Wednesday
18 Jul 2018

നാളികേരത്തിന് വില ഉയര്‍ന്നു; പ്രതീക്ഷയോടെ കർഷകർ

By: Web Desk | Wednesday 13 September 2017 9:53 AM IST

കോഴിക്കോട്: നാളികേരത്തിന്റെ വില ഉയര്‍ന്നത് കൃഷിക്കാര്‍ക്ക് പ്രതീക്ഷയേകുന്നു. മുമ്പെങ്ങുമില്ലാത്തവിധത്തിലുള്ള വിലത്തകര്‍ച്ചയില്‍ നിന്നാണ് നാളീകേരത്തിന്റെ വില പടിപടിയായി ഉയര്‍ന്നത്. വിപണിയില്‍ നാളികേരത്തിന്റെ ലഭ്യതക്കുറവാണ് വില ഉയരാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. കാലവര്‍ഷക്കെടുതിയും മഴയുടെ കുറവുമെല്ലാം ഇത്തവണ നാളികേരകൃഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ജില്ലയില്‍ വിത്തു തേങ്ങ ഉല്പാദിപ്പിക്കുന്ന കുറ്റ്യാടി മേഖലയിലുള്‍പ്പെടെയുള്ള മലയോര പ്രദേശങ്ങളില്‍ നാളി കേരത്തിന്റെ ഉല്പാദനം നന്നെ കുറവായിരുന്നു. തെങ്ങുകള്‍ കൂട്ടത്തോടെ നശിച്ചത് പല പ്രദേശങ്ങളിലും നാളികേര കര്‍ഷകരെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. ജില്ലയില്‍ നാളി കേരത്തിന്റെ ഉല്പാദനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പകുതിയായി ചുരുങ്ങി.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ കാര്‍ഷിക നയമാണ് നാളികേരം ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളുടെ വിലയിടിവിന് കാരണമായത്. നാളികേരത്തിന് ന്യായമായ തറവില നിശ്ചയിച്ചും പച്ചത്തേങ്ങ സംഭരണം ഊര്‍ജ്ജിതമാക്കിയും വിപണിയില്‍ ഇടപെടണമെന്ന ആവശ്യം യുഡിഎഫ് സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ നാളികേര മേഖലയുടെ ഉന്നമനത്തിനായി ഒട്ടേറെ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
നാളികേരത്തിന് ന്യായ വില ലഭ്യമാക്കുന്നതിന് പച്ചത്തേങ്ങ കിലോയ്ക്ക് 35 രൂപ നിരക്കില്‍ സംഭരിക്കണമെന്നാവശ്യപ്പെട്ട് കിസാന്‍സഭയും കേരകര്‍ഷക സംഘവും സംസ്ഥാന സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ആഗസ്ത് 17 മുതല്‍ അടുത്ത വര്‍ഷം ആഗസ്ത് 17 വരെ നാളികേര വര്‍ഷമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഒട്ടേറെ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. പ്രധാനമായും മൂല്യ വര്‍ധിത ഉല്പന്നങ്ങളിലൂടെ വിപണി സജീവമാക്കാനാണ് നീക്കം. നാളികേരാധിഷ്ഠിത ഉല്പന്നങ്ങള്‍ വിപണിയിലിറക്കുന്നതോടൊപ്പം ഉല്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനും നടപടികളെടുക്കും. ഭക്ഷ്യ എണ്ണ ഇറക്കുമതി നിര്‍ത്തലാക്കുന്നതിലൂടെ വെളിച്ചെണ്ണ വില പിടിച്ചു നിര്‍ത്തുന്നതിനും അതിലൂടെ നാളികേരത്തിന്റെ വില ഉയര്‍ത്തുന്നതിനും കഴിയും. ഇത്തരം ആവശ്യങ്ങളും കേരകര്‍ഷക സംഘവും കിസാന്‍ സഭയും സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നാളികേരത്തിന്റെ വിലസ്ഥിരത ഉറപ്പുവരുത്തണമെന്നതാണ് മറ്റൊരാവശ്യം.

നാളികേരത്തിന്റെ വൈവിധ്യവല്‍ക്കരണത്തിലൂടെ വിപണിയില്‍ ഇടം പിടിക്കുന്നതിനാവശ്യമായ നടപടികള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. നീര ഉല്പാദനത്തിലൂടെ വന്‍കുതിപ്പാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അത് വേണ്ടത്ര ഫലവത്തായില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. തെങ്ങില്‍ നിന്നും നീര ഉല്പാദിപ്പിക്കുന്നതിനുള്ള അവകാശം നാളീകേര കര്‍ഷകന് നല്‍കുക, മൂല്യ വര്‍ധിത ഉല്പന്നങ്ങളായ വിനാഗിരി, ചക്കരച്ചെത്ത് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് സഹായം നല്‍കുക, കൊപ്രയുടെ താങ്ങുവില ഉയര്‍ത്തുക, കേരളത്തിലെ കേരകര്‍ഷകരില്‍ നിന്നുമാത്രം നാളികേരം സംഭരിക്കുക തുടങ്ങിയ ആവശ്യങ്ങളും കിസാന്‍സഭ സര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 40 ശതമാനം തെങ്ങുകളും ഉല്പാദന ക്ഷമത കുറഞ്ഞവയും രോഗബാധിതവുമാണെന്ന് ഇതു സംബന്ധിച്ച് നടത്തിയ പഠനങ്ങള്‍ വെളിവാക്കുന്നു. ഇവയുടെ പുനരുദ്ധാരണമാണ് ഏറ്റവും പ്രാധാനം. മുറിച്ചു മാറ്റുന്ന തെങ്ങൊന്നിന് 5000 രൂപ വെച്ച് കര്‍ഷകന് ആശ്വാസം എത്തിക്കണമെന്നും കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ തെങ്ങിന്‍ തൈകള്‍ വെച്ചു പിടിപ്പിക്കുമ്പോള്‍ ഹൈ ബ്രീഡ് ഇനങ്ങള്‍ തെരഞ്ഞെടുക്കുക, കുറിയ ഇനം തൈകള്‍ കൃഷിക്കാര്‍ക്ക് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും കേരകര്‍ഷക സംഘം മുന്നോട്ടു വെയ്ക്കുന്നു.

രാജ്യത്ത് നാളികേരത്തിന്റെ ഉല്പാദന ക്ഷമതയില്‍ കേരളം ഏറെ പിറകിലാണ്. ലക്ഷദ്വീപില്‍ ഹെക്ടറിന് പ്രതിവര്‍ഷം 27,000 നാളികേരം ലഭിക്കുമ്പോള്‍ കേരളത്തില്‍ ഇത് 7535 മാത്രമാണ്. തമിഴ്‌നാട്ടില്‍ 13,000 വും കര്‍ണ്ണാടകയില്‍ 9,000 വും ആന്ധ്രയില്‍ 14,000 വും ബംഗാളില്‍ 12,000 വുമാണ് ഉല്പാദനം. ഇവയ്‌ക്കെല്ലാം എത്രയോ പിറകിലാണ് കേരളമെന്ന് കാണാം. ഉല്പാദനം വര്‍ധിപ്പിക്കുന്നതിന് മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ ശക്തിപ്പെടുത്തണമെന്നും കിസാന്‍ സഭ ആവശ്യപ്പെടുന്നു.
നാളികേര കൃഷിയ്‌ക്കൊപ്പം ഇടവിളക്കൃഷി പ്രോത്സാഹിപ്പിക്കുന്നതും കര്‍ഷകര്‍ക്ക് ആശ്വാസമാകും. ഇടവിളക്കൃഷിയില്‍ പച്ചക്കറിയ്‌ക്കൊപ്പം കുരുമുളകിനും പ്രാമുഖ്യം നല്‍കണം. ഒരു ബ്ലോക്ക് പഞ്ചായത്തില്‍ ഒന്നെന്ന രീതിയില്‍ ഫാര്‍മേഴ്‌സ് മാര്‍ക്കറ്റുകള്‍ രൂപീകരിക്കണമെന്നും കൃഷിക്കാര്‍ ആവശ്യപ്പെടുന്നു. സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം സജീവമാക്കുന്നതിലൂടെ കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവോളം പരിഹാരം കാണാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജില്ലയില്‍ നാളികേരം ധാരാളമായി ലഭിക്കുന്ന കുറ്റ്യാടി, പേരാമ്പ്ര മേഖലകളില്‍ കൂടുതല്‍ നാളി കേരാധിഷ്ഠിത സംരംഭങ്ങള്‍ ആരംഭിക്കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

കൊപ്രയ്ക്ക് 11,900 രൂപവരെയായിരുന്നു ഇന്നലത്തെ മാര്‍ക്കറ്റ്. രാജാപൂര്‍-15,500, ഉണ്ട-14,000, കൊട്ടത്തേങ്ങ-8-9 രൂപ എന്നിങ്ങനെയും ഇന്നലെ വിപണനം നടന്നു. മാര്‍ക്കറ്റില്‍ നാളി കേരത്തിന്റെ ദൗര്‍ലഭ്യം വില ഇനിയും കൂടുമെന്നും കൊപ്രയ്ക്ക് 15,000 രൂപവരെ വില ഉയരുമെന്നുമാണ് കച്ചവടക്കാരുടെ കണക്കു കൂട്ടല്‍.
സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക വിളകള്‍ക്കായി രൂപീകരിക്കുന്ന സെന്‍ട്രല്‍ അഗ്രികള്‍ച്ചര്‍ സോണില്‍ നാളീകേരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത് കോഴിക്കോട് ജില്ലയെയാണ്. ഇതിന്റെ പ്രവര്‍ത്തനം 5 ബ്ലോക്ക് പഞ്ചായത്തുകളിലായിരിക്കുമെന്നാണ് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. എന്നാല്‍ പ്രവര്‍ത്തനം ജില്ലയില്‍ മുഴുവന്‍ വ്യാപിപ്പിക്കണമെന്നാണ് നാളി കേര കൃഷിക്കാരുടെ ആവശ്യം.