Sunday
18 Feb 2018

ഉഷാശ്രീവാസ്തവ എന്ന സഖാവ്

By: Web Desk | Friday 9 February 2018 10:12 PM IST

ബിനോയ് വിശ്വം

ഓര്‍ക്കാപ്പുറത്ത് പ്രിയപ്പെട്ട ഒരാള്‍ കൂടി ജീവിതത്തില്‍ നിന്ന് യാത്രയായി ഡോ. ഉഷാ ശ്രീവാസ്തവ. ജനങ്ങള്‍ക്കൊപ്പം കൂറോടെ നിലകൊള്ളാനാണ് തന്റെ വൈദ്യ വിദ്യാഭ്യാസമെന്ന് വിശ്വസിച്ച ഡോക്ടറായിരുന്നു അവര്‍. അതുകൊണ്ടുതന്നെ ഒരുതരം ആര്‍ത്തിയുടേയും പുറകെപോകാത്ത ജനകീയ ഡോക്ടറായി അവര്‍ ജീവിച്ചു. ആകാവുന്നതുപോലെയെല്ലാം ഉഷാ ശ്രീവാസ്തവ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അതിന്റെ അംഗീകാരം കണക്കെയാണ് പറ്റ്‌നയില്‍ ചേര്‍ന്ന 21-ാം കോണ്‍ഗ്രസ് അവരെ ദേശീയ കൗണ്‍സിലിലെ ക്ഷണിതാവാക്കിയത്. സ്ഥാനമാനങ്ങളും പദവികളും ഉഷയ്ക്ക് വലുതായിരുന്നില്ല. പദവികള്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഡോ.ഉഷാ ശ്രീവാസ്തവ പ്രസ്ഥാനത്തിന്റെ വീറുറ്റ പടയാളിയായിരുന്നു. ആ സഖാവിന്റെ വേര്‍പാട് പരിചയമുള്ളവരിലെല്ലാം അതുകൊണ്ട് തന്നെ കനത്ത നഷ്ടബോധം ഉളവാക്കും.
പല പ്രകാരത്തിലും പ്രക്ഷുബ്ധമായിരുന്ന എഴുപതുകളിലെ വിദ്യാഭ്യാസ രാഷ്ടീയ സംഭവവികാസങ്ങളുടെ അലകളിലൂടെയാണ് ഉഷാ ശ്രീവാസ്തവ എഐഎസ്എഫിന്റെ സജീവ പ്രവര്‍ത്തകയായത്. അവരുടെ അച്ഛന്‍ എച്ച് കെ വ്യാസ് സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവുമായിരുന്നു. രാജസ്ഥാനിലെ പുരോഗമന പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ നിന്നും മാഞ്ഞുപോകാത്ത പേരാണ് അദ്ദേഹത്തിന്റേത്. സൈദ്ധാന്തികവും സാഹിത്യ സംബന്ധിയുമായ കാര്യങ്ങളില്‍ പണ്ഡിതനായ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഹിന്ദി ദിനപത്രമായിരുന്ന ജന്‍യുഗിന്റെ പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അച്ഛന്‍ നടന്ന വിപ്ലവ വഴികളില്‍ ആകൃഷ്ടയായി തന്നെയാണ് ഉഷ എഐഎസ്എഫിന്റെ സജീവ പ്രവര്‍ത്തകയായത്. ചുരുങ്ങിയ സമയംകൊണ്ട് സൗമ്യശീലമായ ആ വിദ്യാര്‍ത്ഥി ഡല്‍ഹി കോളജുകളില്‍ ആകെ അറിയപ്പെടുന്ന വിദ്യാര്‍ത്ഥി പ്രവര്‍ത്തകയായി മാറി. എത്ര പ്രകോപനം നിറഞ്ഞ വാദ പ്രതിവാദങ്ങളിലും ശാന്തത കൈവിടാതെ തന്റെ വാദമുഖങ്ങള്‍ സ്ഥാപിക്കാനുള്ള കഴിവാണ് അന്ന് ഉഷാ വ്യാസിനെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയങ്കരിയാക്കി തീര്‍ത്തത്.
ആ കാലഘട്ടം ഞങ്ങളില്‍ പലര്‍ക്കും മറക്കാന്‍ കഴിയാത്തതാണ്. പ്രസ്ഥാനത്തിലെ ഭിന്നിപ്പിനു ശേഷം എഐഎസ്എഫ് രാജ്യവ്യാപകമായി പടര്‍ന്നു പന്തലിക്കുക ആയിരുന്നു. എന്നെ പോലെയുള്ളവര്‍ കേരളത്തിനു പുറത്തേക്ക് ചുവടു വയ്ക്കുന്നത് അക്കാലത്താണ്. ശംഭു ശരണ്‍ ശ്രീവാസ്തവയും അസീസ് പാഷയും അതുല്‍ കുമാര്‍ അഞ്ജാനും അമര്‍ജിത് കൗറും ശ്രീനിവാസലു നായ്ഡുവും കെ ജെ ഫ്രാന്‍സിസും എല്ലാം അടങ്ങുന്ന പ്രസരിപ്പാര്‍ന്ന ആ ടീമിലേക്ക് ഞാനും എത്തിപ്പെടുക ആയിരുന്നു. ഞങ്ങളുടെ സംഘത്തിലെ സ്‌നേഹ സാന്ദ്രമായ സാമീപ്യമായിരുന്നു ഉഷ. ബാല്യം മുതലേ ആസ്തമ ഉഷയുടെ കൂടെ തന്നെ ഉണ്ടായിരുന്നു. മീറ്റിംഗുകളിലും ചര്‍ച്ചകളിലുമെല്ലാം അതിന്റെ വലിവുമായാണ് ഉഷ പങ്കെടുത്തത്. ഒന്നു രണ്ടു ദിവസമെങ്കിലും അജയ് ഭവനിലെ മുറികളില്‍ കട്ടിലില്‍ തലയിണകള്‍ മേല്ക്കുമേല്‍ വച്ച് ഉഷ ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ ആണും പെണ്ണുമായ ഞങ്ങളില്‍ ചിലര്‍ അവര്‍ക്ക് കൂട്ടിരുന്ന ഒന്നു രണ്ടു സന്ദര്‍ഭങ്ങളും ഓര്‍മയിലുണ്ട്. അസുഖം കുറഞ്ഞാല്‍ പ്രസരിപ്പോടെ ഉഷ വീണ്ടും സജീവമാകും.
ബിഎസ്‌സി പഠനം മികച്ച നിലയില്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഉഷ ചേര്‍ന്നത് വൈദ്യശാസ്ത്രം പഠിക്കാനാണ്. എഐഎസ്എഫിന്റെ ആഭിമുഖ്യത്തില്‍ ഓള്‍ ഇന്ത്യ മെഡിക്കോസ് ഫെഡറേഷന്‍ രൂപം കൊള്ളുന്നത് അക്കാലത്താണ്. ലുധിയാന മെഡിക്കല്‍ കോളജിലെ അരുണ്‍ മിത്രയും ഡല്‍ഹിയിലെ ഉഷാ വ്യാസുമായിരുന്നു അതിന്റെ നേതാക്കള്‍. പറ്റ്‌ന മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിയും എഐഎസ്എഫ് പ്രസിഡന്റുമായിരുന്ന ശംഭുശരണ്‍ ശ്രീവാസ്തവയ്ക്കായിരുന്നു മെഡിക്കോസ് ഫെഡറേഷന്റെ സംഘടനാ ചുമതല. ആ സൗഹൃദം വളര്‍ന്നു ഉഷയും ശംഭുവും പ്രണയബദ്ധരായി. ഏറെ വൈകാതെ വിവാഹിതരായതോടെ ഉഷ വ്യാസ് ഉഷാ ശ്രീവാസ്തവയായി മാറി. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ആ ദമ്പതിമാര്‍ കൂടുതല്‍ സജീവമാവുകയായിരുന്നു.
കാലം മാറുകയായിരുന്നു. രാഷ്ട്രീയത്തിലൊരുപാട് ഉയര്‍ച്ച താഴ്ച്ചകളുണ്ടായി. ബിഹാറിലെ ഏതോ സംഘടനാ പ്രശ്‌നങ്ങളുടെ പേരില്‍ ശംഭു ഒരു നാള്‍ പാര്‍ട്ടി വിട്ടു. ബിഹാര്‍ രാഷ്ട്രീയത്തിലെ നിതീഷ് കുമാറിന്റെ ഉദയകാലമായിരുന്നു അത്. ജോര്‍ജ് ഫെര്‍ണാണ്ടസിനോടൊപ്പം സമതാ പാര്‍ട്ടി രൂപീകരിച്ചു കൊണ്ട് രാഷ്ട്രീയ പരീക്ഷണത്തിന് ഇറങ്ങിയ നിതീഷ് തന്റെ ദീര്‍ഘകാല സുഹൃത്തായ ശംഭു ശരണ്‍ ശ്രീവാസ്തവയെ പുതിയ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പരിശീലനം കിട്ടിയ ഒരാളെ കൂട്ടിനു ചേര്‍ക്കുക ആയിരുന്നു നിതീഷിന്റെ ലക്ഷ്യം. ശംഭു ആ ക്ഷണം സ്വീകരിക്കുമെന്ന് ഉഷയേപ്പോലെ തന്നെ ഞങ്ങളാരും കരുതിയില്ല. പക്ഷേ മറിച്ചാണ് സംഭവിച്ചത്. ശംഭു സമതാ പാര്‍ട്ടിയുടേയും തുടര്‍ന്ന് ജനതാദള്‍ (യു) വിന്റെയും നേതാക്കളിലൊരായി മാറി. ഒരേ വീട്ടില്‍ താമസിച്ചുകൊണ്ട് അവര്‍ രണ്ടു പാര്‍ട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു. വ്യക്തിപരമായി ഉഷ ഏറ്റവും മാനസിക സംഘര്‍ഷം അനുഭവിച്ച കാലമായിരുന്നു അത്. വര്‍ഷങ്ങള്‍ക്കു ശേഷം ഉഷയുടെ സ്‌നേഹമസൃണമായ സ്വാധീനം കൊണ്ടു കൂടിയാവാം ശംഭു കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് മടങ്ങിവന്നു. നിതീഷ് കുമാറിനോടും ജെഡി(യു) വിനോടും വിട പറഞ്ഞ് ശംഭു അജയ് ഭവനിലെത്തി, പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ തന്നെ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ആ ദിനങ്ങളിള്‍ ഉഷയിലെ കമ്യൂണിസ്റ്റുകാരി വ്യക്തിപരമായും രാഷ്ടീയമായും എത്രമേല്‍ സന്തോഷിച്ചുവെന്ന് പറഞ്ഞറിയിക്കുക പ്രയാസം. ഇടയ്ക്കിടെ അവരൊന്നിച്ച് അജയ് ഭവനില്‍ വന്നപ്പോളെല്ലാം ഞങ്ങള്‍ പഴയ എഐഎസ്എഫ് കാലം അയവിറക്കി. ഞങ്ങളുടെ സംഭാഷണങ്ങളില്‍ ചന്ദ്രപ്പന്‍ പലവട്ടം കടന്നുവന്നു. മക്കളെ പറ്റിയും അവരുടെ വിദ്യാഭ്യാസത്തെ പറ്റിയും പരസ്പരം ചോദിച്ചറിഞ്ഞു. പ്രസ്ഥാനത്തിന്റെ ശക്തി ദൗര്‍ബല്യങ്ങളെപറ്റി പ്രതീക്ഷകളും വ്യഥകളും പങ്കിട്ടു. വീട്ടിലേക്കു വരണമെന്നുള്ള നിര്‍ബന്ധത്തോടെ ആയിരുന്നു അവര്‍ എന്നും പിരിഞ്ഞത്. വരാമെന്നായിരുന്നു എപ്പോഴും എന്റെ മറുപടി. ഇത്ര വേഗം ഉഷ ജീവിതത്തില്‍ നിന്നു പോകുമെന്ന് ഓര്‍ത്തിരുന്നില്ല. ഇനിയിപ്പോള്‍ ഞാന്‍ പോകേണ്ടത് ഉഷ ഇല്ലാത്ത വീട്ടിലേക്കായിരിക്കും. കണ്ടിട്ടില്ലെങ്കിലും ഉഷയുടെ മകനും മകള്‍ക്കും ഞങ്ങളെയെല്ലാം നല്ല പരിചയമാണ് അമ്മയുടെ അടുത്ത സഖാക്കള്‍ എന്ന നിലയില്‍. സഖാക്കള്‍ എന്നാല്‍ കളങ്കമില്ലാത്ത സ്‌നേഹത്തിന്റെ കൂട്ടുകാര്‍ എന്നാണ് അര്‍ത്ഥമെന്ന് ആ അമ്മ തന്റെ മക്കള്‍ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്. അത്തരം പാഠങ്ങളുടേയും നന്മനിറഞ്ഞ ആ അമ്മയുടെ ഓര്‍മകളുടേയും തണലില്‍ ആ മക്കള്‍ വളര്‍ന്നു നല്ല മനുഷ്യരാകട്ടെ!