Wednesday
23 Jan 2019

സാമൂഹിക മുന്നേറ്റം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലക്ഷ്യം: ബിനോയ് വിശ്വം

By: Web Desk | Friday 11 January 2019 6:46 PM IST

ചേര്‍പ്പ്: സാര്‍വ്വത്രികമായ സാമൂഹിക മുന്നേറ്റമാണ് സിപിഐ ലക്ഷ്യമിടുന്നതെന്ന് സി പി ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം ബിനോയ് വിശ്വം എംപി. സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി സ്വയം നടപ്പിലാക്കുന്നത് ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ്. സി പി ഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ നടപ്പിലാക്കുന്ന അച്യുതമേനോന്‍ ഭവന പദ്ധതിയില്‍ ചേര്‍പ്പ് മണ്ഡലത്തിലെ വീടിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

അച്യുതമേനോന്റെ ഭരണകാലത്ത് ഒന്നരലക്ഷം പേര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ചു കൊടുത്തുകൊണ്ട് തുടങ്ങിയ പാര്‍പ്പിട പദ്ധതിയാണ് ഇപ്പോഴും സര്‍ക്കാര്‍ പദ്ധതികളുടെ മാതൃക. എന്നാല്‍ സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ മുഴുവന്‍ സാമൂഹിക സുരക്ഷയും ഉറപ്പുവരുത്താന്‍ എളുപ്പമല്ല. അതിന് രാഷ്ട്രീയ – സാമൂഹിക സംഘടനകള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം. ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ് സിപിഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അച്യുതമേനോന്‍ ഭവന പദ്ധതി നടപ്പാക്കുന്നത്. ഇത് സാമൂഹിക മാറ്റത്തിന്റെ പുതിയ ദിശാബോധമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ആദ്യകാല പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന ഇ പി കോരന്റെ മകന്‍ രാജനും കുടുംബത്തിനുമാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്.

ജില്ലാ അസി.സെക്രട്ടറി ടി ആര്‍ രമേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ഷീല വിജയകുമാര്‍, വി എസ്.പ്രിന്‍സ്, കെ.എം ജയദേവന്‍ ,സി.ആര്‍.മുരളീധരന്‍, പി വി അശോകന്‍, പി വി സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. പി ബി ഷാജി, കെ കെ രാജേന്ദ്രബാബു കെ പി അവുറുസുകുട്ടി, ഇ എസ് പ്രതീഷ് എന്നിവര്‍ പങ്കെടുത്തു.
അച്യുതമേനോന്‍ ഭവന പദ്ധതിയില്‍ ചേര്‍പ്പ് മണ്ഡലത്തിലെ വീടിന്റെ താക്കോല്‍ദാനം ബിനോയ് വിശ്വം എംപിനിര്‍വഹിക്കുന്നു.

Related News