Thursday
24 May 2018

ഭരണഘടനാ സ്ഥാപനങ്ങള്‍ ഉത്തരവാദിത്തം മറന്നാല്‍ ഫാസിസം കീഴടക്കും: പന്ന്യന്‍

By: Web Desk | Tuesday 13 March 2018 11:05 PM IST

കോട്ടയം: നീതിന്യായ സംവിധാനങ്ങളും മാധ്യമങ്ങളുമുള്‍പ്പെടെയുള്ള ഭരണഘടനയുടെ നാലുതൂണുകള്‍ അതിന്റെ ശരിയായ പ്രവര്‍ത്തനവും കര്‍മ്മവും നിറവേറ്റിയില്ലെങ്കില്‍ സ്വേച്ഛാധിപത്യവും ഫാസിസവും രാജ്യത്തെ കീഴടക്കുമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍.
സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ജില്ലയില്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി പൊന്‍കുന്നം വര്‍ക്കി സ്മാരക ഹാളില്‍ ‘മാധ്യമലോകവും പൊതുസമൂഹവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍.
മാധ്യമങ്ങള്‍ തങ്ങള്‍ പറയുന്നത് മാത്രം പ്രസിദ്ധീകരിക്കാന്‍ ബാധ്യസ്ഥരായവര്‍ എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്നത്. ബിജെപിക്ക് എതിര്‍വാ ഇല്ല എന്നവര്‍ കരുതുന്നു.നീതിന്യായ വ്യവസ്ഥയെ വളച്ചാല്‍ വളയുന്നിടത്ത് എത്തിക്കാന്‍ പരിശ്രമിക്കുന്നു. ഈ സാഹചര്യത്തില്‍ ഫാസിസ്റ്റ് ഭരണത്തിനെതിരെയുള്ള ജനാധിപത്യ പുരോഗമന വിഭാഗങ്ങളുടെ പോരാട്ടങ്ങള്‍ക്കൊപ്പം ഒത്തുചേരുകയും മുഖ്യപങ്കുവഹിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തില്‍ മാധ്യമങ്ങള്‍ പൊതുസമൂഹത്തോടു പുലര്‍ത്തുന്ന പ്രതിബദ്ധതക്കു കാരണം സംസ്ഥാനത്ത് ഇടതുപക്ഷം നടത്തിയ മണ്ണൊരുക്കമാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ തോമസ് ജേക്കബ് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വികാസത്തിലും പൊതുബോധത്തിലും മാധ്യമങ്ങളുടെ പങ്ക് തിരിച്ചറിയുന്നതില്‍ കേരളം പരാജയപ്പെട്ടുവെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഗൗരീ ദാസന്‍ നായര്‍ ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ സാമൂഹ്യക്രമത്തില്‍ വലിയമാറ്റത്തിനും പുരോഗമന ആശയങ്ങള്‍ വഴിതിരിച്ചുവിടാനുമുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്ന് സെമിനാറില്‍ സംസാരിച്ച സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി കെ കൃഷ്ണന്‍ പറഞ്ഞു.
സാമൂഹ്യമാധ്യമങ്ങള്‍ സമുഹത്തില്‍ അഭിപ്രായ രൂപീകരണത്തില്‍ ചെലുത്തുന്ന വലിയ സ്വാധീനവും അതിലുണ്ടാകുന്ന ബാഹ്യ ഇടപെടലുകളും സെമിനാറില്‍ മോഡറേറ്ററായിരുന്നു ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ് ചൂണ്ടിക്കാട്ടി. പ്രതിച്ഛായ ഉയര്‍ത്തുന്നതിന് പണം നല്‍കി ഇത്തരം മാധ്യമങ്ങളെ പ്രധാനമന്ത്രി മോഡി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ ഉപയോഗിക്കുന്നു. വാര്‍ത്തയുടെ ലക്ഷ്യവും പ്രയോജനവും തിരിച്ചറിയുന്നതിലും മാനുഷിക തലം ബോധ്യപ്പെടുന്നതിലും മാധ്യമ പ്രവര്‍ത്തകര്‍ ജാഗരൂകരാകണം. ദളിതരും ആദിവാസികളും അടങ്ങുന്ന സമൂഹത്തിന്റെ പ്രാതിനിധ്യം മാധ്യമരംഗത്ത് സജീവമാകണമെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ. വി ബി ബിനു പ്രസംഗിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ സ്വാഗതം പറഞ്ഞു.

Related News