓര്‍ക്കിഡുകള്‍, ഗ്രാഫ്റ്റ് ചെയ്ത അഥീനിയം, പെറ്റിയൂണിയ, ഡാലിയ, ജെര്‍ബിറ, സാല്‍വിയ, പോയിന്റ് സിറ്റിയ, വിവിധ ഇനം ജമന്തികള്‍ എന്നിവ പുഷ്പ, സസ്യ പ്രേമികളുടെ മനം കവരും. കൂടാതെ ബോണ്‍സായി ചെടികള്‍ക്കും ഔഷധച്ചെടികള്‍ക്കുമുള്ള പ്രത്യേക വിഭാഗവും പുഷ്പമേളയിലുണ്ട്. 25 വര്‍ഷമായ ബോണ്‍സായി മാവും, ഞാവല്‍, അത്തി, അരയാല്‍ എന്നിവ ആകര്‍ഷണീയമാണ്. നക്ഷത്രവൃക്ഷങ്ങളില്‍ തത്പരരായവര്‍ക്കായി പ്രത്യേക വിഭാഗവും 36-ാമത് കൊച്ചിന്‍ പുഷ്‌പോത്സവത്തില്‍ ഒരുക്കിയിട്ടുണ്ട്.
പ്രശസ്ത കാര്‍ട്ടൂണ്‍ സീരിയലായ ജംഗിള്‍ ബുക്കിലെ കഥാപാത്രങ്ങളെ ഡ്രൈഫ്‌ളവറില്‍ അണിനിരത്തിയിരിക്കുന്നത് കൊച്ചുകുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്നു. അതോടൊപ്പം പ്രാണിപിടിയന്‍ വര്‍ഗത്തില്‍ പെട്ട പിച്ചര്‍ പ്ലാന്റ് ഈ വര്‍ഷത്തെ പ്രത്യേകതകളിലൊന്നാണ്.
കൃഷി വകുപ്പ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കയര്‍ ബോര്‍ഡ്, കൃഷി വിജ്ഞാനകേന്ദ്രം, നാളികേര വികസന ബോര്‍ഡ്, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, യൂണിയന്‍ ബാങ്ക്, സ്പൈസസ് ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഫ്ളവര്‍ഷോയുടെ ഭാഗമായി ജനുവരി നാലിന് നാലു മുതല്‍ 11 വയസു വരെയുള്ള കുട്ടികള്‍ക്കായി പുഷ്പ രാജകുമാരന്‍, രാജകുമാരി മത്സരവും സംഘടിപ്പിക്കും. ദിവസവും രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയാണ് പ്രദര്‍ശനം. ഫ്‌ളവര്‍ഷോ ജനുവരി ഏഴിന് സമാപിക്കും.