Wednesday
19 Dec 2018

ശബരിമല; ബിജെപിയും കോണ്‍ഗ്രസും നടപ്പിലാക്കുന്നത് അവസരവാദ രാഷ്ട്രീയം: കെ പ്രകാശ് ബാബു

By: Web Desk | Friday 7 December 2018 9:57 PM IST

കോമ്പയാറ്റില്‍ സിപിഐയുടെ നേതൃത്വത്തില്‍ നടന്ന കുടുംബ സദസ്സ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു

നെടുങ്കണ്ടം: ശബരിമല വിഷയത്തില്‍ പേരില്‍ രാഷ്ട്രീയ ലാഭക്കൊതിയോടെ ബിജെപിയും കോണ്‍ഗ്രസ്സും പുറത്തെടുക്കുന്നത് അവസരവാദ രാഷ്ട്രീയമാണെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു. കേരളത്തില്‍ ഏതു വിധേനയും അടിത്തറയുണ്ടാക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെയാണ് ബിജെപി പ്രവര്‍ത്തിച്ച് വരുന്നത്. ശബരിമലയില്‍ സ്ത്രീ പ്രവേശന വിധിയെ ആദ്യം സ്വാഗതം ചെയ്ത ബിജെപി, കോണ്‍ഗ്രസ് സംഘടനകള്‍ പിന്നീട് നിലപാട് മാറ്റിയത് ഈ രാഷ്ട്രീയ ലാഭത്തിന്റെ പങ്കുപറ്റാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ കോമ്പയാര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ്എന്‍ഡിപി ഹാളില്‍ നടന്ന കുടുംബസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വിവിധ മഹിള സംഘടനകളുടെ നേത്യത്വത്തില്‍ നിരവധി സമരങ്ങള്‍ കേരളത്തില്‍ നടത്തിയിട്ടുണ്ടെങ്കിലും ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നാ വശ്യപ്പെട്ട് ഇതുവരെ ഒരു ഇടത് സംഘടനയും സമരവുമായി മുന്നോട്ട് വന്നിട്ടില്ല. അതിനാല്‍ തന്നെ യുവതി പ്രവേശനം എന്നത് ഇടത് സംഘടനകളുടെ അജണ്ട അല്ല. ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധി നടപ്പിലാക്കുക എന്നത് മാത്രമാണ് കേരളത്തിലെ ഇടത് സര്‍ക്കാര്‍ ചെയ്ത് വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അയോദ്ധ്യയിലെ രാമക്ഷേത്രം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബിജെപി, ആര്‍എസ്എസ് സഖ്യം മറ്റ് സംസ്ഥാനങ്ങളില്‍ നടത്തുന്ന നിരവധി കലാപങ്ങള്‍ പോലെ ശബരിമലയുടെ പേരിലും ഭിന്നിപ്പ് സൃഷ്ടിച്ച് കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നൂറ്റാണ്ടുകളായി സ്ത്രി പ്രവേശനം നടത്താതിരുന്ന ശനിക്ഷംസിപൂര്‍ ക്ഷേത്രത്തില്‍ സ്ത്രി പ്രവേശനം നടത്തണമെന്ന സുപ്രിംകോടതി വിധിയെ മഹാരാഷ്ട്ര ബിജെപി-ശിവസേന ഗവണ്‍മെന്റ് സ്വാഗതം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

മണ്ഡലകാലം, മകരവിളക്ക്, വിഷു എന്നി കാലങ്ങളില്ലാതെ മറ്റെല്ലാ സമയങ്ങളിലും ശബരിമലയില്‍ സ്ത്രികള്‍ പ്രവേശിച്ചിരുന്നതായി കേരളാ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുമ്പില്‍ തിരുവിതാംകൂര്‍ ദേവസം ബോര്‍ഡ് മുന്‍ കമ്മിഷണര്‍ ചന്ദ്രിക അറിയിച്ചിരുന്നു. പിന്നീട് 1991-മുതലാണ് ശബരിമലയില്‍ 10നും 50നും ഇടയിലുള്ള സ്ത്രികളുടെ പ്രവേശനം കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ത്തലാക്കിയത്. അതിന് ശേഷം വന്ന ഇടത് സര്‍ക്കാര്‍ കേരള ഹൈക്കോടതിയുടെ വിധിയാണ് സുപ്രിംകോടതി വിധി വരുന്നത് വരെ നടപ്പിലാക്കി വന്നിട്ടുള്ളത്. ഇപ്പോള്‍ സുപ്രിംകോടതി വിധിയെ തെറ്റിധരിപ്പിച്ച് ജനങ്ങളെ കേരളത്തില്‍ വോട്ടു നേടുന്നതിനായി ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന അവസരവാദ രാഷ്ട്രിയത്തെ ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐ ഉടുമ്പന്‍ചോല മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എസ് മനോജ് അദ്ധ്യക്ഷത വഹിച്ചു.

Related News