Sunday
22 Oct 2017

കോംട്രസ്റ്റ്: സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തണം

By: Web Desk | Friday 13 October 2017 6:43 PM IST

കോഴിക്കോട്: കോംട്രസ്റ്റ് വീവിംഗ് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടികള്‍ വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് പടിക്കല്‍ തൊഴിലാളികള്‍ നടത്തുന്ന സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി സെന്‍ട്രല്‍ ലൈബ്രറിയ്ക്ക് സമീപം തൊഴിലാളികള്‍ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ എ ഐ ടി യു സി ജില്ലാ സെക്രട്ടറി കെ ജി പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ഇ സി സതീശന്‍ സ്വാഗതം പറഞ്ഞു. കെ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. കെ സി രാമചന്ദ്രന്‍, എം മുഹമ്മദ് ബഷീര്‍, പി ശിവപ്രകാശ്, എം കെ രജീന്ദ്രന്‍, സി മണി എന്നിവര്‍ സംസാരിച്ചു. പി സജീവ് നന്ദി പറഞ്ഞു.
2009 ഫെബ്രുവരി ഒന്ന് മുതല്‍ അടച്ചുപൂട്ടിയ കോമണ്‍വെല്‍ത്ത് ഹാന്റ്‌ലൂം വീവിംഗ് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കണെമെന്നാവശ്യപ്പെട്ട് തൊഴിലാളികളും പൊതുസമൂഹവും നിരന്തരം നടത്തിവന്ന സമരത്തെ തുടര്‍ന്ന് 2010 ല്‍ സര്‍ക്കാര്‍ സ്ഥാപനം ഏറ്റെടുക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരികയും 2012 ല്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിച്ച് ഐക്യകണ്‌ഠേന പാസാക്കി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയും ചെയ്തിരുന്നു. 1844ല്‍ സ്ഥാപിതമായ സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് 2014 ല്‍ കേന്ദ്ര കേരള പുരാവസ്തു വകുപ്പുകളും സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് നല്‍കി. 2017 മാര്‍ച്ച് 31 ന് കോഴിക്കോട് വ്യവസായ െ്രെടബ്യൂണല്‍ കമ്പനി തുറന്ന് പ്രവര്‍ത്തിപ്പിച്ച് തൊഴിലാളികള്‍ക്ക് അടച്ചിട്ട കാലത്തെ വേതനം ഉള്‍പ്പെടെ മുഴുവന്‍ ആനുകൂല്യങ്ങലും പുനസ്ഥാപിക്കുന്നതിനും ഉത്തരവ് വന്നു. എന്നാല്‍ ഈ വിധി വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല ഉപവാസ സമരം ഉള്‍പ്പെടെയുള്ള സമരങ്ങള്‍ക്ക് തയ്യാറെടുക്കുന്നത്. ഇതിന്റെ സൂചനയായി 19 മുതല്‍ 25 വരെ സെക്രട്ടറിയേറ്റ് പടിക്കല്‍ ഏഴ് ദിവസം സത്യാഗ്രഹ സമരവും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Related News