Friday
25 May 2018

ടസ്‌കേഴ്‌സിന് നഷ്ടപരിഹാരം: സ്റ്റേയില്ല, ബിസിസിഐക്ക് തിരിച്ചടി

By: Web Desk | Friday 11 May 2018 11:00 PM IST

 

  • 100 കോടി കെട്ടിവച്ചാല്‍ സ്റ്റേ ആവശ്യം പരിഗണിക്കാമെന്ന് സുപ്രിംകോടതി
  • ബിസിസിഐ നഷ്ടപരിഹാരം നല്‍കേണ്ടത് 550 കോടി

ന്യൂഡല്‍ഹി: കൊച്ചി ടസ്‌കേഴ്‌സിന് 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി. നല്‍കാനുള്ള തുകയില്‍ 100 കോടി രൂപ കെട്ടിവയ്ക്കുകയാണെങ്കില്‍ സ്റ്റേ ആവശ്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
ബോംബെ ഹൈക്കോടതിയില്‍ തുക കെട്ടിവെക്കാനാണ് ജസ്റ്റിസുമാരായ എ കെ ഗോയല്‍, ഇന്ദു മല്‍ഹോത്ര എന്നിവരുടെ നിര്‍ദ്ദേശം. നഷ്ടപരിഹാരം വൈകുന്നതിനെതിരെ കൊച്ചി ടസ്‌കേഴ്‌സ് ഉടമകളുടെ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.

കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ച് ഐപിഎല്ലില്‍ നിന്ന് പുറത്താക്കിയതിനെതിരെയാണ് കൊച്ചി ടസ്‌കേഴ്‌സ് നഷ്ടപരിഹാരക്കേസ് നല്‍കിയത്. നേരത്തെ പണം വേണ്ടെന്നും ഐപിഎല്ലിന്റെ അടുത്ത സീസണില്‍ കളിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നുമാണ് കൊച്ചി ടസ്‌കേഴ്‌സ് ഫ്രാഞ്ചൈസി ഉടമകള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ബിസിസിഐ ഈ ഒത്തു തീര്‍പ്പിന് തയാറായിരുന്നില്ല. തുടര്‍ന്ന് തര്‍ക്ക പരിഹാരത്തിലൂടെ തീരുമാനിച്ച തുകയാണ് 550 കോടി.

റെന്‍ദേവൂ സ്‌പോര്‍ട്‌സ് വേള്‍ഡ് എന്നപേരില്‍ അഞ്ച് കമ്ബനികള്‍ ചേര്‍ന്നാണ് 2011ല്‍ കൊച്ചിന്‍ ടസ്‌കേഴ്‌സ് എന്ന ടീം രൂപവത്കരിച്ചത്. 1560 കോടി രൂപയാണ് കേരള ടീമിന് ഐപിഎല്ലിലേക്കുള്ള പ്രവേശത്തിനായി വെക്കേണ്ടിവന്ന ലേലത്തുക. ഐപിഎല്ലില്‍ ഉയര്‍ന്ന രണ്ടാമത്തെ തുകയായിരുന്നു ഇത്. ഏറ്റവും കൂടുതല്‍ തുകകൊടുത്തത് പുണെ ടീമാണ്. കരാര്‍ ലംഘിച്ചെന്ന കാരണത്താല്‍ 2011ല്‍, ആദ്യസീസണ്‍ കഴിഞ്ഞപ്പോള്‍ത്തന്നെ കൊച്ചിന്‍ ടീമിനെ ബിസിസിഐ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍നിന്ന് പുറത്താക്കി. കൊച്ചി ടീമിന്റെ എതിര്‍പ്പ് വകവെക്കാതെ അവര്‍ നല്‍കിയ ബാങ്ക് ഗ്യാരണ്ടിയില്‍നിന്ന് 156 കോടി രൂപ ബിസിസിഐ പണമാക്കി പിന്‍വലിക്കുകയും ചെയ്തു.

പുതിയ ബാങ്ക് ഗ്യാരണ്ടി ആറുമാസത്തിനുള്ളില്‍ നല്‍കാന്‍ ക്രിക്കറ്റ് ബോര്‍ഡ് കൊച്ചി ടീമിനോടാവശ്യപ്പെട്ടെങ്കിലും അതുനടക്കാതായതോടെ ടീം ഐപിഎല്ലില്‍നിന്ന് പുറത്തായി. പുറത്താക്കുന്നതിനുമുമ്പ് 340 കോടി രൂപ ടീം ക്രിക്കറ്റ് ബോര്‍ഡിന് നല്‍കിയിരുന്നു. എന്നാല്‍, ഇതൊന്നും കണക്കാക്കാതെയായിരുന്നു ബിസിസിഐയുടെ നടപടി. ഇതോടെയാണ് കൊച്ചി ടീം ആര്‍ബിട്രേറ്ററെ സമീപിച്ചത്. ടീമില്‍ കളിച്ചവര്‍ക്ക് പ്രതിഫലം ലഭിക്കുകയുണ്ടായില്ല. ടീമിനെതിരെ കോടതിയില്‍ പോകാനാണ് ബിസിസിഐ കളിക്കാരോട് ആവശ്യപ്പെട്ടത്.
മുന്‍ സുപ്രിംകോടതി ജഡ്ജി ആര്‍ സി ലഹോട്ടിയായിരുന്നു നേരത്തെ ബിസിസിഐ നഷ്ടപരിഹാരം നല്‍കണമെന്ന ആര്‍ബിട്രേഷന്‍ വിധി പ്രഖ്യാപിച്ചത്. 550 കോടി രൂപയാണ് നഷ്ടപരിഹാരം വിധിച്ചത്. ഇതിന് 18 ശതമാനം പലിശയും ബിസിസിഐ നല്‍കണമെന്ന് ആര്‍ബിട്രേഷന്‍ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. വിധിക്കെതിരെ ബിസിസിഐ ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉത്തരവ് സ്റ്റേ നല്‍കിയിരുന്നു. ഇതിനെതിരെയാണ് കൊച്ചി ടസ്‌കേഴ്‌സ് ഉടമകള്‍ സുപ്രിംകോടതിയെ സമീപിച്ചത്.

അന്ന് ബിസിസിഐ പ്രസിഡന്റായിരുന്ന ശശാങ്ക് മനോഹറാണ് കൊച്ചി ടീമിനെ പുറത്താക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ ഭൂരിപക്ഷം ബിസിസിഐ അംഗങ്ങള്‍ക്കും ഇതിനോട് എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ന്നും ബിസിസിഐ ഭരണാധികാരികളുടെ പിടിപ്പുകേടാണ് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള വിധിയിലേക്ക് കാരണമായതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. കേസ് നല്‍കുമ്പോള്‍ 300 കോടിയായിരുന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നതെന്നും പ്രകോപനപരമായ സമീപനം സ്വീകരിച്ചതോടെ നഷ്ടപരിഹാരത്തുക ഇരട്ടിയാവുകയായിരുന്നു എന്ന് നേരത്തെ ഒരു ബിസിസിഐ അംഗം ആരോപിച്ചിരുന്നു.