Friday
21 Sep 2018

മേഘാലയയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി

By: Web Desk | Thursday 31 May 2018 10:33 PM IST

ഷില്ലോംഗ്: ഉപതെരഞ്ഞെടുപ്പ് നടന്ന അംപാതി നിയമസഭാ മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി മുകുള്‍ സാംഗ്മയുടെ മകള്‍ മിയാനി ഡി ഷിര വിജയിച്ചതോടെ മേഘാലയയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഇതോടെ അവിടെ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചേക്കും. കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതു പോലെ തങ്ങളേയും ക്ഷണിക്കണമെന്നാകും കോണ്‍ഗ്രസ് ഗവര്‍ണറോട് ആവശ്യപ്പെടുക. ബിജെപിയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും (എന്‍പിപി) ചേര്‍ന്നുള്ള സഖ്യമാണ് ഇപ്പോള്‍ മേഘാലയ ഭരിക്കുന്നത്. 60 അംഗ സഭയില്‍ 21 സീറ്റാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളത്.
രണ്ട് സീറ്റില്‍ ജയിച്ച മുകുള്‍ സാംഗ്മ അംപാതി സീറ്റ് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് അവിടെ തെരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പില്‍ എന്‍പിപിയുടെ സി ജി മോമിനെതിരെ 3191 വോട്ടിനാണ് മിയാനി വിജയിച്ചത്. മുകുള്‍ സാംഗ്മയുടെ സീറ്റ് അടക്കം നേരത്തെ 21 സീറ്റ് കോണ്‍ഗ്രസിനുണ്ടായിരുന്നു. എന്നാല്‍ സാംഗ്മ ഒഴിഞ്ഞതോടെ അത് 20 ആയി കുറഞ്ഞു. കേവലഭൂരിപക്ഷത്തിന് വേണ്ട 31 സീറ്റ് തികയാതെ വന്നതോടെ ബിജെപി പിന്തുണയോടെ എന്‍പിപി സര്‍ക്കാരുണ്ടാക്കുകയായിരുന്നു.

Related News