Friday
21 Sep 2018

ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും ചിത്രങ്ങള്‍ ശവപ്പെട്ടിയില്‍: പ്രതിഷേധം ആളിക്കത്തുന്നു

By: Web Desk | Saturday 9 June 2018 10:53 AM IST

കൊച്ചി:

എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയുടേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും ചിത്രം ശവപ്പെട്ടിയിലാക്കി റീത്ത് വെച്ച് പ്രതിഷേധം. കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ പ്രതിഷേധം. ഇന്നലെ രാത്രിയാണ് ശവപ്പെട്ടിയും ബോര്‍ഡുകളും സ്ഥാപിച്ചത്.

കെഎം മാണി രാജ്യസഭാ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ഇത്തരമൊരു പ്രതിഷേധം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിമാനത്തേക്കാള്‍ നിങ്ങള്‍ വില നല്‍കിയത് മാണിയുടെ വീട്ടിലെ കമ്മട്ടത്തിനോ?, പ്രവര്‍ത്തകര്‍ രക്തസാക്ഷികള്‍,  ഞങ്ങള്‍ പ്രവര്‍ത്തകരുടെ മനസില്‍ നിങ്ങള്‍ മരിച്ചു, പ്രസ്ഥാനത്തെ വിറ്റിട്ട് നിങ്ങള്‍ക്ക് എന്ത് കിട്ടി, ഉമ്മന്‍ ചാണ്ടി, ചെന്നിത്തല കോണ്‍ഗ്രസ് പാര്‍ട്ടിയിലെ യൂദാസുമാര്‍ എന്നീ പോസ്റ്ററുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഈ പോസ്റ്ററുകള്‍ സ്ഥാപിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല.

കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അന്നു തന്നെ യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും രംഗത്തു വന്നിരുന്നു. വെള്ളിയാഴ്ച രാത്രി പാലായില്‍ നേതാക്കള്‍ക്കെതിരെ കടുത്ത മുദ്രാവാക്യങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചിരുന്നു.

Related News