Friday
21 Sep 2018

കേരള കോണ്‍ഗ്രസിന് മുന്നില്‍ കോണ്‍ഗ്രസ് നാണംകെട്ട് കീഴടങ്ങി

By: Web Desk | Thursday 7 June 2018 10:53 PM IST

  • രാജ്യസഭാ സീറ്റ് മാണിക്ക്
ജയ്‌സണ്‍ ജോസഫ്

കോട്ടയം: ഒന്നര വര്‍ഷമായി കയ്യാലപ്പുറത്തിരുന്ന് കെ എം മാണി നടത്തിയ വിലപേശലിന് മുന്നില്‍ കോണ്‍ഗ്രസ് കീഴടങ്ങി. കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥതയില്‍ പാലാ കരിങ്ങോഴയ്ക്കല്‍ വസതിയില്‍ 15നാള്‍ മുമ്പു നടന്ന യോഗത്തിലെ പാക്കേജിന് അനുസൃതമായി കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് മാണിക്കു മുന്നില്‍ കോണ്‍ഗ്രസ് അടിയറവ് വെച്ചു.

കഴിഞ്ഞ മാസം 21ന് കെ എം മാണിയെ പാലായിലെ വസതിയിലെത്തി കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസന്‍, ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി എന്നിവര്‍ ചര്‍ച്ച നടത്തിയപ്പോള്‍ മുന്നോട്ട് വച്ച ഉപാധികള്‍ ഇങ്ങനെയായിരുന്നു. നിലവില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന കോട്ടയം സീറ്റിന് പുറമെ മറ്റൊരു സീറ്റുകൂടി നല്‍കുക. കേരള കോണ്‍ഗ്രസിന് താല്‍പര്യം ഇടുക്കി പാര്‍ലമെന്റ് സീറ്റാണ്.

കോട്ടയം ഡിസിസി ഉള്‍പ്പെടെ പാലം വലിക്കുമെന്ന ഭീതിയില്‍ മകന്‍ ജോസ് കെ മാണിക്ക് കോട്ടയം മണ്ഡലം സുരക്ഷിതമല്ല. സുരക്ഷിതമായ മറ്റൊരു സീറ്റ് നല്‍കണം. താല്‍പര്യം വയനാട് ലോക്‌സഭാ മണ്ഡലമാണ്. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കണമെന്ന് അന്ന് കുഞ്ഞാലിക്കുട്ടിയും നിര്‍ദ്ദേശിച്ചു. ജോസ് കെ മാണി അതേറ്റുപറയുകയും ചെയ്തു. കേരള കോണ്‍ഗ്രസ്സിന്റെ പാക്കേജുകളില്‍ ലീഗിന് ഏറ്റവും സുരക്ഷിതമായ ഉപാധിയായിരുന്നു രാജ്യസഭാ സീറ്റ് കെഎം മാണിക്ക് നല്‍കുക എന്നത്. വയനാട് സീറ്റ് കേരള കോണ്‍ഗ്രസിന് കൈമാറുമ്പോള്‍ ഉണ്ടാകുന്ന സ്ഥാനാര്‍ഥിയുടെ സാമുദായിക മാറ്റം ലീഗിനുള്ളിലേയും ലീഗിനോട് ചേര്‍ന്നു നില്‍ക്കുന്നതുമായ തീവ്രമതവാദികളെ ചൊടിപ്പിക്കും. ഇത് വയനാടിനോട് ചേര്‍ന്നുള്ള ലീഗിന്റെ ലോക്‌സഭാ മണ്ഡലങ്ങളായ പൊന്നാനി, മലപ്പുറം തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയായേക്കുമെന്ന ഭയവും ലീഗിനുണ്ടായി. കൂട്ടത്തോടെ ഇടതുപക്ഷത്തേക്ക് ന്യൂനപക്ഷ സമുദായങ്ങള്‍ വന്നുചേരുന്നതും ലീഗിനെ വിറളിപിടിപ്പിക്കുന്നു.

എല്ലാം ചേര്‍ത്തപ്പോള്‍ മാണി പറയുംമുമ്പേ കെ എം മാണിക്ക് വേണ്ടി ലീഗ് രാജ്യസഭാ സീറ്റ് ചോദിച്ചു, ഒടുവില്‍ പിടിച്ചുവാങ്ങി നല്‍കി. രാഷ്ട്രീയ സമവാക്യങ്ങള്‍ അതിവേഗം മാറുന്ന സാഹചര്യത്തില്‍ ലോക്‌സഭാ സീറ്റിലേക്ക് മത്സരിക്കേണ്ടി വന്നാല്‍ ഉമ്മന്‍ ചാണ്ടിക്ക് മാണിയോട് കോട്ടയം മണ്ഡലം ചോദിക്കാനും നിലവിലെ രാജ്യസഭാ സീറ്റ് കൈമാറ്റം വഴിയൊരുക്കും.
മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രത്യേകിച്ച് കോട്ടയത്ത് കോണ്‍ഗ്രസില്‍ വലിയ കലാപമാണ് ഉയര്‍ന്നിരിക്കുന്നത്. കെ എം മാണിയുടെ പാര്‍ട്ടിക്കുള്ളിലും സ്ഥാനമോഹികള്‍ ഏറെയാണ്. ഒടുവില്‍ കെഎം മാണി തന്നെ രാജ്യസഭയിലേക്ക് മത്സരിക്കുമെന്നാണ് പാലായിലെ വാര്‍ത്ത.

എന്തിനായിരുന്നു മാണി യുഡിഎഫ് വിട്ടത്, കോണ്‍ഗ്രസിനെ തെറിപറഞ്ഞ് നടന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വിലപേശലിന് മാത്രമായിരുന്നു എന്ന ഉത്തരവും ഇതോടെ ലഭ്യമാകുന്നു.

Related News