Tuesday
11 Dec 2018

ശാസ്ത്രത്തിന്റെ വഴിപിഴച്ച പൂര്‍വരൂപം

By: Web Desk | Tuesday 2 January 2018 10:08 PM IST

ഇത്തരം മന്ത്രവാദികളെല്ലാം തന്നെ തങ്ങളുടെ വ്യാപാരവിജയത്തിനായി മുന്‍കൂട്ടി പല തന്ത്രങ്ങളും പ്രയോഗിക്കും. സഹായികള്‍ വഴി ഏലസും തകിടും പൂക്കളും ഭസ്മപ്പൊതികളുമൊക്കെ രോഗിയുടെ വീട്ടുവളപ്പില്‍ മുന്‍പേ കുഴിച്ചിടുക, രോഗിയുടെയും കുടുംബത്തിന്റെയും ചരിത്രപശ്ചാത്തലം മുന്‍കൂട്ടി അന്വേഷിച്ചറിഞ്ഞ് പ്രവചിക്കുക, മന്ത്രവാദത്തിനും യന്ത്രങ്ങള്‍ക്കും പൂജകള്‍ക്കുമായി അമിത ഫീസ് ഈടാക്കുക, തങ്ങളുമായി ബന്ധമുള്ള മറ്റ് ക്ഷേത്രങ്ങളിലേയ്ക്കുകൂടി പൂജകളോ നേര്‍ച്ചകളോ നിര്‍ദ്ദേശിക്കുക, ഇവ ചെയ്തില്ലെങ്കില്‍ വരാവുന്ന ഭവിഷ്യത്തുക്കളെ ഒരു ഭീഷണിയായി മുന്നിലുയര്‍ത്തുക, സത്യാന്വേഷികളെ ഗുണ്ടകളെ വച്ച് എതിരിടുക എന്നിവയൊക്കെ ഈ തന്ത്രങ്ങളില്‍ പെടുന്നു.

മനുഷ്യന്‍ ആദ്യം ഒരു മന്ത്രവാദിയായിരുന്നു; പിന്നീട് മതവിശ്വാസിയായി; ഇപ്പോള്‍ അവന്‍ ശാസ്ത്രജ്ഞനായിത്തീര്‍ന്നിരിക്കുന്നു. വിജ്ഞാനശ്രേണിയിലൂടെ മനുഷ്യന്‍ പടിപടിയായി ഉയര്‍ന്നുവന്നിട്ടുള്ളത് ഏതാണ്ടിപ്രകാരമാണെന്ന് സാമൂഹ്യശാസ്ത്രകാരന്മാര്‍ സമര്‍ഥിക്കുന്നു. മന്ത്രവാദയുഗം, മതയുഗം എന്ന രണ്ട് കാലഘട്ടങ്ങളെ നാം തരണം ചെയ്തുകഴിഞ്ഞു. ഇപ്പോഴത്തേത് ശാസ്ത്രയുഗമാണ്.
എന്നാലും അതീതകാലഘട്ടത്തിലെ ജീവിതസ്വഭാവശിഷ്ടങ്ങള്‍ പ്രാപ്തകാല ജീവിതത്തില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ടാണ് ശാസ്ത്രത്തിന്റെ വെളിച്ചം വ്യാപിച്ചിട്ടും മന്ത്രവാദത്തിന്റെയും മതത്തിന്റെയും ഇരുട്ടില്‍ ചുരുണ്ടുകൂടിക്കിടക്കുവാന്‍ മനുഷ്യര്‍ ഇപ്പോഴും ഇഷ്ടപ്പെടുന്നത്. പുരാതന കിരാത ദശമുതല്‍ അടിയുറച്ചുപൊന്നിട്ടുള്ള ഇത്തരം അന്ധവാസനകള്‍ വിജ്ഞാനത്തിന്റെ തിരത്തല്ലുകൊണ്ട് തേഞ്ഞുമാഞ്ഞുപോകണമെങ്കില്‍ ഇനിയും എത്രയോ കാലം വേണ്ടിവരും.
വിചിത്രവും സങ്കീര്‍ണവുമായ ഒരു പരിണാമഗതിയാണ് മര്‍ത്യസമുദായ ജീവിതത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അന്ധനായ വനചരന്‍ മുതല്‍ വൈജ്ഞാനികനായ വ്യോമചാരിവരെ അത് വിധി രൂപം പൂണ്ടുനീണ്ടുകിടക്കുന്നു. മനുഷ്യന്‍ എത്രയോ കാലം ഇരുട്ടില്‍ തപ്പിത്തടഞ്ഞുനടന്ന് ഒടുവില്‍ യാദൃച്ഛികമായി വെളിച്ചം കണ്ടെത്തിയ ഒരു കഥയാണത്.
സാമൂഹ്യജീവിതത്തിന്റെ അഭിവൃദ്ധിക്കുള്ള ആദികാരണം തൊഴില്‍ വിഭജനം ആണ്. മനുഷ്യ സമുദായത്തില്‍ ഈ തൊഴില്‍വിഭജനം ആദ്യമായി ആരംഭിച്ചത് മന്ത്രവാദത്തിലൂടെയത്രേ. അപരിഷ്‌കൃത മനുഷ്യര്‍ കൂട്ടംകൂട്ടമായി മൃഗങ്ങളെ വേട്ടയാടി ഉപജീവിച്ചിരുന്ന കിരാതദശയുടെ ആദിമഘട്ടത്തില്‍ ഇരതേടലില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേകിച്ചൊരു തൊഴില്‍ ആര്‍ക്കുമണ്ടായിരുന്നില്ല. പ്രകൃതിശക്തികളെ അഭിമുഖീകരിച്ച് അമ്പരന്നും അന്ധാളിച്ചും കഴിഞ്ഞുപോന്ന ആ വനചരസമൂഹത്തില്‍ ക്രമേണ മന്ത്രവാദം നടപ്പിലാകുകയും അതില്‍ വിദഗ്ധന്മാരായവര്‍ അന്നത്തെ സാമൂഹ്യജീവിതത്തില്‍ നായകന്മാരായിത്തീരുകയും ചെയ്തു.
യാതൊരുവിധമായ മതവിശ്വാസവും അന്ന് നടപ്പിലായിരുന്നില്ല. ആസ്‌ട്രേലിയയിലെ ചില ആദിമ നിവാസികളുടെ സമൂഹ്യജീവിതം പരിശോധിച്ചാല്‍ ഈ സംഗതി സ്പഷ്ടമാകുന്നതാണ്. ഒരുതരം മന്ത്രവാദമല്ലാതെ മതപരം എന്ന് പറയത്തക്ക യാതൊന്നും തന്നെ അവരുടെയിടയില്‍ കാണുന്നില്ല. മന്ത്രവാദത്തെ മതത്തിന്റെ ഒരു അപരിഷ്‌കൃത രൂപമായി ഗണിക്കരുതോ എന്നൊരു ചോദ്യം പ്രകൃതത്തില്‍ അങ്കുരിക്കാം. എന്നാല്‍ വാസ്തവത്തില്‍ മൗലികങ്ങളായ വ്യത്യാസങ്ങളാണ് രണ്ടിനും തമ്മിലുള്ളത്. മന്ത്രവാദത്തിന്റെയും മതത്തിന്റെയും സ്വരൂപം, സ്വഭാവം മുതലായവയെ ശിരയായി വിശകലനം ചെയ്തുനോക്കിയാല്‍ മാത്രമേ ഈ വ്യത്യാസങ്ങള്‍ വെളിപ്പെടുകയുള്ളൂ. പ്രകൃതിനിയമങ്ങളെന്ന് തെറ്റായി വിശ്വസിക്കപ്പെട്ടിരുന്ന ചില തത്വങ്ങളില്‍ അധിഷ്ഠിതമാണ് മന്ത്രവാദം. അന്ധമായ രീതിയിലാണെങ്കിലും കാര്യകാരണബന്ധത്തിന്റെ അംഗീകരണം അതില്‍ കാണുന്നുണ്ട്. എല്ലാ രാജ്യത്തും പ്രചരിച്ചിരുന്ന മന്ത്രവാദ സമ്പ്രദായം മിക്കവാറും ഒരുപോലെയാണെന്ന് പറയാം.
ശാസ്ത്രത്തിന്റെ വഴിപിഴച്ച ഒരു പൂര്‍വരൂപമാണ് മന്ത്രവാദം. ഏതോ ചില പ്രകൃതിനിയമങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നബോധം, അവ കണ്ടുപിടിക്കുന്നതിലുള്ള അന്വേഷണശീലം, ചില തത്വങ്ങളെ അടിസ്ഥാനമാക്കി പ്രപഞ്ചശക്തികളെ നിയന്ത്രിക്കാമെന്ന വിശ്വാസം ഇവയെല്ലാം ശാസ്ത്രത്തിലെന്നപോലെ മന്ത്രവാദത്തിലും ഒരു നിഴലാട്ടമെന്ന മട്ടിലെങ്കിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ചുരുക്കത്തില്‍ മന്ത്രവാദിയുടെ ചിന്തയും അന്വേഷണശീലവുമാണ് ശാസ്ത്രത്തിലേയ്ക്ക് വഴികാണിക്കുന്നത്. ചില ദേവതകളെ കൂട്ടുപിടിച്ചു എന്നതില്‍ മാത്രമേ മന്ത്രവാദത്തിനു മതത്തോട് ഒരു ബന്ധം കാണുന്നുള്ളു. പക്ഷേ, ഈ ശിഥിലബന്ധത്തില്‍പ്പോലും അടിത്തട്ടിലേയ്ക്ക് നോക്കുമ്പോള്‍ രണ്ടിനും വിപരീതനിലയുള്ളതായി കാണാം. മന്ത്രിവാദിയുടെ ദേവതകളും ഭൂതപ്രേതപിശാചാദികളും അയാളുടെ ചൊപ്പടിയില്‍ നില്‍ക്കുന്നവരാണ്. അവന്റെ ചരടില്‍ കോര്‍ത്ത പാവകളെന്നനിലയില്‍ അവ ആടിക്കളിക്കുന്നു. മന്ത്രവാദി സര്‍വശക്തനത്രെ.
മനുഷ്യശക്തിക്ക് അതീതമായി അതിന് കീഴ്‌പ്പെടുത്താനായി ഒന്നുംതന്നെ അവന്റെ വിശ്വാസത്തില്‍ ഉണ്ടായിരുന്നില്ല. മതത്തിന്റെ നില ഇതില്‍ നിന്ന് എത്രയോ വ്യത്യസ്തം. അതിലെ ദൈവത്തിന് അധീനമാണ് മനുഷ്യന്‍ ഉള്‍പ്പെടെയുള്ള സര്‍വജീവജാലങ്ങളും പ്രപഞ്ചത്തെ മുഴുവന്‍ നിയന്ത്രിച്ചുഭരിക്കുന്ന ഒരീശ്വരനില്‍ വിശ്വസിക്കുകയും ആരാധനകൊണ്ട് അദ്ദേഹത്തെ പ്രീതിപ്പെടുത്തുകയും ചെയ്യുക എന്നതാണ് എല്ലാ മതങ്ങളുടെയും മര്‍മ്മം. മതത്തിലെ ഈശ്വരന്‍ പ്രകൃതിനിയമങ്ങള്‍ക്ക് അതീതനാണ്. യുക്തിവിരുദ്ധമായ എന്തത്ഭുതവിദ്യയും അദ്ദേഹത്തിന് പ്രകടിപ്പിക്കാം.
മന്ത്രവാദ മണ്ഡലത്തില്‍ സ്വശക്തിക്ക് സര്‍വപ്രാമാണ്യം കൊടുത്ത മനുഷ്യന്‍ മതത്തിലേയ്ക്ക് കടന്നപ്പോള്‍ ദുര്‍ബലനായി. നിരാശ്രയനായി ഒരു ശരണാഗതവത്സലത്തെ സങ്കല്‍പ്പിച്ച് അദ്ദേഹത്തിന്റെ മുന്നില്‍ കൈകൂപ്പി തലകുനിച്ചുനില്‍ക്കുവാന്‍ തുടങ്ങി. ഇങ്ങനെ നോക്കിയാല്‍ മതത്തിനും സയന്‍സിനും തമ്മിലുള്ള വൈരുദ്ധ്യംതന്നെ മന്ത്രവാദത്തിനും മതത്തിനും തമ്മിലുണ്ടെന്നു കാണാം. ചുരുക്കത്തില്‍ മന്ത്രവാദവും സയന്‍സും ഒരു വശത്തും മതം മറുവശത്തും ആയിട്ടാണ് നിലകൊള്ളുന്നത്. മതം ശാസ്ത്രത്തിനുവിരുദ്ധമല്ല എന്നൊരുവാദം ചില പണ്ഡിതന്മാര്‍ പുറപ്പെടുവിച്ച് കാണുന്നുണ്ട്. ഇവര്‍ മതം എന്ന വാക്കിന് നാട്ടില്‍ നടപ്പില്ലാത്തതും സാമാന്യജനങ്ങള്‍ക്ക് മനസിലാകാത്തതുമായ ഒരു പുതിയ അര്‍ഥം കല്‍പ്പിക്കുന്നു എന്നുമാത്രമേയുള്ളു.
ദുര്‍മന്ത്രവാദമാരോപിച്ച് ഝാര്‍ഖണ്ഡില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ കൊലപ്പെടുത്തിയത് 183 സ്ത്രീകളെ. രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ഗംഗാറാം ആവിന്‍ വെളിപ്പെടുത്തിയതാണ് വിവരം. ഈ വര്‍ഷം നവംബര്‍ വരെ 42 പേരും കഴിഞ്ഞ വര്‍ഷം 44 പേരും 2015-ല്‍ 51 പേരും 14-ല്‍ 46 പേരുമാണ് ഇങ്ങനെ വധിക്കപ്പെട്ടത്.
എന്നാല്‍ ദേശീയ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ 2016 ലെ കണക്കുപ്രകാരം ഝാര്‍ഖണ്ഡില്‍ ഇങ്ങനെ കൊലചെയ്യപ്പെട്ടവരുടെ എണ്ണം 27 ആണ്. ഝാര്‍ഖണ്ഡ് പൊലീസിന്റെ കണക്കുപ്രകാരമാണ് 44.
ബ്യൂറോയുടെ ദേശീയതലത്തിലുള്ള കണക്കുപ്രകാരം ദുര്‍മന്ത്രവാദ കൊലകള്‍ക്ക് രണ്ടാംസ്ഥാനത്ത് ഒഡീഷയാണ് (24), പിന്നാലെ മധ്യപ്രദേശ് (19), ഛത്തീസ്ഗഡ് (17) എന്നീ സംസ്ഥാനങ്ങളും. രാജ്യത്ത് ആകെ 134 സ്ത്രീകളെയാണ് ദുര്‍മന്ത്രവാദമാരോപിച്ച് 2016-ല്‍ കൊലപ്പെടുത്തിയത്. ഗോത്രമേഖലകളിലാണ് ഇത് അധികമായുള്ളത്.
ജിന്നിലും മറ്റ് ഭൂതപ്രേതാദികളിലും വിശ്വാസമുള്ള ഒരു വ്യക്തിയുടെ ശരീരത്തില്‍ പ്രേതം ബാധിച്ചുവെന്ന് ഒരു മന്ത്രവാദി ഹോമകുണ്ഠങ്ങളൊരുക്കി പൂജാമണികള്‍ കിലുക്കിയും പ്രത്യേക ചേഷ്ടകളിലൂടെയും മര്‍ദ്ദനമുറകളിലൂടെയും നിരന്തരം പ്രഖ്യാപിക്കുമ്പോള്‍ താന്‍ പ്രേതബാധിതനാണെന്നുതന്നെ രോഗിക്ക് തോന്നുകയും അത്തരം പ്രേതചേഷ്ടകള്‍ പ്രകടിപ്പിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ പ്രസ്തുത ബാധ ഒഴിഞ്ഞുപോകാനുള്ള നിര്‍ദ്ദേശങ്ങളും സ്വീകരിക്കപ്പെടാം. എന്നാലിങ്ങനെ നിര്‍ദ്ദേശങ്ങളിലൂടെ തിരുത്തപ്പെടാന്‍ കഴിയാത്തവിധമുള്ള നാഡീരോഗങ്ങള്‍ക്കടിപ്പെട്ട ഒരു രോഗി മന്ത്രവാദിയെ അനുസരിക്കില്ല. അപ്പോള്‍ മന്ത്രവാദി തന്റെ സിദ്ധി ചോദ്യം ചെയ്യപ്പെടുമെന്നും വ്യാപാരം തകരുമെന്നുമുള്ള ഭീതിയില്‍ മര്‍ദ്ദനമുറ കഠിനമാക്കും. അതിലൂടെ മരണവും സംഭവിക്കാം.
മന്ത്രവാദ ചികിത്സയ്ക്കിടയിലാണ് മൂന്നുവര്‍ഷം മുന്‍പ് കരുനാഗപ്പള്ളിയിലെ ഹസീന കൊല്ലപ്പെട്ടത്. ബന്ധുകൂടിയായ മന്ത്രവാദി സാത്താന്‍ബാധ ആരോപിച്ചതിനെ തുടര്‍ന്നുള്ള മന്ത്രവാദ കര്‍മ്മത്തിനിടയ്ക്കാണ് പത്തനംതിട്ടയില്‍ ആതിര കൊല്ലപ്പെട്ടത്. പ്രതികള്‍ സ്വന്തം പിതാവും വല്യച്ഛനുമായിരുന്നു.
ആധുനിക സമൂഹത്തില്‍ ഭരണാധികാരികളടക്കമുള്ള വിദ്യാസമ്പന്നര്‍പോലും വിവേചനബുദ്ധിയില്ലാതെ ഇത്തരം അനാചാരങ്ങളുടെ പ്രയോക്താക്കളായി മാറുന്നു. ഇന്ത്യയുടെ ഭാവി ക്ലാസ്മുറികളിലാണ രൂപപ്പെടുന്നതെന്ന് പറഞ്ഞത് ജവഹര്‍ലാല്‍ നെഹ്‌റുവാണ്. പാഠശാലകളില്‍ പ്ലാസി യുദ്ധവും ഫ്രഞ്ചു വിപ്ലവവുമൊക്കെ മണിക്കൂറുകളോളം പഠിപ്പിച്ച് ചരിത്രബോധമുണ്ടാക്കുന്നതൊക്കെ നല്ലതുതന്നെ. അതിനേക്കാള്‍ പ്രധാനമാണ് അന്ധവിശ്വാസ നിബദ്ധമല്ലാത്തതും മാനവികതയിലധിഷ്ഠിതവുമായ ഒരു സമൂഹസൃഷ്ടിയുടെ നിര്‍മാതാക്കളായിത്തീരാനുള്ള പാഠങ്ങള്‍ അവരിലെത്തിക്കുക എന്നുള്ളത്. ദൗര്‍ഭാഗ്യവശാല്‍ അത്തരം പാഠങ്ങളെ പരമാവധി തമസ്‌ക്കരിക്കാനുള്ള യജ്ഞങ്ങളാണ് മാനസികമൂല്യത്തേക്കാള്‍ വിപണിമൂല്യം മാത്രം നോട്ടമിടുന്നവര്‍ നടത്തിവരുന്നത്. അതിനാല്‍ത്തന്നെ സ്വതന്ത്രചിന്തകരുടെ മതേതര വിശ്വാസികളുടെ ഇടതുപക്ഷ ചിന്താഗതിക്കാരുടെ ഉത്തരവാദിത്തം ഏറെയാണ്.