Friday
15 Dec 2017

കയര്‍ വ്യവസായത്തിന്റെ പ്രാമാണികത്വം തിരിച്ചുപിടിക്കും: തോമസ് ഐസക്

By: Web Desk | Monday 2 October 2017 6:37 PM IST

ആലപ്പുഴ: കയര്‍ വ്യവസായത്തെ കേരളത്തില്‍ പിടിച്ചുനിറുത്തുന്നതിനും പഴയ പ്രാമാണികത്വം ഒരു പരിധിവരെയെങ്കിലും വീണ്ടെടുക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടാണ് ഇത്തവണത്തെ കയര്‍ കേരളയ്ക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് ധനകാര്യ കയര്‍ വകുപ്പുകളുടെ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഏഴാമത് കയര്‍ കേരള ഒക്ടോബര്‍ അഞ്ചിന് വൈകിട്ട് നാലരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
39 രാജ്യങ്ങളില്‍ നിന്നായി 140 പ്രതിനിധികള്‍ ഇതിനോടകം കയര്‍ കേരളയില്‍ പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. 150 ആഭ്യന്തര പ്രതിനിധികളും മേളയില്‍ പങ്കെടുക്കും. ഒന്‍പതു വരെ അഞ്ചു ദിവസങ്ങളിലായാണ് മേള നടക്കുന്നത്.
കയര്‍ വ്യവസായത്തിന്റെ അടിമുടിയുള്ള ആധുനീകരണവും പരമ്പരാഗത മേഖലയില്‍ പണിയെടുക്കുന്ന കയര്‍ തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുന്നതും ലക്ഷ്യം വച്ചുള്ള നടപടികളാണ് കയര്‍ വ്യവസായ മേഖലയില്‍ സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. ‘കയര്‍- പൈതൃകവും നവീകരണവും’ എന്ന പ്രമേയം കയര്‍ കേരളയ്ക്ക് സ്വീകരിക്കാനുള്ള കാരണവുമിതാണ്. കയര്‍ സഹകരണ സംഘങ്ങളുടെ ആധുനീകരണത്തിലൂന്നിയ ഒരു രണ്ടാം കയര്‍ പുനഃസംഘടനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചുകഴിഞ്ഞു. ഇതിന്റെ പ്രഖ്യാപനം കയര്‍ കേരളയില്‍ നടക്കും. വരുന്ന അഞ്ചു കൊല്ലംകൊണ്ട് കയര്‍ മേഖലയുടെ ആധുനീകരണത്തിന് ഏതാണ്ട് 1300ല്‍ അധികം കോടി രൂപ മുതല്‍ മുടക്കുന്ന വിപുലമായ ഒരു പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. നാളികേരം ഇടുന്നതുമുതല്‍ കയര്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതുവരെയുള്ള ഘട്ടങ്ങളില്‍ നവീന സാങ്കേതിക വിദ്യകളുടെ പ്രയോഗമാണ് ഈ പുനഃസംഘടനാ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ചകിരിക്കുവേണ്ടി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതിന് അറുതിവരുത്താനും കയറുല്‍പന്നങ്ങളുടെ ഉപയോഗ മേഖലകള്‍ വിപുലീകരിക്കാനും ഊര്‍ജിത ശ്രമങ്ങള്‍ നടക്കുകയാണ്.
പൊതുജനങ്ങള്‍ക്ക് എല്ലാ ദിവസവും ദേശീയ പവലിയന്‍ സന്ദര്‍ശിക്കാം. കലാ പരിപാടികള്‍ നടക്കുന്ന സദസ്സില്‍ 1500 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യവുമുണ്ട്. ഫുഡ് കോര്‍ട്ട് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും മേളയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എ.എം.ആരിഫ് എംഎല്‍എ, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, കയര്‍ യന്ത്ര നിര്‍മാണ കമ്പനി ചെയര്‍മാന്‍ കെ.പ്രസാദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.